കോതമംഗലം: കോതമംഗലം പൊലീസ് സ്‌റ്റേഷനകത്ത് മദ്യപാനികളുടെ വിളയാട്ടം. രണ്ട് എസ് ഐമാരെയും പൊലീസുകാരനെയും ആക്രമിച്ചു. രണ്ടു മുൻസൈനികർ ഉൾപ്പെട്ട മൂന്നംഗ സംഘം അറസ്റ്റിൽ.

ഓട്ടോറിക്ഷയിലിരുന്ന് മദ്യപിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത മുൻസൈനികരുൾപ്പെടെയുള്ള മൂന്നംഗസംഘം പൊലീസ് നടപടിയിൽ പ്രകോപിതരായി പൊലീസ് സ്‌റ്റേഷനകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് എസ് ഐമാരെയും പൊലീസുകാരനെയും ആക്രമിക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.

ഡ്യൂട്ടിക്കിടയിൽ അസഭ്യവർഷവുമായി തന്നെയും സഹപ്രവർത്തകനായ എസ് ഐയെയും പൊലീസുകാരനെയും ആക്രമിച്ച രണ്ടു മുൻസൈനികർ ഉൾപ്പെട്ട മൂന്നംഗ സംഘത്തെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നെന്നാണ് എസ് എസ് എച്ച് ഒ ലൈജുമോൻ നൽകുന്ന വിവരം.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മുൻ സൈനികരായ പോത്താനിക്കാട് സജി മാത്യൂ (40), ഉദയത്ത് മോളേൽ നൈജു(42), തൊടുപുഴ കലയന്താനി കോട്ടൂർ വീട്ടിൽ സെയിന്റി മാത്യൂ( 32) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്തു. പകുതി കാലിയായ നിലയിൽ എം എച്ച് മദ്യക്കുപ്പിയും ഓട്ടോയിൽ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ആക്രമണത്തിൽ സ്റ്റേഷന്റെ ചുമതലയുള്ള എസ് ഐ ലൈജുമോന്റെ യൂണിഫോം കീറി. മുഖത്ത് മുറിവും ഉണ്ടായിട്ടുണ്ട്. എസ് ഐ ജോസിനും സി പി ഒ സലീമിനും പരിക്കേറ്റിട്ടുണ്ട്. ഇവർ മൂവരും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികത്സതേടി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

ഇന്നലെ രാത്രി പത്തുമണിയോടടുത്ത് ബസ്സ്റ്റാന്റ് പരിസരത്ത് ഏതാനും പേർ ഓട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിക്കുന്നതായി പെട്രോളിങ് നടത്തുകയായിരുന്ന എസ് ഐ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസ് സംഘം ഇവരോട് ഓട്ടോറിക്ഷയുമായി സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇവർ ഓട്ടോയിൽ സ്‌റ്റേഷന്റെ മുന്നിലെത്തി. ഓട്ടോയിൽ നിന്നിറങ്ങി കൂടെ വരണമെന്ന് പൊലീസ് സംഘം ആവശ്യപ്പെട്ടിട്ടും മുൻസൈനികർ വഴങ്ങിയില്ല.

എസ് ഐ ജോസ് സംഭവം സ്‌റ്റേഷനിലുണ്ടായിരുന്ന എസ് എച്ച് ഒ ലൈജുമോനെ വിവരം ധരിപ്പിച്ചു. തുടർന്ന് ലൈജു പാതവക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇരിക്കുകയായിരുന്ന ഇവരോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഈയവസരത്തിൽ തങ്ങൾ മുൻസൈനീകരാണെന്നും നടപടിയെടുത്താൽ വിവരമറിയുമെന്നും മറ്റും ഇവർ ഭീഷണി മുഴക്കി. തുടർന്ന് എസ് ഐ ഇവരുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. ഇരുവരും ഇത് നൽകി. ഇതുമായി ലൈജു സ്‌റ്റേഷനിലേക്ക് കയറിയപ്പോൾ ഇരുവരും പിന്നാലെയെത്തി.

സ്റ്റേഷനിൽ എത്തിയപാടെ ഇവർ തെറിവിളിച്ച് എസ് ഐയിൽ നിന്നും മൽപ്പിടുത്തത്തിലൂടെ തിരിച്ചറിയൽ കാർഡ് വാങ്ങാൻ ശ്രമിച്ചു. എസ് ഐ ജോസും ഒപ്പുമുണ്ടായിരുന്ന സി പി ഒ സലീമും ലൈജുവിന്റെ സഹായത്തിനെത്തി.പിന്നെ നടന്നത് ഉഗ്രൻ മൽപ്പിടുത്തം.സംഭവം കണ്ടുനിന്ന സ്റ്റേഷനിലെ മറ്റുപൊലീസുകാരും കൂടി പരിശ്രമിച്ചാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചു...തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.