ന്യൂഡൽഹി: കടൽക്കൊലക്കേസിലെ പ്രതികൾക്ക് ശിക്ഷയായി ഏതുജയിൽ നൽകുമെന്ന തരത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആക്ഷേപിച്ച് മുമ്പ് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി എന്തു പറയും. കടൽക്കൊലക്കേസിൽ പ്രതിയായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ ഇറ്റാലിയൻ നാവികനും തിരികെ മാതൃരാജ്യമായ ഇറ്റലിയിലെത്തി.

സോണിയ ഗാന്ധിയെ പരിഹസിച്ചു വൻ പ്രതിഷേധമുയർത്തിയ സൈബർ ലോകത്തു പോലും കടൽക്കൊലക്കേസിലെ പ്രതികളിൽ രണ്ടാമനും കടൽകടന്നു പോയിട്ടും മൗനം പാലിക്കുകയാണ്.

കടൽക്കൊല കേസിലെ പ്രതിയായി നാലുവർഷം ഇന്ത്യയിൽ തടവി!ൽ കഴിഞ്ഞിരുന്ന രണ്ടാമത്ത ഇറ്റാലിയൻ നാവികൻ സൽവത്തോറെ ജിറോണാണു കോടതി നിർദേശത്തെത്തുടർന്നു മോചിതനായി ഇറ്റലിയിൽ എത്തിയത്. മന്ത്രിമാരുൾപ്പെടെ നേരിട്ടെത്തി വീരോചിത സ്വീകരണമാണ് സാൽവത്തോറെയ്ക്കു നൽകിയത്.

ദേശീയതാ വാദമുയർത്തി 2014 മാർച്ച് 31നാണ് മോദി സോണിയയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. നമ്മുടെ നാട്ടിലെ മത്സ്യത്തൊഴിലാളികളെ ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തിയ ഇറ്റലിക്കാർക്കെതിരെ എന്തു നടപടി എടുക്കുമെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ രണ്ടാമത്തെ ഇറ്റാലിയൻ നാവികനെയും നാട്ടിലേക്കു മടക്കി അയച്ചപ്പോൾ കേന്ദ്രസർക്കാരും വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്.

ഇറ്റലിയിലെത്തിയ ജിറോണിനെ എതിരേൽക്കാൻ സ്വന്തം നാടായ ബറിയിൽ വൻ സ്വീകരണ പാർട്ടിയൊരുക്കിയിരുന്നു. കേസ് ഇപ്പോൾ നെതർലൻഡ്‌സിൽ ഹേഗിലെ രാജ്യാന്തര ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. പ്രതികളെ വിസ്തരിക്കാൻ ആർക്കാണ് അധികാരമെന്ന് അവിടെ തീരുമാനമാവുംവരെ അവരെ തടവിലിടരുതെന്ന കോടതി നിർദേശത്തെ തുടർന്നാണ് ഇന്ത്യയിലെ സുപ്രീം കോടതി ജിറോണിനെ മോചിപ്പിച്ചത്. മറ്റൊരു പ്രതി മസിമിലാനോ ലത്തോറെയെ പക്ഷാഘാതത്തെ തുടർന്നു ചികിൽസയ്ക്കായി സുപ്രീം കോടതി മോചിപ്പിക്കുകയും അദ്ദേഹം 2014ൽ നാട്ടിലെത്തുകയും ചെയ്തിരുന്നു. 2012ൽ ആണ് കേസിനാസ്പദമായ സംഭവം. ഒരു ഇറ്റാലിയൻ എണ്ണക്കപ്പൽ കേരള തീരക്കടലിലൂടെ നീങ്ങുമ്പോൾ അതിൽ കാവൽ ഡ്യൂട്ടിയിലായിരുന്ന ഇരുവരും നടത്തിയ വെടിവയ്‌പ്പിൽ രണ്ടു മൽസ്യത്തൊഴിലാളികൾ കൊല്ലപ്പെടുകയായിരുന്നു. സംഭവസമയത്തു കപ്പൽ രാജ്യാന്തര സമുദ്രാതിർത്തിയിലായിരുന്നുവെന്നും അതിനാൽ പ്രതികളെ ഇന്ത്യയ്ക്കു വിസ്തരിക്കാനാവില്ലെന്നുമാണ് ഇറ്റലിയുടെ വാദം. എന്നാൽ ഇതു സമുദ്രാതിർത്തി തർക്കമല്ലെന്നും ഇരട്ടക്കൊലക്കേസാണെന്നും ഇന്ത്യ വാദിക്കുന്നു.