ഡബ്ലിൻ: ''അർത്ഥമെത്ര വളരെയുണ്ടായാലും , തൃപ്തിയാകാ മനസ്സിനൊരു കാലം. പത്തുകിട്ടുകിൽ നൂറുമതിയെന്നും.......'' നീണ്ടുപോകുന്ന വരികളിലൂടെ ഭക്തകവി പൂന്താനം കോറിയിട്ടതാണ് മനുഷ്യന്റെ പണത്തിനോടുള്ള ആർത്തിയുടെ പരമാർത്ഥം. മാനം കെട്ടും പണം നേടിയാൽ പണം ആ മാനത്തെ തിരികെ കൊണ്ടുവരുമെന്ന വിശ്വാസത്തിൽ, പണം നേടാനായി എന്തിനും തയ്യാറായി മനുഷ്യർ ഇറങ്ങുന്ന കാലത്ത് തന്റെ പ്രവർത്തികൊണ്ട് തികച്ചും വ്യത്യസ്തയാവുകയാണ് നോർത്തേൺ അയർലൻഡിലെ ഫ്രാൻസെസ് കൊണോളി എന്ന 55 കാരി.

115 മില്യൺ പണ്ടാണ് ഈ നല്ല ഹൃദയത്തെ തേടിയെത്തിയത്. 2019- ൽ യൂറോ മില്യൺസ് ലോട്ടറി അടിച്ചതുവഴിയാണ് ഇത്രയും പണം അവരുടെ കൈകളിൽ എത്തിയത്. ദൈവം തനിക്ക് അനുഗ്രഹിച്ച് നൽകിയത് ഒറ്റയ്ക്ക് അനുഭവിക്കണം എന്നതായിരുന്നില്ല അവരുടെ ചിന്ത. മറിച്ച്, മറ്റുള്ളവർക്ക് താങ്ങാകാൻ വേണ്ടിയാണ് ദൈവം തന്നെ അനുഗ്രഹിച്ചത് എന്നായിരുന്നു അവർ ചിന്തിച്ചത്. നിനക്ക് രണ്ടുണ്ടെങ്കിൽ ഒന്നുമില്ലാത്തവന് ഒന്നു കൊടുക്കണം എന്നു പറഞ്ഞ ക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിച്ച അവർ ലഭിച്ച തുകയുടെ പകുതിയോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു കഴിഞ്ഞു.

മുൻ സോഷ്യൽ വർക്കറും അദ്ധ്യാപികയുമായ് ഇവർ പറയുന്നത്, ആളുകളെ സഹായിക്കുന്നതിൽ താൻ അടിപ്പെട്ടുപോയി എന്നാണ്. മദ്യാസക്തിയും മയക്കുമരുന്നിനോടുള്ള ആസക്തിയുമൊക്കെ പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളോടും ആസക്തിയാണത്രെ! അവർ ചുമ്മാ പറയുന്നതല്ല. ഈ വർഷത്തെ പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരുന്ന തുക കഴിഞ്ഞിട്ടും അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുകയാണ്.

സുഹൃത്തുക്കൾക്ക് നൽകിയതും ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി ചെലവഴിച്ചതുമൊക്കെയായി ഇതുവരെ 60 മില്യൺ പൗണ്ട് അവർ ചെലവഴിച്ചു കഴിഞ്ഞു. പണം നൽകി മാത്രമല്ല അവർ ആവശ്യക്കാരെ സഹായിക്കുന്നത്, ആവശ്യമുള്ളയിടങ്ങളിൽ സ്വയം സമയം കണ്ടെത്തി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവർ ശ്രമിക്കാറുണ്ട്.

ലോട്ടറിയിലൂടെ നേടിയ പണം കൊണ്ട് രണ്ട് ചാരിറ്റബിൾ ഫൗണ്ടേഷനാണ് ഇവർ സ്ഥാപിച്ചത്. ഒന്ന് നോർത്തേൺ അയർലൻഡിലെ അവരുടെ ജന്മസ്ഥലത്തും മറ്റൊന്ന് ഇവർ ഭർത്താവിനൊപ്പം കഴിഞ്ഞ 30 വർഷമായി ജീവിക്കുന്ന ഹാട്ടിൽപൂളിലും കഴിഞ്ഞ ശനിയാഴ്‌ച്ച ഇവരുടെ ഹാട്ടിൽപൂളിലെ പി എഫ് സി ട്രസ്റ്റിനായി ഇവർ നടത്തിയ ഒരു ധനസമാഹരണ പരിപാടിയിൽ 1 ലക്ഷം പൗണ്ടാണ് ശേഖരിച്ചത്. ഏകദേശം 250 പേരോളം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

വളരെ ചെറു പ്രായത്തിലെ ഇവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിരുന്നു. ഒമ്പത് വയസ്സുള്ളപ്പോശ് ഇവർ സെയിന്റ് ജോൺ ആംബുലൻസ്സർവ്വീസിനു വേണ്ടി സേവനം നൽകുകായിരുന്നു. പിന്നീട് വിദ്യാർത്ഥി ആയിരിക്കുമ്പോഴായിരുന്നു ബെൽഫാസ്റ്റിൽ ഒരു ഏയ്ഡ്സ് ഹെൽപ്ലൈൻ ആരംഭിച്ചത്. ഇവർക്ക് മൂന്ന് പെൺമക്കളാണുള്ളത് 34 കാരിയായ കട്രീനയും 26 വയസ്സുള്ള ഇരട്ടകളായ ഫിയോനയും നടാലിയയും. തങ്ങളുടെ അമ്മയ്ക്ക് ലഭിച്ച നിധിയിൽ അവർ ആഡംബരങ്ങൾക്ക് തുനിയുന്നില്ല.

ലോട്ടറി അടിച്ചതിനു ശേഷം ഇവർ സ്വന്തം ആവശ്യത്തിനായി പണം ചെലവഴിച്ചത് കൗണ്ടി ഡുറമിൽ ആറു കിടപ്പുമുറികൾ ഉള്ള ഒരു വീട് വാങ്ങുവാൻ ആയിരുന്നു. ഏഴ് ഏക്കർ സ്ഥലത്താണ് ഇത് നിൽക്കുന്നത്. ഇവർ ഇപ്പോഴും ഉപയോഗിക്കുന്നത് ഒരു സെക്കന്റ് ഹാൻഡ്ആസ്റ്റൺ മാർട്ടിൻ കാറാണ്. ഓരോ പെൻസ് ചെലവഴിക്കുമ്പോഴും അത് ചെലവാക്കുന്നത് അത്യാവശ്യത്തിനാണോ എന്ന് ചിന്തിക്കും എന്നാണ് അവർ പറയുന്നത്. അത്യാവശ്യമായ കാര്യമല്ലെങ്കിൽ അതുകൊണ്ട് എത്രപേരുടെ വിശപ്പ് മാറ്റാൻ ആകും, എത്രപേർക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയും എന്നൊക്കെ ചിന്തിക്കും എന്നും അവർ പറയുന്നു.