കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ കോൺസ്റ്റബിളായിരുന്ന ജാബിൻ കോടീശ്വരനായത് കണ്ണടച്ചു തുറക്കും മുമ്പാണ്. ഡെപ്യൂട്ടേഷനിൽ എമിഗ്രേഷനിൽ എത്തിയ ഇയാൾ ഒന്നര വർഷമേ അവിടെ ജോലി ചെയ്തുള്ളൂ. ശമ്പളം പ്രതിമാസം ഇരുപതിനായിരം രൂപ. സാധാരണ കുടുംബാംഗം. ഇതൊക്കെയാണെങ്കിലും ഒന്നരവർഷത്തിനിടെ എട്ട് കോടി രൂപയാണ് ജാബിന്റെ ആസ്തി കുതിച്ചുയർന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ പ്രധാനി നൗഷാദുമായുള്ള ബന്ധം തന്നെയാണ് ജാബിനെ കോടിശ്വരനാക്കിയത്.

ജാബിനോടൊപ്പം സഹോദരൻ നിബിൻ, പിതാവ് ബഷീർ എന്നിവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി പൊലീസി. തിരിച്ചെത്തിയ മാസങ്ങളായി അവധിയിലായിരുന്നു. അതിനിടെയാണ് ഇന്നലെ അറസ്റ്റുണ്ടായത്. ഒന്നര വർഷത്തിനുള്ളിൽ എട്ടു കോടിയുടെ സമ്പാദ്യമാണ് കസ്റ്റംസ് കണ്ടെത്തിയത്. മൂവാറ്റുപുഴ മാർക്കറ്റിന് സമീപമാണ് വീട്. കഴിഞ്ഞ ഡിസംബറിൽ രണ്ടര കോടിക്ക് അശോകൻ എന്നയാളിൽ നിന്ന് പുതിയ വീട് വാങ്ങി. മാർക്കറ്റിൽ രണ്ടര കോടിക്ക് വാണിജ്യസമുച്ചയം നേരത്തേ വാങ്ങിയിരുന്നു. അതിലെ കടമുറികൾ വാടകയ്ക്ക് നൽകി. കൂടാതെ പ്‌ളാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്ന കടയും നടത്തുന്നുണ്ട്.
ഇന്നോവ, എറ്റിയോസ് കാറുകൾ സ്വന്തമായുണ്ട്. ഔഡി, ബെൻസ് എന്നീ ആഡംബര കാറുകൾ ബുക്ക് ചെയ്തിട്ടുണ്ട്. എറ്റിയോസ് വിൽക്കാനും തീരുമാനിച്ചിരുന്നു.

മൂവാറ്റുപുഴക്കാരനുംജാബിന്റെ അമ്മയുടെ അകന്ന ബന്ധുവുമായ നൗഷാദിന്റെ സ്വർണക്കടത്തിൽ ജാബിൻ പങ്കാളിയായതോടെയാണ് കോടികളുടെ ആസ്തി എത്തിയത്. നൗഷാദ് കാരിയർമാർ വഴി വിമാനത്താവളത്തിൽ എത്തിക്കുന്ന സ്വർണക്കട്ടികൾ പുറത്ത് കടത്തി മൂവാറ്റുപുഴയിൽ എത്തിക്കുകയായിരുന്നു ജോബിന്റെ ദൗത്യം. ഒരു കിലോ സ്വർണത്തിന് അര ലക്ഷം രൂപ വരെ നൗഷാദിൽ നിന്ന് വാങ്ങിയിരുന്നു.
വിമാനമിറങ്ങുന്ന കാരിയർമാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ സ്വർണം ഒളിപ്പിക്കും. ജോബിൻ സ്വർണം എടുത്ത് പാന്റിനടിയിൽ അരയിൽ കെട്ടും. പുറത്തിറങ്ങുമ്പോൾ കാറിലേക്ക് മാറ്റും. ദിവസവും പല തവണയായി 15 കിലോ വരെ സ്വർണം ഇങ്ങനെ പുറത്തെത്തിച്ചിട്ടുണ്ട്. സ്വർണക്കട്ടികൾ പിതാവ് ബഷീറും സഹോദരൻ നിബിനും ചേർന്നാണ് നൗഷാദ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്.

കഴിഞ്ഞ മെയ്‌ 24ന് 13 കിലോ സ്വർണം പിടിച്ചതുമായി ബന്ധപ്പെട്ട് നൗഷാദ് അറസ്റ്റിലായപ്പോഴാണ് വൻ സ്വർണക്കടത്തിന്റെ ചുരുളഴിഞ്ഞത്. 1300 കിലോ സ്വർണം ഏതാനും വർഷത്തിനിടെ നൗഷാദ് കടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. വൻകിട ജുവലറി ശൃംഖലകൾക്കാണ് ഇത് കൈമാറിയത്. രണ്ടു ജുവലറികളെക്കുറിച്ച് കസ്റ്റംസ് സീൽ ചെയ്ത കവറിൽ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ എവറസ്റ്റ് ജംഗ്ഷനിലെ ജുവൽ പാർക്ക് എന്ന സ്വർണക്കടയുടെ ഉടമ അമീർ ഉൾപ്പെടെ 21 പേരെ ഈ കേസിൽ മാത്രം കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.