കണ്ണൂർ: 29 കാരനായ ഉല്ലാസ് കുമാറിന് ഇത് പുനർജന്്മമാണ്.അത്ഭുതകരമായ അതിജീവനം. ഇതുപൊലൊരു വലിയ അപകടത്തിന് ശേഷം താൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഒരിക്കലും കരുതാനാവില്ലെന്ന് ഉല്ലാസ് പറയുന്നു.

വിമാനത്താവളത്തിൽ നിന്ന് സഹോദരനെ കൂട്ടാൻ ഡ്രൈവർക്കൊപ്പം യാത്ര ചെയ്യവേയാണ് ഈ ചെറുപ്പക്കാരനെ തേടി അപകടമെത്തിയത്. ഒരു ലോറിയുമായി കാർ കൂട്ടിയിടിച്ചത് മാത്രം ഓർമയുണ്ട്. ഡ്രൈവർ അബ്ദുൾ വഹാബ് തൽക്ഷണം മരിച്ചു. ഉല്ലാസാകട്ടെ കാറിന്റെ ഹെഡ്‌റെസ്റ്റിലെ ഇരുമ്പ് കമ്പിയിൽ കുടുങ്ങിപ്പോയി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ആ അത്ഭുതം സംഭവിച്ചത്. നെറ്റി തുളച്ചുകയറിയ ആ ഇരുമ്പ് കമ്പി ഡോക്ടർമാർ നീക്കം ചെയ്തു. ഉല്ലാസിന്റെ കണ്ണുകൾക്ക് ഒരുപോറൽ പോലും ഏൽക്കാതെ. കാഴ്ച ശക്തി വീണ്ടുകിട്ടിയതിലെ അത്ഭുതം ഇപ്പോഴും മാറിയിട്ടില്ല ഇദ്ദേഹത്തിന്.

'എന്റെ കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹെഡ്‌റസ്റ്റിന്റെ കമ്പി എന്റെ തലയിൽ തുളച്ചുകയറുകയായിരുന്നു.ഏതായാലും ഇതുപോലൊരു രക്ഷപ്പെടൽ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇത് പുനർജന്മം പോലെ തോന്നുന്നു', ഉല്ലാസ് കുമാർ പറഞ്ഞു.

കാഴ്ചശക്തിയെ ബാധിക്കാതെ ശസ്ത്രക്രിയ നടത്തുക ശ്രമകരമായ ജോലിയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.അപകടസ്ഥലത്ത് ഉല്ലാസിന്റെ അവസ്ഥ കണ്ട് പലരും അടുക്കാൻ മടിച്ചു. ഒരയുവാവ് മാത്രമാണ് സഹായത്തിനെത്തിയത്. ഇത് അപകടകരമായ അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ് ഇരുമ്പ് കമ്പി എടുത്തുമാറ്റാൻ അയാൾ ശ്രമിച്ചെന്ന് മാത്രമല്ല, മതിയായ ശുശ്രൂഷ നൽകുകയും ചെയ്തു.

ഏതായാലും ഉല്ലാസിന്റെ ഈ അത്ഭുതകരമായ രക്ഷപ്പെടൽ വിദേശ മാധ്യമങ്ങൾക്കും വാർത്തയായി. ഡെയ്‌ലി മെയിൽ പോലുള്ള പത്രങ്ങൾ സചിത്രസഹിതം വാർത്ത നൽകി.