ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടിയ ഹിതപരിശോധനയ്ക്ക് പിന്നാലെ തന്നെ വിവിധ രാജ്യങ്ങളിൽ സ്വാതന്ത്ര്യ മോഹികൾ പ്രക്ഷോഭം തുടങ്ങിയിരുന്നു. അടുത്ത മാസം ഇറ്റലിയിൽ നടക്കന്ന ഭരണഘടനാ പരിഷ്‌കാരത്തിന് വേണ്ടിയുള്ള ഹിതപരിശോധന മറ്റൊരു ബ്രെക്‌സിറ്റ് ആകുമോ എന്ന ആശങ്കയിലാണ് യൂറോപ്പും അമേരിക്കയും.

ബ്രെക്‌സിറ്റിനെക്കാൾ നിർണായകം എന്നാണ് ഇറ്റലിയിലെ ഒക്ടോബർ റഫറണ്ടത്തെ അമേരിക്ക വിലയിരുത്തുന്നത്. യൂറോപ്യൻ യൂണിയന്റെ തകർച്ച വേഗത്തിലാവുക ഇതോടെയാകുമെന്നും അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ യൂണിയനിലെ പുതിയ ദുർബല കണ്ണിയായി ഇറ്റലി ഇതോടെ മാറുമെന്നും വിലയിരുത്തപ്പെടുന്നു.

യൂറോപ്പിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ പോകുന്ന പുതിയ രോഗിയെന്നാണ് ഇറ്റലിയെ സ്പാനിഷ് മാദ്ധ്യമമായ എൽ പെയ്‌സ് വിലയിരുത്തുന്നത്. ഇറ്റലിയിൽ ഹിതപരിശോധന നടത്താമെന്ന നിർദ്ദേശം മുന്നോട്ടുവച്ച പ്രധാനമന്ത്രി മറ്റേയോ റെൻസിയുടെ ഭാവി തന്നെ ഇത് അപകടത്തിലാക്കുമെന്നും എൽ പെയ്‌സ് പറയുന്നു.

സെനറ്റിനെ കൂടുതൽ കാര്യക്ഷമമാക്കുന്ന തരത്തിൽ ഭരണഘടന പരിഷ്‌കരിക്കുകയാണ് റഫറണ്ടത്തിന്റെ പ്രധാന ഉദ്ദേശം. എന്നാൽ യൂറോപ്യൻ യൂണിയനെതിരായ പ്രതിഷേധം രേഖപ്പെടുപ്പുത്തുന്നതിന് ഇറ്റലിക്കാർ ഈ അവസരം ഉപയോഗിക്കുമോ എന്ന് ആശങ്കപ്പെടുന്നവരും ഏറെയാണ്.

തന്റെ നിർദേശങ്ങൾക്കെരായാണ് ഹിതപരിശോധനാ ഫലങ്ങളെങ്കിൽ രാജിവെക്കുമെന്ന് റെൻസി പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനെ എതിർക്കുന്ന ഫൈവ് സ്റ്റാർ പ്രസ്ഥാനമാണ് ഹിതപരിശോധനയ്ക്ക് മുന്നോടിയായി നടന്ന സർവേകളിൽ മുന്നിട്ടുനിൽക്കുന്നത്. അടുത്ത ജനറൽ ഇലക്ഷനിലും ഫൈവ് സ്റ്റാർ നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.