കോഴിക്കോട്: 'ജാതിയില്ല മതമില്ല ദൈവമില്ല മനുഷ്യന്' എന്ന മുദ്രാവാക്യം മുഴക്കുന്ന യുക്തിവാദികൾക്ക് വ്യക്തിജീവിതത്തിൽ ജാതി സംവരണം വാങ്ങിക്കേണ്ടതുണ്ടോ? അത് പരിഹാസ്യമാണെന്ന് എഴുത്തുകാരനും ശാസ്ത്രപ്രചാരകനും പ്രമുഖ യുക്തിവാദിയുമായ സി.രവിചന്ദ്രനെപ്പോലുള്ളവർ വാദിക്കുമ്പോൾ, അത്തരം യാത്രിക നിലപാടുകളൊന്നും ഇവിടെ ആവശ്യമില്‌ളെന്ന നിലപാടിലാണ് കേരളത്തിലെ ആദ്യകാല യുക്തിവാദികളിൽ ഒരാളായ ഇ.എം ജബ്ബാറും ഡോ.വിശ്വനാഥൻ ചാത്തോത്തും എടുത്തിരിക്കുന്നത്.ഇതോടെ രണ്ടു ഗ്രൂപ്പുകളായി കേരളത്തിലെ യുക്തിവാദികൾ നവമാധ്യമങ്ങളിലടക്കം പോര് തുടരുകയാണ്.

കഴിഞ്ഞ എതാനും മാസങ്ങളായി തുടരുന്ന ഈ ഫേസ്‌ബുക്ക് യുദ്ധത്തിനൊടുവിൽ സി.രവിചന്ദ്രൻ നയിക്കുന്ന ചേരിയിലേക്കാണ് ഭൂരിഭാഗം യുക്തിവാദികളും എത്തിപ്പെട്ടത്.ഒരാൾ യുക്തിവാദിയാവുമ്പോൾ സമൂഹത്തിൽനിന്ന് പലതും നഷ്ടമാവുമെന്നും , അതിലൊന്നാണ് സംവരണമെന്നും, മദ്യവിരുദ്ധ സമിതി ചില പ്രത്യേക സാഹചര്യങ്ങളിൽ മദ്യം കുടിക്കാമെന്ന് പറയുന്നപോലെയാണ് യുക്തിവാദികൾ ജാതിസംവരണം നിലനിർത്തണമെന്ന് പറയുന്നത് എന്ന് വ്യക്തമാക്കിയ സി.രവിചന്ദ്രന്റെ നിലപാടിനൊപ്പമാണ് ഇപ്പോൾ കൂടുതൽ ചെറുപ്പക്കാരും.പട്ടികജാതി-പട്ടിക വർഗ സംവരണമല്ലാതെ ഒന്നും കേരളത്തിൽ നിലനിർത്തേണ്ടതില്‌ളെന്നും അതിലും ക്രീമിലെയർ ശക്തമാക്കണമെന്നുമാണ് സി.രവിചന്ദ്രന്റെ നിലപാട്.കേരളത്തിലെ മുസ്ലീങ്ങൾക്കുള്ള ന്യൂനപക്ഷപദവി എടുത്തുകളയണമെനനും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് കഴിഞ്ഞദിവസം നടന്ന ശാസ്ത്ര സെമിനാറായ ഹോക്കിങ്ങ്-18 ഉദ്ഘാടനം ചെയ്തും സി.രവിചന്ദ്രൻ ജാതിസംവരണത്തിനെതിരെ ആഞ്ഞടിച്ചു. ജാതിയും മതവും ഇല്ല എന്ന് പറയുന്ന യുക്തിവാദികൾ ജാതിസംവരണം വേണമെന്ന് പറയുന്നത് പരിഹാസ്യമാണ്.ഇത്തരക്കാർ പ്രവർത്തിക്കേണ്ടത് ജാതിസംഘടനകളിലാണെന്നും രവിചന്ദ്രൻ പറഞ്ഞു. ജാതിയും മതവും ഒഴിവാക്കുന്നതുകൊണ്ട് ഉണ്ടാകുന്ന എല്ലാ നഷ്ടവും സഹിക്കാമെന്ന് പറയുന്ന ഇത്തരക്കാർ പി എസ് സി പരീക്ഷയിൽ സംവരണം വേണമെന്ന് പറയുന്നത് പരിഹാസ്യമാണ്. 'എന്തിനാടാ ചക്കരേ നീ കഷ്ടപ്പെട്ട യുക്തിവാദിയാകുന്നത്. നിങ്ങൾക്ക് വല്ല എസ് എൻ ഡി പിയിലോ മറ്റ് ജാതി സംഘടനകളിലോ പ്രവർത്തിച്ചാൽ പോരേ എന്നാണ് ഇത്തരക്കാരോട് ചോദിക്കാനുള്ളത്. ഒരു വർഷം ഇത്ര യുക്തിവാദികൾ ഉണ്ടാവണമെന്ന് യാതൊരു നിർബന്ധവുമില്ല. ആരും ആരെയും യുക്തിവാദിയാകാൻ നിർബന്ധിക്കുന്നുമില്ല. എന്നാൽ ജാതിയുടെയും മതത്തിന്റെയും മേലാപ്പുകൾ അഴിച്ചുമാറ്റിയിട്ട് ജാതിയുടെ ആനുകൂല്യങ്ങൾ വേണമെന്ന് പറയുന്നതിനോട് യോജിക്കാൻ സാധിക്കില്ല.'- രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

രാജ്യത്തെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ബ്രാഹ്മണ്യമാണെന്ന് പറയുന്നത് ശരിയല്ല. ഇന്ത്യയുടെ എല്ലാ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും എല്ലാവർക്കും തുല്യ പങ്കാളിത്തമാണുള്ളത്. പ്രാദേശികമായ കാര്യങ്ങൾ പോലും അന്താരാഷ്ട്രകാര്യമാക്കി മാറ്റി അതിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുള്ളതായി വ്യാഖ്യാനിക്കുന്ന രീതിപോലും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടെന്നും അദ്ദഹേം പറഞ്ഞു. മറച്ചുവെക്കപ്പെട്ടതും നിഗൂഡമായതുമായ എല്ലാറ്റിനോടും ആളുകൾക്ക് വലിയ താത്പര്യമാണ്. പല കാര്യത്തിലും തെറ്റായ തെളിവുകൾ സമൂഹത്തിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ആദ്യത്തെ തെറ്റ് തിരിച്ചറിഞ്ഞില്ലങ്കെിൽ തെറ്റായ തെളിവുകൾ വർദ്ധിക്കുകയും അത് നുണകളുടെ വലിയൊരു കൂമ്പാരമായി മാറുകയും ചെയ്യമെന്നും അദ്ദഹേം പറഞ്ഞു.

എന്നാൽ യുക്തിവാദികളുടെ വിവിധ സംഘടനകളിലെ എല്ലാവരും രവിചന്ദ്രന് ഒപ്പമില്ല.അദ്ദേഹം പറയുന്നത് ബ്രാഹ്മണിക്കൽ യുക്തിവാദമാണെന്നാണ് എതിർ വിഭാഗത്തിന്റെ ആരോപണം.ജാതിക്കോളം പൂരിപ്പിച്ചുവെന്നതുകൊണ്ട് ജാതിക്കെതിരെ പ്രവർത്തിക്കാൻ ആവില്ല എന്ന് പറയുന്നതും കഥയില്‌ളെന്നും ഇത്തരം യാത്രിക നിലപാടുകൾ യുക്തിവാദി പ്രസ്ഥാനത്തെ പിറകോട്ട് കൊണ്ടുപോവുകയാണ് ചെയ്യുകയെന്നും വിമർശകർ ആരോപിക്കുന്നു.എന്നാൽ കൂടുതൽ കൂടുതൽ ചെറുപ്പക്കാർ സി.രവിചന്ദ്രന് പിന്തുണയുമായി എത്തിയതോടെ വിമർശകർ എതാണ്ട് പത്തിമടക്കിയ മട്ടാണ്.