തിരുവനന്തപുരം: കണ്ടക്ടർമാരുടെ ക്ഷാമം കെഎസ്ആർടിസിയെ വലയ്ക്കുന്നു. ഇതുമൂലം ബുധനാഴ്‌ച്ച 1093 സർവീസുകളാണ് മുടങ്ങിയത്. ഇതോടെ യാത്രക്കാരും ദുരിത കയത്തിലായിരിക്കുകയാണ്. തിരുവനന്തപുരം മേഖലയിൽ 329, എറണാകുളത്ത് 562, കോഴിക്കോട് 202 ഉൾപ്പെടെ ആകെ 1093 സർവീസുകളാണ് മുടങ്ങിയത്. സ്ഥിരം ജീവനക്കാരെ പുനഃക്രമീകരിച്ച് വിന്യസിച്ചെങ്കിലും സർവീസ് മുടക്കം തടയാനായിട്ടില്ല.

അതേ സമയം അഡൈ്വസ് മെമോ ലഭിച്ചവരെല്ലാം ജോലിയിൽ പ്രവേശിക്കുന്നതിനായി വ്യാഴാഴ്ച ചീഫ് ഓഫീസിൽ എത്തണമെന്നാണ് കെഎസ്ആർടിസി നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഇത്.

എന്നാൽ വ്യാഴാഴ്ച ഹാജരാകുന്നതിനു സാവകാശം തേടി ഏതാനും പേർ മാനേജ്‌മെന്റിനെ സമീപിച്ചിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രേഖാമൂലം കത്തു നൽകിയിരിക്കുന്നത്. എത്ര പേരാണ് സാവകാശം ആവശ്യപ്പെട്ടിരിക്കുന്നതെന്നു വ്യക്തമല്ല.

സ്ഥിരനിയമനം നൽകാനാവില്ലെന്ന തച്ചങ്കരിയുടെ പ്രസ്താവന തിരുത്തി ഗതാഗത മന്ത്രി

പുതിയതായി നിയമിക്കുന്ന കണ്ടക്ടർമാർക്ക് സ്ഥിരനിയമനം നൽകാനാകില്ലെന്ന കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരിയുടെ പ്രസ്താവന തിരുത്തി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. പുതിയ കണ്ടക്ടർമാർക്ക് എല്ലാ ആനുകൂല്യവും ലഭിക്കും. പുതുതായി നിയമിക്കപ്പെടുന്നവർക്ക് പി.എസ്.സി പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. എംഡിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പി.എസ്.സി വഴി നിയമിക്കുന്നവർക്ക് സ്ഥിരനിയമനം ഒരു വർഷം കഴിഞ്ഞു മാത്രമേ നൽകൂവന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരി നേരത്തേ വ്യക്തമാക്കിയിരുന്നു.

താൽകാലിക ജീവനക്കാരുടെ ശമ്പളം മാത്രം ഇപ്പോൾ നൽകൂവെന്നും തച്ചങ്കരി പറഞ്ഞു. കണ്ടക്ടർമാരുടെ കുറവു കാരണം ഇന്നും 337 സർവ്വീസുകൾ മുടങ്ങി. ജീവനക്കാർ അധിക ഡ്യൂട്ടി ചെയ്യാൻ തയാറായതോടെ പ്രതിസന്ധിക്ക് ഇന്നലത്തേതിൽ നിന്ന് അയവ് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 337 സർവീസുകളാണ് സംസ്ഥാനത്താകെ റദ്ദാക്കിയത്. കൂടുതൽ എറണാകുളം മേഖലയിലാണ് , 181 എണ്ണം . തിരുവനന്തപുരത്ത് 101 സർവീസുകളും കോഴിക്കോട് 55 സർവീസുകളും മുടങ്ങി. എന്നാൽ ഇതിനിടയിലും വരുമാനം നഷ്ടമുണ്ടായിട്ടില്ലെന്നാണ് കെ.എസ്.ആർ ടി.സിയുടെ വാദം .

ഇന്നലത്തെ കളക്ഷൻ 7 കോടി 42 ലക്ഷം രൂപയാണ്. സർവ്വീസ് വെട്ടിക്കുറച്ചതുമൂലം ഒരു ദിവസം 17 ലക്ഷം രൂപവരെ ഡീസൽ ഇനത്തിൽ ലാഭിച്ചുവെന്ന് ടോമിൻ തച്ചങ്കരി പറഞ്ഞു. സർവീസുകൾ ശാസ്ത്രീയമായി പരിഷ്‌ക്കരിച്ച് യാത്രക്കാരുടെ ക്ലേശം കുറച്ചിട്ടുണ്ട്. കണ്ടക്ടർമാരെ നിയമിച്ച് ഒരാഴ്ചയ്ക്കകം പ്രതിസന്ധി പരിഹരിക്കും. അവധിയിലുള്ള 800 ജീവനക്കാരോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി.

എന്നാൽ പുതിയതായി നിയമിക്കപ്പെടുന്നവർക്ക് പിഎസ്‌സി നിർദ്ദേശിച്ച ശമ്പളം നൽകാനാലില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. എംപാനലുകാരുടെ ശമ്പളമേ നൽകാനാവൂ എന്നും കാര്യക്ഷമതയില്ലാത്തവരെ പിരിച്ചുവിടുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിമാത്രമാവും സ്ഥിരനിയമനം