വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ നിന്നും പുറത്തേക്ക് പോകുന്നതിനുള്ള ദിനങ്ങൾ അടുത്തതോടെ പുറത്ത് വരുന്നത് ട്രംപിന്റെ കുടുംബത്തിന്റെ ധൂർത്തിന്റെ കഥകളാണ്. പ്രസിഡന്റിനും കുടുംബാംഗങ്ങൾക്കും സുരക്ഷ ഒരുക്കുന്ന യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോ​ഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളറാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ട്രംപിന്റെ മകൾ ഇവാൻകയുടെ പിടിവാശിയാണ് ഈ അധികച്ചെലവ് വരുത്തിവെച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്കു തന്റെ വസതിയിലെ ശുചിമുറി ഉപയോഗിക്കുന്നതിന് ഇവാൻക വിലക്കേർപ്പെടുത്തിയതോടെ തൊട്ടടുത്തൊരു അപ്പാർട്ട്മെന്റ് വൻ തുകയ്ക്കു വാടകയ്ക്കെടുത്താണു സീക്രട്ട് സർവീസ് ഏജന്റുമാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റിയത്. ഇതിനായി 2017 മുതൽ 1,44,000 ഡോളർ (ഒരു കോടിയിലേറെ രൂപ) വാടക നൽകിയതായി ജനറൽ സർവീസസ് അഡ്‌മിനിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നു. നോർത്ത്‍വെസ്റ്റ് ട്രേസി പ്ലേസിലെ 820 ചതുരശ്ര അടി സ്ഥലത്തിനാണു ഭീമൻ വാടക കൊടുക്കേണ്ടി വന്നത്. വാഷിങ്ടൻ നഗരത്തോടു ചേർന്നുള്ള ആഡംബര താമസ മേഖലയായ കലോരമ എന്ന സ്ഥലത്താണ് ഈ അപ്പാർട്ട്മെന്റ്. തിരക്കേറിയ നഗരത്തിൽ ശുചിമുറിയും ഓഫിസ് സൗകര്യങ്ങളും ഒരുക്കാൻ കഴിയാതെ വന്നതോടെയാണ് അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തതെന്നു സീക്രട്ട് സർവീസ് ഏജന്റുമാരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

5000 ചതുരശ്ര അടിയുള്ള ഇവാൻകയുടെ വസതിയിൽ 6 കിടപ്പുമുറികളും 6 ശുചിമുറികളും ആണുള്ളത്. വസതിയിൽ പ്രവേശിക്കുകയോ ശുചിമുറികൾ ഉപയോഗിക്കുകയോ ചെയ്യരുതെന്നു ദമ്പതികൾ യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാരെ വിലക്കിയെന്നാണു വിവരം. ആരോപണം നിഷേധിച്ച വൈറ്റ് ഹൗസ് അധികൃതർ തീരുമാനം തീർത്തും സീക്രട്ട് സർവീസ് പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടുള്ളതാണെന്ന് അറിയിച്ചു. വ്യക്തികളുടെ സ്വകാര്യത അങ്ങേയറ്റം മാനിച്ചു സുരക്ഷ ഒരുക്കുകയാണു നയമെങ്കിലും ഇത്തരം തീരുമാനം കൈകൊണ്ടിട്ടില്ലെന്നായിരുന്നു സീക്രട്ട് സർവീസ് വക്താവിന്റെ പ്രതികരണം.

കുഷ്‌നറും ട്രംപും തങ്ങളുടെ കുളിമുറി ഉപയോഗിക്കുന്നതിൽ നിന്ന് ഏജന്റുമാരെ വിലക്കി എന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് വക്താവ് നിഷേധിച്ചു. അയ്യായിരം ചതുരശ്രയടി വീടിനുള്ളിൽ ഏജന്റുമാരെ അനുവദിക്കരുതെന്നത് സീക്രട്ട് സർവീസിന്റെ തീരുമാനമാണെന്ന് വക്താവ് പറഞ്ഞു. ഒരു രഹസ്യ സേവന വക്താവ് പ്രതികരിക്കാൻ വിസമ്മതിക്കുകയും തങ്ങളുടെ ദൗത്യങ്ങൾ നിർവഹിക്കുന്നതിന് ഉപയോഗിച്ച മാർഗ്ഗങ്ങൾ, രീതികൾ, വിഭവങ്ങൾ എന്നിവ ഏജൻസി ചർച്ച ചെയ്യുന്നില്ലെന്നും പറഞ്ഞു.

ശുചിമുറി സൗകര്യം ഒരുക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നതായി സീക്രട്ട് സർവീസിലെ രണ്ട് ഏജന്റുമാർ മാധ്യമങ്ങളോടു പറഞ്ഞു. പോർട്ടബിൾ ശുചിമുറികളായിരുന്നു അതിലൊന്ന്. പ്രാദേശികവാസികളുടെ പരാതിയെ തുടർന്ന് അവ നീക്കി. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയെയും സമീപത്തെ റസ്റ്ററന്റുകളെയുമാണു കാര്യസാധ്യത്തിന് ഏജന്റുമാർ ഉപയോഗിച്ചിരുന്നത്. ഇന്റർനെറ്റ്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു. പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും ഇവാൻകയും ജറാദ് കുഷ്നറും എല്ലാവിധ സൗകര്യങ്ങളും സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ഒരുക്കിയിരുന്നതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു.