കൊച്ചി: പേടിച്ചരണ്ട് കൂട്ടമായി ഓടിയെത്തിയ കുട്ടികളെ നാട്ടുകാരിൽ ചിലർ തടഞ്ഞു നിർത്തി കാര്യം അന്വേഷിച്ചു. കൗൺസിലറെ കാണാനാണ് ഞങ്ങളെ കോൺവെന്റിൽ നിന്നും ഇറക്കി വിട്ടു എന്ന് കുട്ടികൾ പറഞ്ഞു. സംഭവം ഗുരുതരമാണെന്ന് മനസ്സിലായ നാട്ടുകാർ വിവരം സിപിഎം പ്രവർത്തകനായ ജബ്ബാറിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ജബ്ബാർ സ്ഥലത്തെത്തി കുട്ടികളോട് സംസാരിക്കുകയും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുട്ടികൾ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തറിയിക്കുകയുമായിരുന്നു. ഇതോടെയാണ് സംഭവത്തിൽ കാര്യമായ ഇടപെടലുകൾ ഉണ്ടായത്. അക്കാര്യങ്ങളെപ്പറ്റി ജബ്ബാർ മറുനാടൻ മലയാളിയോട് പറയുന്നു.

'രാത്രിയിൽ ഏകദേശം പത്തു മണിയോടടുക്കുമ്പോഴാണ് എന്റെയൊരു സുഹൃത്ത് വിളിച്ച് പറയുന്നത് ക്രൈസ്റ്റ് കിംങ്ങ് കോൺവെന്റിലെ കുട്ടികളെ സിസ്റ്റർമാർ ഇറക്കി വിട്ടു, ഒന്നു വേഗം വരണമെന്ന്. ഞാൻ ചെല്ലുമ്പോൾ ഇരുപതോളം കൊച്ചു കുഞ്ഞുങ്ങൾ കൂട്ടം കൂടി നിൽക്കുകയാണ്. വിവരം അന്വേഷിച്ചപ്പോൾ റൂമിന്റെ താക്കോൽ കാണുന്നില്ല, ഞങ്ങൾ കൊണ്ടുപോയി കളഞ്ഞു എന്ന് പറഞ്ഞ് കോൺവെന്റിലെ വാർഡൻ അംബിക എന്ന സിസ്റ്റർ റൂമിൽ കയറണ്ട എന്ന് പറഞ്ഞ് പുറത്ത് നിർത്തി. കുറേ ദിവസങ്ങളായി ഇങ്ങനെയായിരുന്നതിനാൽ കൗൺസിലറെ കണ്ട് കാര്യങ്ങൾ പറയാനായി ഇറങ്ങി വന്നതായിരുന്നു എന്ന് കുട്ടികൾ പറഞ്ഞു.

ഇതോടെ ഞാൻ കോൺവെന്റിലെ മദറിനെ ഫോണിൽ വിളിച്ച് അവിടെ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഒരു പ്രശ്നങ്ങളുമില്ലെന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ കുട്ടികളെ റൂമിൽ കയറ്റിയില്ലാ എന്ന് അറിഞ്ഞതായി പറഞ്ഞപ്പോൾ അങ്ങനെയൊരു സംഭവമേ ഇല്ല. കുട്ടികൾ ഇവിടെ തന്നെയുണ്ട് എന്ന് പറഞ്ഞു. കുട്ടികൾ എന്റെയൊപ്പം ഉണ്ട് എന്ന് പറഞ്ഞതോടെ അവർക്ക് ഉത്തരം മുട്ടി. ഇതോടെ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി കടവന്ത്ര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു, ജബ്ബാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

പിന്നീട് കുട്ടികളെ കോൺവെന്റിൽ എത്തിച്ചു. പൊലീസ് കുട്ടികളുടെ സുരക്ഷിതത്വം മറ്റൊരു സിസ്റ്ററെ ഏൽപ്പിച്ചു. പിറ്റേ ദിവസമാണ് ചൈൽഡ് വെൽഫയർ കമ്മറ്റിയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സ്ഥലത്തെത്തി കുട്ടികളുടെ മൊഴി എടുത്തതും കേസ് രജിസ്റ്റർ ചെയ്തതും.
കുറ്റക്കാരായ സിസ്റ്റർ മാരെ സംര്ക്ഷിക്കുന്ന തരത്തിലാണ് പൊലീസ് ഇടപെയുന്നതെന്ന് ജബ്ബാർ പറയുന്നു. ഇവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് വഴി മൂൻകൂർ ജാമ്യം എടുക്കാനുള്ള സൗകര്യമൊരുക്കുകയാണ്. എന്നാൽ ഉടൻ ഇവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർട്ടിയുടെ നേതൃത്വത്തിലോ അല്ലെങ്കിൽ നാട്ടുകാരുടെ നേതൃത്വത്തിലോ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജബ്ബാർ മറുനാടൻ മലയാളിയോട് പറഞ്ഞു.