യൂറോപ്യൻ യൂണിയൻ ഇനി അധികകാലം നിലനിൽക്കില്ലെന്ന ആശങ്കയാണ് പുതിയ റിപ്പോർട്ടുകൾ ആശങ്കയുണർത്തുന്നത്. ബ്രിട്ടന് പിന്നാലെ ഇറ്റലിയും യൂറോപ്പിന് പുറത്തേക്ക് പോകാനുള്ള സാധ്യത തെളിഞ്ഞതിനെ തുടർന്നാണ് ഇത് സംബന്ധിച്ച ആശങ്ക ശക്തമായിരിക്കുന്നത്. ഇറ്റലിയിലെ റഫറണ്ടം എക്സിറ്റ് പോളിൽ ഇവിടുത്തെ പ്രധാനമന്ത്രി മറ്റിയോ റെൻസി ഏറെ പിന്നിലായിരിക്കുകയാണ്. എന്നാൽ ഓസ്ട്രിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലത് നേതാവായ നോബർട്ട് ഹോഫെറിനുണ്ടായ തിരിച്ചടി യൂറോപ്യൻ യൂണിയന് ആശ്വാസം പകരുന്നുണ്ട്. ഇദ്ദേഹം പ്രസിഡന്റായാൽ ഓസ്ട്രിയയും റഫറണ്ടം നടത്തി യൂറോപ്യൻ യൂണിയൻ വിടുമെന്ന ആശങ്ക ശക്തമായി വരുന്നതിനിടയിലായിരുന്നു ഹോഫെറിന് തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചിരിക്കുന്നത്.

റഫറണ്ടത്തിൽ തിരിച്ചടി നേരിട്ട് റെൻസി രാജി വയ്ക്കുയാണെങ്കിൽ രാജ്യം യൂറോപ്യൻ യൂണിയൻ വിടാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. റഫറണ്ട ഫലത്തിന് മുന്നോടിയായി നടത്തിയിരിക്കുന്ന ഡെമോസ് പോൾ പ്രകാരം രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ പ്രധാനമന്ത്രി 11 ശതമാനം പിന്നിലാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ ഭരണഘടാ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ ഇന്നലെയാണ് റഫറണ്ടം നടന്നത്. റെൻസിയും അദ്ദേഹത്തിന്റെ രാഷ്ട്രീയകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുമാണ് റഫറണ്ടം നടത്താനുള്ള പ്രമേയം പാർലിമെന്റിൽ അവതരിപ്പിച്ചത്. ഭരണഘടന ഭേദഗതി ചെയ്യുന്നത് വഴി രാജ്യത്ത് ജനാധിപത്യ സർക്കാരിന് കൂടുതൽ ദൃഢത ലഭിക്കുമെന്നാണ് റെൻസിയടക്കുമുള്ളവർ വാദിക്കുന്നത്. റെൻസിയുടെ പക്ഷം റഫറണ്ടത്തിൽ പരാജയപ്പെടുകയാണെങ്കിൽ ബ്രെക്സിറ്റ് നൽകിയതിനേക്കാൾ വലിയ തിരിച്ചടിയാകും അത് യൂറോപ്യൻ യൂണിയനും അവിടുത്തെ സമ്പദ് ഘടനയ്ക്കും ഏകുകയെന്ന ആശങ്കയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

റഫറണ്ടത്തിൽ പരാജയപ്പെടുകയാണെങ്കിൽ അതിന്റെ എല്ലാ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുമെന്നും തുടർന്ന് രാജി വയ്ക്കുമെന്നും റെൻസി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങൾക്ക് ഒരു അവസരം ലഭിച്ചുവെങ്കിലും ഇവിടുത്തെ ഭൂരിപക്ഷം പൗരന്മാരെയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി അവരുടെ പിന്തുണ നേടാൻ സാധിച്ചില്ലെന്ന് റെൻസി സമ്മതിച്ചിട്ടുണ്ട്. തങ്ങൾക്ക് മില്യൺ കണക്കിന് വോട്ടുകൾ ലഭിച്ചിട്ടുണ്ടെങ്കിലും റഫറണ്ടത്തിൽ ജയിക്കാൻ അത് മതിയാവില്ലേയെന്ന ആശങ്കയും റെൻസി പ്രകടിപ്പിക്കുന്നു. പിയ്പോളി ഇൻസ്റ്റിറ്റ്യൂട്ട്/ ഐപിആർ എന്നിവ ചേർന്ന് സ്റ്റേറ്റ് ടെലിവിഷനായ ആർഎഐക്ക് വേണ്ടിയ നടത്തിയ എക്സിറ്റ് പോൾ പ്രകാരം നോ വോട്ടിന് 54 മുതൽ 58 ശതമാനം വരെ പിന്തുണ ലഭിക്കുമെന്നും എന്നാൽ യെസ് വോട്ടിന് 42 മുതൽ 46 ശതമാനം വരെ പിന്തുണ മാത്രമേ ലഭിക്കുകയുള്ളുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. മറ്റ് രണ്ട് പോളുകളിലും നോ വോട്ടിന് ഏതാണ്ട് 10 പോയിന്റുകളുടെ ലീഡാണ് പ്രവചിച്ചിരിക്കുന്നത്.

എക്സിറ്റ്പോളിലെ ഫലങ്ങളറിഞ്ഞയുടൻ യൂറോ ഡോളറിനെതിരെ 1.0625 ഡോളറിൽ നിന്നും 1.0580 ഡോളറായി ഇടിഞ്ഞിരിക്കുകയാണ്. ഇത് യൂറോപ്യൻ യൂണിയനെ പരിഭ്രാന്തിയിലാഴ്‌ത്തിയിട്ടുണ്ട്. എന്നാല് ഓസ്ട്രിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആദ്യഫലങ്ങൾ യൂണിയന് ആശ്വാസമേകുന്നുമുണ്ട്. ഇവിടെ തീവ്രവലത് പക്ഷ നേതാവും പ്രസിഡന്റാകാൻ സാധ്യതയുള്ളയാളുമായ നോബർട്ട് ഹോഫെറിനുണ്ടായ തിരിച്ചടിയാണ് ആശ്വാസത്തിന് വകയേകുന്നത്. കടുത്ത യൂണിയൻ വിരുദ്ധനായ ഹോഫെർ പ്രസിഡന്റായാൽ റഫറണ്ടം നടത്തി ഓസ്ട്രിയയെ യൂണിയന് പുറത്തേക്ക് കൊണ്ടു പോകുമെന്ന ആശങ്കയിൽ നിന്നാണ് ഇതോടെ ബ്രസൽസ് മോചനം നേടിയിരിക്കുന്നത്. എക്സിറ്റ് സർവേകൾ പ്രകാരം ഇവിടെ ഇടത് പക്ഷ സ്ഥാനാർത്ഥിയായ അലക്സാണ്ടർ വാൻ ഡെർ ബെല്ലെനാണ് അവിശ്വസനീയമായ മുന്നേറ്റമുണ്ടായിരിക്കുന്നത്. ഓസ്ട്രിയൻ തെരഞ്ഞെടുപ്പിൽ ഹോഫെർ വിജയിച്ചാൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന തീവ്രവലത്പക്ഷ നേതാവായിത്തീരുമായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് തിരിച്ചടി നേരിട്ടതോടെ അതിനുള്ള സാധ്യത ഇല്ലാതായ ആശ്വാസത്തിലാണ് യൂണിയൻ നേതൃത്വം.