തുമതിയാകുന്നതിനുമുന്നെ ശേഖരിച്ച അണ്ഡകോശത്തിൽനിന്ന് ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത ആദ്യ വനിതയെന്ന ഖ്യാതി മൊറാസ അൽ മട്രൂഷി എന്ന 24-കാരിക്ക്. ജന്മനാ രക്തസംബന്ധമായ അസുഖവുമുണ്ടായിരുന്ന മട്രൂഷിക്ക് അബുദ ബാധ സ്ഥീരീകരിച്ചതോടെയാണ് അണ്ഡകോശം നീക്കി സൂക്ഷിക്കേണ്ടിവന്നത്. കീമോത്തെറാപ്പിക്ക് വിധേയയാകേണ്ടിവന്നതിനാലാണിത്. അർബുദത്തെ മറികടന്നതോടെ, കഴിഞ്ഞവർഷം ഓവറി തിരികെ മട്രൂഷിയുടെ ശരീരത്തിൽ ചേർക്കുകയും അവർക്ക് ഗർഭധാരണശേഷി തിരിച്ചുകിട്ടുകയുമായിരുന്നു.

പോർട്ട്‌ലൻഡ് ആശുപത്രിയിലാണ് ഈ ചരിത്ര നേട്ടം. ഐവിഎഫ് ചികിത്സയിലൂടെയാണ് മട്രൂഷി ഗർഭിണിയായത്. ആരോഗ്യമുള്ളൊരു ആൺകുട്ടിക്കാണ് മട്രൂഷി ജന്മം നൽകിയത്. ഏറെക്കാലത്തെ കാത്തിരിപ്പിന് സഫലമായെന്ന് മട്രൂഷി പ്രതികരിച്ചു. അമ്മയാവുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. അത് സാധിക്കുമെന്നുറപ്പായിരുന്നു. ഇതുവരെ അനുഭവിച്ച വേദനകൾക്കെല്ലാം പരിഹാരമാണ് ഈ കുഞ്ഞെന്നും അവർ പറഞ്ഞു.

ഒമ്പതാം വയസ്സിലാണ് മട്രൂഷിയുടെ വലത്തേ ഓവറിയിൽനിന്ന് അണ്ഡകോശം ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിച്ചത്. 15 വർഷത്തിനുശേഷം അത് ഇടത്തേ ഓവറിയിൽ ചേർക്കുകയായിരുന്നു. ഐവിഎഫ് ചികിത്സയിലൂടെ മട്രൂഷി ഗർഭിണിയാവുകയും ചെയ്തു. ഒമ്പതാം വയസ്സിൽ ലീഡ്‌സ് ആശുപത്രിയിൽ ശേഖരിച്ച അണ്ഡകോശം നൈട്രജൻ കണ്ടയ്‌നറുകളിൽ സൂക്ഷിച്ചിരിക്കുകായയിരുന്നു. കഴിഞ്ഞവർഷം ഇത് തിരികെ സ്ഥാപിച്ചത് ഡെന്മാർക്കിൽനിന്നുള്ള വിദഗ്ധ സംഘമാണ്.

അണ്ഡകോശം തിരികെപിടിപ്പിച്ചതിനുശേഷം ആർത്തവമുണ്ടാകാൻ തുടങ്ങിയതോടെയാണ് ഇവർക്ക് ഗർഭിണിയാകാനുള്ള സാധ്യത വീണ്ടും തെളിഞ്ഞുവന്നത്. ഭർത്താവ് അഹമ്മദിന്റെ ബീജവും ശേഖരിച്ച് അത് ഐവിഎഫിലൂടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു.