കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തിൽ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന സഹായമെത്രാനെ പ്രതികൂട്ടിലാക്കുന്ന രേഖകളുമായി നിയമ പോരാട്ടത്തിന് വിശ്വാസികൾ രംഗത്ത്. രൂപതയുടെ ഭൂമി വിൽക്കുന്നതിനു തീരുമാനമെടുത്തതും, അഡ്വാൻസ് തുക വാങ്ങിയതും സഹായമെത്രാനായ സെബാസ്റ്റ്യൻ എടയന്ത്രത്താണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഭൂമിവിൽപ്പന വിവാദത്തിൽ പ്രധാന ആരോപണ വിധേയനായ പ്രൊക്യുറേറ്റർ ജോഷി പുതുവയെ ഇതിനായി നിയോഗിച്ചത് സെബാസ്റ്റ്യൻ എടയന്ത്രത്ത് ആണെന്നും രേഖകളിലുണ്ട്. എന്നാൽ എല്ലാം കർദിനാൾ മാർ ആലഞ്ചേരിയുടെ പുറത്ത് കെട്ടിവച്ച് വിമത നീക്കം നടത്തി സ്വയം ഹീറോ ചമയുകയാണ് എടയന്ത്രത്ത്. ആഴ്ചകൾക്ക് മുമ്പ് ഈ കള്ളക്കളി പൊളിക്കുന്ന രേഖകൾ മറുനാടൻ പുറത്തുവിട്ടിരുന്നു. സഹായമെത്രാനെതിരായ രേഖകൾ കേസിന്റെ തുടർ നടപടികളിൽ ആയുധമാക്കാനും കർദ്ദിനാൾ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കേസിൽ സഹായമെത്രാനും പ്രതിയാകുമെന്ന് ഉറപ്പായി.

അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് അനുവദിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതി (കൂരിയ). ഇത് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിയക്ക് ലഭിച്ചു. മാർ ആലഞ്ചേരിക്കെതിരെ വൈദികരെ ഇളക്കി വിടുന്നത് സഹായമെത്രാൻ മാർ എടയന്ത്രത്ത് ആണ്. ഇത് വിശ്വാസികൾ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മാർ എടയന്ത്രത്തിനെതിരായ നീക്കം സജീവമാക്കുന്നത്. മാർ ആലഞ്ചേരിയല്ല യഥാർത്ഥ പ്രതിയെന്നും എടയന്ത്രത്താണ് നിയമം ലംഘിച്ചതെന്നുമാണ് വിശ്വാസികളുടെ നിലപാട്. ഇത് കോടതിയെ അറിയിക്കും. നേരത്തെ ആലഞ്ചേരിക്കെതിരായ കേസിൽ അഭിഭാഷകനെ നിയമിച്ചതും എടയന്ത്രത്തായിരുന്നു. ഈ അഭിഭാഷകൻ ആലഞ്ചേരിയെ കുടുക്കുന്ന കാര്യങ്ങളാണ് കോടതിയിൽ അവതരിപ്പിച്ചതെന്നും വിശ്വാസികൾക്ക് പരാതിയുണ്ട്. സ്ഥലവിൽപ്പനയ്ക്കായി ആദ്യത്തെ ഇടനിലക്കാരനെയും രണ്ടാമതായി സാജു വർഗീസിനെയും തീരുമാനിച്ചതും സഹായമെത്രാൻ അറിഞ്ഞു തന്നെയായിരുന്നു. എന്നാൽ ഭൂമി വിവാദം ഉയർന്നതിനു പിന്നാലെ സഹായമെത്രാൻ ഇറക്കിയ സർക്കുലറിൽ തങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലെന്നായിരുന്നു വ്യക്തമാക്കിയത്. ഇതു തെറ്റാണെന്നു രേഖകളിലൂടെ സ്ഥാപിക്കാനാണ് കർദിനാൾ പക്ഷത്തിന്റെ ശ്രമം.

അതിരൂപതാധ്യക്ഷൻ കൂടിയായ സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ അസാന്നിധ്യത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്. ഇത് മറച്ചു വച്ചാണ് ആലഞ്ചേരിയെ ഒറ്റപ്പെടുത്താൻ ചിലർ ശ്രമം നടത്തിയത്. ഇക്കാര്യമാണ് അന്വേഷണ കമ്മീഷൻ തിരിച്ചറിയുന്നത്. 2016 ജൂൺ 15 ന് അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന ഭരണസമിതിയാണ് സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ള ഭൂമി അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത്. ഈ യോഗത്തിൽ ആലഞ്ചേരി പങ്കെടുത്തിട്ടില്ലെന്നാണ് യാഥാർതഥ്യം. നിർണ്ണായ തീരുമാനമെല്ലാം എടുത്തത് മാർ എടയന്ത്രത്തിന്റെ നേതൃത്വത്തിലെ യോഗമായിരുന്നു. അതിരൂപതയ്ക്കു വേണ്ടിയും അതിരൂപതയുടെ പേരിലും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും നിർദ്ദേശങ്ങളും ഫാ. ജോഷി പുതുവയ്ക്ക് ഭരണ സമിതി നല്കുന്നുവെന്നാണ് മാർ എടയന്ത്രത്ത് ഒപ്പിട്ടിരിക്കുന്ന രേഖയിൽ പറയുന്നത്.

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെക്കുറിച്ച് പഠിക്കാൻ അതിരൂപതയിലെ വൈദിക സമിതിയുടെ ആവശ്യപ്രകാരം കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് നിർണ്ണായകമായ ഈ വിവരങ്ങൾ ഉള്ളത്. അതിരൂപതയുടെ ഫിനാൻസ് ഓഫീസറായ ഫാ. ജോഷി പുതുവ 2016 മാർച്ച് 18 ന് ചേർന്ന അതിരൂപതാ സാമ്പത്തിക സമിതി (ഫിനാൻസ് കൗൺസിൽ) മുൻപാകെ കൂടുതൽ ചർച്ചകൾ കൂടാതെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുമെടുക്കാനുള്ള അവകാശം ഫിനാൻസ് ഓഫീസറായ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക സമിതി ഇത് അംഗീകരിക്കുകയും ആലോചനയ്ക്കായി അതിരൂപതാ ഭരണ സമിതി അംഗമായ വികാരി ജനറാൾ മോൺ. സെബാസ്ട്യൻ വടക്കുപാടാനെ നിയമിക്കുകയും ചെയ്തു. ഇതിനുശേഷം 2016 ജൂൺ 15 ന് സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അതിരൂപതാ ഭരണ സമിതി സ്ഥലം വില്പനാ തീരുമാനത്തിന് അംഗീകാരവും ഫാ. ജോഷി പുതുവയ്ക്ക് സമ്പൂർണ്ണ അധികാരവും നൽകി.

സ്ഥലം വില്പനയ്ക്കുള്ള പൂർണ്ണ അധികാരം ഫിനാൻസ് ഓഫീസർക്ക് നൽകിയത് സഭാ നിയമങ്ങളുടെ ഗുരുതര ലംഘനമായി അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതേത്തുടർന്ന് കാര്യമായ യാതൊരു കൂടിയാലോചനകളുമില്ലാതെ അതിരൂപതയുടെ സ്ഥലം വിൽപ്പന നടത്താൻ ഫാ. ജോഷി പുതുവ അനിയന്ത്രിതമായ സ്വാതന്ത്രം കാട്ടിയെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഫാ. ബെന്നി മാരാംപറമ്പിൽ കൺവീനറായ അന്വേഷണ സമിതി ജനുവരി നാലാം തിയതിയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ജനുവരി 30 ന് ചേർന്ന അതിരൂപതാ വൈദിക സമിതിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വിപുലമായ ചർച്ചകൾക്കായി വൈദികസമിതി ഉടൻ വിളിച്ചുചേർക്കാനും തീരുമാനമെടുത്തിരുന്നു.

അതിരൂപതാധ്യക്ഷനായ മാർ ആലഞ്ചേരിയെ പ്രതിസ്ഥാനത്തു നിർത്തി സ്ഥാനഭൃഷ്ടനാക്കാനുള്ള എറണാകുളത്തെ ഒരു സംഘം വൈദികരുടെ ശ്രമങ്ങൾക്ക് അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ കനത്ത തിരിച്ചടിയാണ് നൽകുന്നത്്. സഹായമെത്രാന്മാരുടെ അറിവോ സമ്മതമോ പോലുമില്ലാതെ മാർ ആലഞ്ചേരിയും ഫാ. ജോഷി പുതുവയും മോൺസീഞ്ഞോർ വടക്കുമ്പാടനും ചേർന്നുനടത്തിയ സ്ഥലവിൽപ്പനയെന്ന പ്രചരണമാണ് ഇതോടെ അവസാനിക്കുന്നത്. സാമ്പത്തിക- നിയമ വിദഗ്ധരടങ്ങിയ അതിരൂപതാ സാമ്പത്തിക സമിതിയും അതിരൂപതയുടെ ഭരണ സമിതിയും എല്ലാ അംഗീകാരങ്ങളും നൽകിയ സ്ഥല വിൽപ്പനയിൽ അതിരൂപതാധ്യക്ഷനെന്ന നിലയിൽ മാർ ആലഞ്ചേരി ഒപ്പുവയ്ക്കുകയായിരുന്നു. അതിരൂപതാ ഭരണ സമിതിയേയും ഈ സമിതി ഭൂമി വിൽപ്പന ഭരമേല്പിച്ച ഫാ. ജോഷി പുതുവയെയും വിശ്വാസത്തിലെടുത്ത് വിശദ പരിശോധനകൾ കൂടാതെ വില്പനാ രേഖകളിൽ ഒപ്പുവെച്ചതിന്റെ പേരിലാണ് എറണാകുളത്തെ വിമത വിഭാഗം മാർ ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്നത്.

അതിരൂപതാ സമിതിയുടെയും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെയും പൂർണ്ണമായ പങ്കാളിത്തമുള്ള സ്ഥല വിൽപ്പനയിൽ മാർ ആലഞ്ചേരിയെ ഒറ്റതിരിഞ്ഞു ആക്രമിച്ചതും അഴിമതിക്കാരനായി ചിത്രീകരിച്ചതും മാർ ആലഞ്ചേരിയെ എറണാകുളം അതിരൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിർത്താനുള്ള കള്ളക്കളികളായിരുന്നു. മറ്റൊരു മെത്രാപ്പൊലീത്തായെ ഭരണമേല്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെല്ലാം നടന്നതെന്നാണ് ആലഞ്ചേരിയെ അടുത്തറിയാവുന്നവർ നൽകുന്ന സൂചന.