തൃശൂർ: പൊലീസിലും വേണമോ മോറൽ പൊലീസിങ്? ഒരു തൃശൂർപൂരം വെടിക്കെട്ട് കാണിക്കാതെ പത്തനംതിട്ടയിലേക്ക് നാടുകടത്തിയ ജേക്കബ്ബ് ജോബ് ഈ വർഷത്തെ തൃശൂർപൂരം വെടിക്കെട്ട് കേൾക്കുമോ? അതോ മെയ്‌ 31ന്റെ ജേക്കബ്ബ് ജോബ് ഐപിഎസ് ന്റെ വിരമിക്കൽ ചടങ്ങിൽ മറ്റൊരു തൃശൂർപൂരം വെടിക്കെട്ട് മുഴങ്ങുമോ? ജേക്കബ്ബ് ജോബിന്റെ പത്തനംതിട്ട-തൃശൂർ യാത്ര എക്‌സ് പ്രസ് വേഗത്തിലാവുമോ? പൊലീസിൽ തന്നെ പല വിധ ആശങ്കകളാണ് ഈ ചോദ്യങ്ങൾ ഉയർത്തുന്നത്.

തൃശൂരിലെ സെക്യുരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്സിലെ മുഖ്യ പ്രതി മുഹമ്മദ് നിസ്സാമിനെ കേസ്സിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കേസ്സിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ നിർണ്ണായ വെളിപ്പെടുത്തലുകൾ ജേക്കബ് ജോബ് നടത്തിയിരുന്നു. സോളാർ കേസിൽ കോൺഗ്രസ് നേതാക്കളെ രക്ഷിക്കാൻ വേണ്ടി സരിതാ നായരെ വരച്ചവരയിൽ നിർത്താൻ കോൺഗ്രസ്സിനു വേണ്ടി കോടികൾ മുടക്കിയത് മുഹമദ് നിസ്സാമായിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു. എന്നാൽ ഈ പണം സരിതാ നായരിൽ എത്തിയില്ല. മുഹമദ് നിസ്സാം കേസ്സിൽ കുരുങ്ങിയതോടെ രക്ഷപ്പെടാൻ വേണ്ടി ഈ കണക്കുകൾ എണ്ണിയെണ്ണി പറഞ്ഞതോടെ യു.ഡി.എഫ്. വെട്ടിലായി. ഇതാണ് നിസ്സാമിനെ സഹയിക്കാനുള്ള കള്ളകളികൾ സജീവമായതെന്ന ആരോപണം ശക്തമായിരുന്നു.

ഇതേതുടർന്ന് തൃശൂരിലെ കോൺഗ്രസ് നേതാവ് പി.എ. മാധവനും അന്ന് തൃശൂരിൽ സജീവമായിരുന്നു ബെന്നി ബഹനാന്റെ നേതൃത്തത്തിലുള്ള ആന്റണി പക്ഷക്കാരും സർവ്വോപരി ഉമ്മൻ ചാണ്ടി അടക്കം യു.ഡി.എഫും പതുക്കെപ്പതുക്കെ പ്രതിരോധത്തിലാവുകയായിരുന്നു. ഇതിനിടെയാണ് ജേക്കബ് ജോബിനെ സസ്‌പെന്റ് ചെയ്തത്. നിസ്സാമിനെ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തെ തുടർന്ന് സർവ്വീസിൽ നിന്ന് സസ്‌പ്പെന്ട് ചെയ്യപ്പെട്ട തൃശൂരിലെ മുൻ സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ വെളിപ്പെടുത്താണ് സോളാറും കോൺഗ്രസ് നേതാക്കളുമെല്ലാം വീണ്ടും പ്രതിസ്ഥാനത്താകാൻ കാരണം. ജേക്കബ് ജോബിനെ ബലിയാടാക്കിയത് മുൻ ഡി.ജി.പി. ബാലസുബ്രമണ്യമോ കേസ് അന്വേഷിച്ച ഐ.ജി., ടി.ജെ. ജോസോ? അതോ ഉമ്മൻ ചാണ്ടിയുടെ സോളാർ അഴിമതിയിലെ മുഹമദ് നിസ്സാം കേന്ദ്രീകൃത കൊടുക്കൽ-വാങ്ങൽ കഥകൾ മൂടിവക്കുന്നതിനോ? ഇങ്ങനെ മൂന്ന് ചോദ്യങ്ങളാണ് സജീവമാക്കുന്നത്.

തൃശൂരിലെ സെക്യുരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്സിലെ മുഖ്യ പ്രതി മുഹമ്മദ് നിസ്സാമിനെ കേസ്സിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കേസ്സിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. കേസ്സിന്റെ പ്രഭവകേന്ദ്രമായ തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷനിലെ സിഐയേയും പൊലീസുകാരെയും വിലയ്ക്കെടുത്ത മുഹമദ് നിസ്സാമിന്റെ കയ്യിൽ ആദ്യം വിലങ്ങ് ചാർത്തിയത് അന്നത്തെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ജേക്കബ്ബ് ജോബ് ഐപിഎസ് ആയിരുന്നു. പ്രതി മുഹമദ് നിസ്സാം ഒരുകാരണവശാലും രക്ഷപ്പെട്ടുകൂടാ എന്നൊരു ബഹുജന സമവായം ഉണ്ടാക്കിയെടുക്കുന്നതിൽ തൃശൂരിലെ മാധ്യമങ്ങൾ മുഖ്യ പങ്കു വഹിച്ചിരുന്നു. മറുനാടൻ മലയാളി തുടങ്ങിവച്ച കാമ്പൈൻ മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. മാതൃഭൂമി അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ ഇടപെടൽ കൂടിയയായപ്പോൾ നിസ്സാം അഴിക്കുള്ളിലായി.

ഇതിനിടെയാണ് സോളാറിലെ ഇടപാടുകളിൽ നിസ്സാം വിലപേശൽ തുടങ്ങിയത്. നിസ്സാമിന്റെ നാക്കിനെ പേടിച്ച ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ്സുകാർക്ക് നിസ്സാമിനെ രക്ഷപ്പെടുത്തേണ്ടത് അത്യാവശ്യമായി വന്നതോടെ കേസ്സന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങളായി. പിന്നീട് കേസ്സന്വേഷനത്തിന്റെ പേരിൽ നടന്നതെല്ലാം മുഹമദ് നിസ്സാമിനേയും കൊണ്ടുള്ള ഉല്ലാസയാത്രകളായിരുന്നു. കൊല്ലപ്പെട്ട സെക്യുരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ മരണമൊഴി യഥാസമയം രേഖപ്പെടുത്തിയില്ല. കേസ്സുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന രേഖകളും നശിപ്പിക്കപ്പെട്ടു. ചങ്ങനാശ്ശേരിയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കറകളഞ്ഞ സൗഹൃദമുള്ള പഴയ കെ.എസ്.യു. കാരനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പഴയ കെ.എസ്.സി. കാരനായ ജേക്കബ്ബ് ജോബ് ഐപിഎസിനെ കൈവിടില്ലെന്ന ചങ്കുറപ്പിൽ ജേക്കബ്ബ് ജോബ് നിസ്സാം കേസ്സിൽ ഉറച്ച നിലപാട് എടുത്തുവെന്നുവേണം ഇപ്പോൾ ഉറപ്പിക്കാൻ.

അതുകൊണ്ടുതന്നെ ഒരു സിറ്റി പൊലീസ് കമ്മീഷണറുടെ, ആരും അധികം പ്രയോഗിക്കാൻ ധൈര്യപ്പെടാത്ത അധികാരമുപയോഗിച്ചുകൊണ്ട് ജേക്കബ്ബ് ജോബ് ഐപിഎസ് നിസ്സാമിനെ പ്രത്യേകമായി ചോദ്യംചെയ്തു കൊണ്ട് കാപ്പയും ചാർത്തി. നിലവിലുള്ള പൊലീസ് മാന്വലും സി.ആർ.പി.സി. ചട്ടങ്ങളും അനുസരിച്ചുതന്നെയായിരുന്നു ചോദ്യം ചെയ്യൽ. സ്വാഭാവികമായും കാപ്പ ചുമത്തണമെങ്കിൽ പ്രബലമായ ആറു കേസ്സുകളെങ്കിലും മിനിമം വേണം. അതിനുവേണ്ടിയാണ് ജേക്കബ്ബ് ജോബ് അതീവ ജാഗ്രതയോടുകൂടി നിസ്സാമിനെ പ്രത്യേക താൽപ്പര്യമെടുത്ത് ചോദ്യം ചെയ്തതും കാപ്പ ചുമത്തിയതും. മുഹമദ് നിസ്സാം അഴിക്കുള്ളിലാവുന്നതോടെ സരിതാ നായർ അഴികൾക്ക് പുറത്താവുമെന്നത് ഉമ്മൻ ചാണ്ടിയേയും യു.ഡി.എഫിനേയും ആശങ്കപ്പെടുത്തി.

എന്തുവിലകൊടുത്തും ജേക്കബ്ബ് ജോബ് ഐപിഎസ് ന്റെ മുഹമദ് നിസ്സാം കേസ്സുമായി ബന്ധപ്പെട്ടുള്ള കുതിപ്പ് തടയേണ്ടത് യു.ഡി.എഫിന്റെ അജണ്ടയായി. അധികം വൈകാതെ ചങ്ങനാശ്ശേരിയിലെ വിദ്യാർത്ഥി രാഷ്ട്രീയ സൗഹൃദം മാറ്റിനിർത്തിക്കൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജേക്കബ്ബ് ജോബിനെ സൗകര്യപൂർവ്വം മറന്നു. പഴയ കെ.എസ്.സി. ക്കാരനായ സുഹൃത്ത് ജേക്കബ്ബ് ജോബ് ഐപിഎസിനെ ചെന്നിത്തല കൈവിട്ടു. തൃശൂരിലെ ചില മാധ്യമങ്ങളും ധാർമ്മികത കൈവിട്ടു കളിച്ചതും ജേക്കബ്ബ് ജോബിനു വിനയായി. നിസ്സാമിനെ രഹസ്യമായി ചോദ്യം ചെയ്തതിൽ അഴിമതി ആരോപിച്ചുകൊണ്ട് ജേക്കബ്ബ് ജോബിനെ ആദ്യം പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് സർവ്വീസിൽ നിന്ന് സസ്‌പ്പെന്ടു ചെയ്യുകയുമുണ്ടായി.

എന്നാൽ ചങ്ങനാശ്ശേരിയിൽ പയറ്റിത്തെളിഞ്ഞ ആ പഴയ കെ.എസ്.സി. ക്കാരനായ ജേക്കബ്ബ് ജോബ് ഐപിഎസ് കരുതലോടെയായിരുന്നു നീങ്ങിയിരുന്നത്. പത്തനംതിട്ടയിൽ നിന്ന് പുറത്തുവിട്ട എ.ഡി.ജി.പി. കൃഷ്ണമൂർത്തിയുടെ ശബ്ദരേഖ പി.സി. ജോർജ്ജ് വഴി പുറത്തായി. പൊലീസ് വകുപ്പിലെ ഒരു സുപ്രധാന സ്വാമിയും തൃശൂരിലെ പ്രമുഖ സ്വാമിയും നഗ്‌നരാക്കപ്പെട്ടു. പി.സി. ജോർജ്ജല്ലേ, കാര്യങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല. അധികം വൈകാതെ സോളാർ കേസ്സും കൂടുതൽ നഗ്‌നമായി. സോളാർ കമ്മീഷനായി. കമ്മീഷൻ റിപ്പോർട്ടായി. യു.ഡി.എഫ്. ഭരണത്തിന് പുറത്തായി.

ഇടതുമുന്നണി അധികാരത്തിൽ വന്നു. ജേക്കബ്ബ് ജോബ് ഐപിഎസ് പത്തനംതിട്ടയിൽ തന്നെ തിരിച്ചെത്തി. ഏറ്റുപറച്ചിലുകളും വെളിപ്പെടുത്തലുകളുമുണ്ടായി. പഴയ ശബ്ദരേഖയിലെ പൊലീസ് വകുപ്പിലെ ഒരു സുപ്രധാന സ്വാമിയും തൃശൂരിലെ പ്രമുഖ സ്വാമിയും ഒരിക്കൽക്കൂടി നഗ്‌നരായി. മുഹമദ് നിസ്സാമിന്റെ അക്കൗണ്ടിൽ പ്രമുഖ സ്വാമിയുടെ തൃശൂരിലെ മ്യുസിയം റോഡിലെ ഫ്‌ളാറ്റിൽ പൊലീസ് വകുപ്പിലെ സുപ്രധാന സ്വാമി തൃശൂരിലെ അമ്മനടിയോടൊപ്പം അന്തിയുറങ്ങിയ കഥകൾ വീണ്ടും കാര്യങ്ങളായി. തീർന്നില്ല, ഇനി ജേക്കബ്ബ് ജോബ് ഐപിഎസിന് ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട്.

അന്ന് സർക്കാർ കാണാൻ അനുവദിക്കാത്ത തൃശൂർപൂരം വെടിക്കെട്ട് ഇക്കുറിയൊന്നു കാണണം. കേൾക്കണം. അല്ലെങ്കിൽ തൃശൂരിൽ നിന്ന് മെയ്‌ 31 ന് നട്ടെല്ലോടെ വിരമിക്കണം. വിരമിക്കൽ ചടങ്ങിൽ മറ്റൊരു തൃശൂർപൂരം വെടിക്കെട്ട് നടത്തണം. കേരളം ഇന്നോളം കേൾക്കാത്ത ആ വെടിക്കെട്ടിൽ പൊലീസ് വകുപ്പിലെ ഇനിയും പൊട്ടിക്കാതെ വച്ചിട്ടുള്ള തോക്കുകൾ പൊട്ടിക്കണം. പൊതുജനത്തെ ആ ശബ്ദം കേൾപ്പിക്കണം. എന്നിട്ട് വേണമായിരിക്കും ജേക്കബ്ബ് ജോബ് ഐപിഎസിന് വർണ്ണാഭമായ അമിട്ടുകൾ വിരിയുന്നതുപോലെ വിടർന്ന ചിരിയുമായി സർവ്വീസിൽ നിന്ന് വിരമിക്കാൻ.