ന്നലെ രാത്രിയിലുണ്ടായ കനത്ത ഭൂകമ്പത്തിൽ ഇറ്റലിയിലെ ടെറർ എന്ന പട്ടണം ഏറെക്കൂറെ പൂർണമായും തുടച്ച് നീക്കപ്പെട്ടുവെന്ന് തന്നെ പറയാം. സെൻട്രൽ നോർത്തേൺ ഇറ്റലിയിലെ ഈ നഗരത്തിൽ ഇന്നലെ പ്രാദേശിക സമയം 7.10നാണ് ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. ഓഗസ്റ്റ് 24ന് 300 പേരുടെ ജീവനെടുത്ത ഭൂകമ്പമുണ്ടായി ഒരു മാസം തികയുന്നതിന് മുമ്പെയാണ് ഇറ്റലി വീണ്ടും ഭൂകമ്പത്തിനിരയായിരിക്കുന്നത്.

രാത്രിയിലെ പെരുമഴയ്ക്കിടെയുണ്ടായ ഭൂകമ്പം മൂലം രക്ഷാപ്രവർത്തനങ്ങൾ നരകതുല്യമായിത്തീരുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. റിച്ചർ സ്‌കെയിലിൽ 5.4 പോയിന്റ് വരെ രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യമുണ്ടായത്. പിന്നീട് അധികം വൈകാതെ 6.0 പോയിന്റ് രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായിരുന്നു. റോമിൽ നിന്നും 80 മൈൽ മാറിയുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ടെററിന് പുറമെ വിസോ, ഉസിത, കാസ്റ്റെൽ സാന്റാൻജെലോ, സുൽ നെറ എന്നീ നഗരങ്ങളിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. രാത്രിയിൽ മഴയ്ക്കിടെയുണ്ടായ കനത്ത ഭൂകമ്പത്തെ തുടർന്ന് വൈദ്യൂതിയുടെ അഭാവത്തിൽ ഇരുട്ടിലുള്ള രക്ഷാപ്രവർത്തനങ്ങൾ അതീവ ദുഷ്‌കരമായിരുന്നു. ആദ്യ ഭൂകമ്പം കഴിഞ്ഞ് ഏതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടായിരുന്നു രണ്ടാമത് ഭൂകമ്പമുണ്ടായത്. കുലുക്കത്തെ തുടർന്ന് വിവിധ കെട്ടിടങ്ങൾ ഏതാണ്ട് പൂർണമായും തകർന്നടിഞ്ഞ നിലയിലാണ്. ദുരന്തത്തിൽ ഭയന്ന് വിറച്ച നിരവധി പേർ പ്രാണരക്ഷാർത്ഥം ഇരുട്ടിൽ തെരുവുകളിലിറങ്ങി കരഞ്ഞ് കൊണ്ടോടുന്നത് കാണാമായിരുന്നുവെന്നാണ് ഉസിതയിലെ മേയറായ മാർകോ റിനാൾഡി വെളിപ്പെടുത്തുന്നത്. നിരവധി വീടുകളും തകർന്നിട്ടുണ്ട്.

ഇവിടുത്തെ അവസ്ഥകൾ നേരിട്ട് കണ്ടറിയുന്നതിനായി ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസി റോമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് കനത്ത മഴയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഏവർക്കും നന്ദി രേഖപ്പെടുത്തി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പെസ്‌കാരയും അറ്റ്ലാന്റയും തമ്മിൽ നടന്ന സീരീസ് എ മത്സരങ്ങൾ രണ്ടാമത്തെ ഭൂകമ്പമുണ്ടായതിനെ തുടർന്ന് കുറച്ച് നേരം നിർത്തി വച്ചിരുന്നു. രണ്ടാമത്തെ ഭൂമികുലുക്കം 10 സെക്കൻഡുകൾ നീണ്ട് നിന്നിരുന്നു. രണ്ട് ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രം വാനെറിന താഴ് വരയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാർസെറാത, പെറുജിയ എന്നീ നഗരങ്ങൾക്കിടയിലുള്ള പർവത പ്രദേശമാണിത്. ഉംബ്രിയ റീജിയന്റെ തലസ്ഥാനമാണിത്.ഭൂകമ്പത്തെ തുടർന്ന് വൈദ്യുതി നിലച്ചതിനാൽ എന്താണ് സംഭവിക്കുന്നതെന്നറിയാൻ പോലും മാർഗമില്ലായിരുന്നുവെന്നാണ് കാസ്റ്റെൽ സാന്റാൻജെലോയിലെ മേയറായ മൗറോ ഫാൽകുകി വെളിപ്പെടുത്തുന്നത്. ഇരുട്ടത്ത് എമർജൻസി സർവീസുകാരെ കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തകർന്ന് വീണ കെട്ടിടങ്ങൾക്കിടയിൽ ആളുകൾ പരുക്കേറ്റോ മരിച്ചോ കിടക്കുന്നുണ്ടോയെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പരിശോധനയും രക്ഷാപ്രവർത്തനങ്ങളും തുടരുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് റോമിന് വടക്ക് ഭാഗത്തുള്ള മോട്ടോർവേയുടെ ഒരു ഭാഗം അടയ്ക്കേണ്ടി വന്നിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ കാസ്റ്റെൽ സാന്റൻജെലോ സുൾ നെറ പരമ്പരാഗതമായി ഭൂകമ്പസാധ്യതയുള്ള മേഖലയാണെന്നാണ് ഇറ്റലിയിലെ നാഷണൽ വൽകാനോളജി സെന്റർ വെളിപ്പെടുത്തുന്നത്. ഓഗസ്റ്റ് 24ന് ഇറ്റലിയിൽ റിച്ചർ സ്‌കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ഉണ്ടായിരുന്നത്. മലമ്പ്രദേശമായ അമാട്രൈസ്, നിരവധി ചെറിയ പട്ടണങ്ങൾ എന്നിവിടങ്ങളിൽ ഇതിനെ തുടർന്ന് കനത്ത നാശമുണ്ടായിരുന്നു. 300 പേർ മരിക്കുകയും ചെയ്തിരുന്നു.