കോതമംഗലം: നിർദ്ദിഷ്ട ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുതപദ്ധതി നിർമ്മാണം സംസ്ഥാനത്തിന്റെ നൂറുകോടി വെള്ളത്തിലാക്കുമെന്ന് സൂചന.

പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ള സാങ്കേതിക വിദ്യ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമായി പൊരുത്തപ്പെടുന്നതല്ലെന്നും ഇതുമൂലം പദ്ധതി ലാഭകരമാവില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിൽ ബൾബ് ടർബൈൻ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ലാഭകരമെന്ന് ഇതുവരെ പരക്കെ അംഗീകരിക്കപ്പെടാത്ത ബൾബ് ടർബൈൻ സിസ്റ്റം ഇവിടെ സ്ഥാപിക്കുന്നത് വൈദ്യുതി വകുപ്പിലെ വെള്ളാനകളുടെയും തമിഴ്‌നാട് ലോബിയുടെയും താൽപ്പര്യത്തിലാണെന്നും ഇതുവഴി വൻസാമ്പത്തികനേട്ടത്തിനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നുമാണ് ആരോപണം.

ലോഹെഡ് ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയിൽ വെള്ളമൊഴുകുന്ന പൈപ്പിലാണ് ടർബൈനും വൈദ്യുതി ഉത്പ്പാദനത്തിനുള്ള അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നത്. വെള്ളത്തിന്റെ സമ്മർദ്ദം കുറഞ്ഞ സ്ഥലങ്ങളിലാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. 8 മെഗാവാട്ടിന്റെ വീതം മൂന്നു ജനറേറ്ററുകളാണ് പദ്ധതിയിൽ സ്ഥാപിക്കുന്നത്. ചൈനയിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യ സംസ്ഥാനത്ത് ഇതുവരെ ഉപയോഗിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ ഈ സാങ്കേതിക വിദ്യയിൽ പണിതീർത്തിട്ടുള്ള വൈദ്യുത പദ്ധതി ഇതുവരെ ലാഭകരമല്ലെന്നാണ് സൂചന.

ഒന്നര ദശാബ്ദം മുൻപ് ഈ പദ്ധതിക്കുവേണ്ടി പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന ഭൂതത്താൻകെട്ടിലെ വനമേഖല വെട്ടിവെളുപ്പിച്ചിരുന്നു. ഇപ്പോൾ ഇവിടെ രൂപപ്പെട്ടിട്ടുള്ള സ്വഭാവിക വനം വീണ്ടും വെട്ടിമാറ്റുന്നതിന് കർമ്മ പദ്ധതിതയ്യാറാക്കിക്കഴിഞ്ഞെന്നും ഇതുമൂലമുള്ള പാരിസ്ഥിതിക നഷ്ടം വിലമതിക്കാനാവില്ലെന്നും പരിസ്ഥിതി പ്രവർത്തകനായ പെരുവന്താനം ജോൺ ചൂണ്ടിക്കാട്ടുന്നു. പദ്ധതി നിർമ്മാണത്തിനായി ഇടതുകരയിൽ സ്ഥലം ഉണ്ടായിരുന്നിട്ടും വനം നശിപ്പിച്ച് വലതുകരയിൽ പദ്ധതി സ്ഥാപിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നാണ് പരക്കേ ഉയർന്നിട്ടുള്ള ആക്ഷേപം.

പദ്ധതിക്കുവേണ്ടി വനംവെട്ടി നശിപ്പിക്കുന്നതിനെതിരെ ആദ്യഘട്ടിൽ ജോൺ ഉൾപ്പെടെയുള്ള ഒരുപറ്റം പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പദ്ധതിക്കായി വെട്ടിമാറ്റുന്ന വനപ്രദേശത്തിന്റെ വിസ്തൃതിയിൽ നേരിയതോതിൽ കുറവുചെയ്യുന്നതിനും അധികൃതർ തയ്യാറായി.പദ്ധതി നിർമ്മാണത്തിനായി ഭൂതത്താൻ കെട്ടിൽ വലതുകരയിൽ ജലസേചന വകുപ്പിന് കീഴിലെ 2.18 ഹെക്ടർ ഭൂമിയും വനംവകുപ്പിന്റെ 2 ഹെക്ടർ ഭൂമിയുമാണ് വൈദ്യുതിവകുപ്പ് ഏറ്റെടുത്തിട്ടത്. ഭൂതത്താൻ കെട്ട് ജലസംഭരണിയിൽ നിന്നും കനാൽ വഴി എത്തിക്കുന്ന വെള്ളം വലിയ പൈപ്പുവഴി കടത്തിവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഈറോഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശരവണ എഞ്ചിനിയറിങ് വർക്‌സിന് നൂറുകോടിയോളം രൂപയ്ക്കാണ് വൈദ്യുത വകുപ്പ് പദ്ധതിയുടെ നിർമ്മാണക്കാരാർ കൈമാറിയിട്ടുള്ളത്.

രണ്ടു വർഷത്തെ കാലയളവിൽ 2014 മാർച്ചിൽ പണിതുടങ്ങിയ പദ്ധതിയുടെ ഗ്രൗണ്ട്‌വർക്കു പോലും ഇതുവരെ പൂർത്തിയായിട്ടില്ല.പദ്ധതി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് വൈദ്യുതവകുപ്പ് നേരത്തെ ടെണ്ടർ ക്ഷണിച്ചിരുന്നെങ്കിലും ആരുമെത്താത്തതിനാൽ മുടങ്ങി. നാളെ ഇതിനായി വൈദ്യുത വകുപ്പ് പുനർലേലം നിശ്ചയിച്ചിട്ടുണ്ട്. ലേല നടപടികൾ പൂർത്തിയായി മരങ്ങൾ വെട്ടിമാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നാൽപ്പോലും നിശ്ചിതകാലാവധിക്കുള്ളിൽ പദ്ധതി നിർമ്മാണം പൂർത്തിയാവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒന്നരദശാബ്ദം മുൻപ് പാലക്കാട് കഞ്ചിക്കോട്ടുള്ള സിൽക്കാൽ മെറ്റലർജിക്കൽ ലിമിറ്റഡിന് വൈദ്യത വകുപ്പ് പദ്ധതിയുടെ നിർമ്മാണത്തിന്റെ കരാർ കൈമാറിയിരുന്നു.16 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ച് നൽകുമ്പോൾ കഞ്ചിക്കോട്ടുള്ള കമ്പനിയുടെ ആവശ്യത്തിലേക്ക് ഇത്രയും വൈദ്യുതി സൗജന്യമായി നൽകുമെന്നും 30 വർഷം കഴിയുമ്പോൾ പദ്ധതി നിയന്ത്രണം ഏറ്റെടുക്കുമെന്നും പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ നിശ്ചിത തുക പിഴ നൽകണമെന്നുമായിരുന്നു കരാർ വ്യവസ്ഥ. ഈ കരാർ ഒപ്പുവച്ച് താമസിയാതെ തന്നെ വൈദ്യുതി വകുപ്പ് കമ്പനിക്ക് സൗജന്യ നിരക്കിൽ വൈദ്യുതി നൽകിത്തുടങ്ങി.

നിശ്ചിത കാലാവധി കഴിഞ്ഞ് എട്ടുവർഷത്തോളം പിന്നിട്ടിട്ടും നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഒടുവിൽ പദ്ധതിക്കായി ഇറക്കിയിട്ട യന്ത്രഭാഗങ്ങൾ ഉപേക്ഷിച്ച് കമ്പനി അധികൃതർ മുങ്ങി. ഈ ഇടപാടിൽ വൈദ്യുതി നൽകിയ ഇനത്തിൽ മാത്രം കോടികൾ വൈദ്യുതിവകുപ്പിന് നഷ്ടമായി. പിഴ ഇനത്തിൽ കിട്ടേണ്ട തുക കൂടി കൂട്ടിയാൽ വൈദ്യുത വകുപ്പിന്റെ നഷ്ടം ശതകോടികൾ വരും. ഇപ്പോൾ വൈദ്യുതിവകുപ്പിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ അനന്തരഫലവും ഏറെക്കുറെ ഇതുതന്നെയാവുമെന്നാണ് നിലവിലെ സ്ഥിതി.