''നിങ്ങളുടെഹൃദയംഅസ്വസ്ഥമാകേണ്ടാ'' (യോഹ 14:1). അസ്വസ്ഥരാകാതിരിക്കാൻ ഈശോ ശിഷ്യന്മാരോടാണ് പറയുന്നത്. ആകുലതയും ഉത്കണ്ഠയും വിഷാദവും അകറ്റാനാണ് ഈശോയുടെ ഉപദേശം.നമ്മൾ ശ്രദ്ധിക്കേണ്ടത്, ശിഷ്യന്മാരോട് ഈ ആശ്വാസവാക്ക് പറയുന്ന ഈശോയുടെ അവസ്ഥയാണ്. തന്റെ പീഡാസഹനത്തിനും മരണത്തിനും തൊട്ടുമുമ്പാണ് ഈശോസ്വന്തം ശിഷ്യന്മാരോട് ഇത് പറയുന്നത്.

ഈ സംഭാഷണത്തിന്റെ ആരംഭത്തെക്കുറിച്ചു യോഹന്നാൻ എഴുതുന്നു: ''ഈലോകംവിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുന്നാളിനു മുമ്പ് ഈശോ അറിഞ്ഞു'' (യോഹ 13:1). സ്വന്തം പീഡാസഹനവും കുരിശുമരണവും മുമ്പിൽകാണുന്ന ഈശോയാണ് ശിഷ്യന്മാരെ ഉപദേശിക്കുന്നത്.

ശിഷ്യരിലൊരുവൻ ഒറ്റുവാനിരിക്കുന്നതും (13:21) പത്രോസ് തള്ളിപ്പറയുന്നതും (13:38) ബാക്കിയുള്ളവർ ഉപേക്ഷിച്ച്ഓടുന്നതും മുൻകൂട്ടി അറിയുന്ന ഈശോയാണ് ശിഷ്യരോട് അസ്വസ്ഥരാകാതിരിക്കാൻ ഉപദേശിക്കുന്നത്. ചുരുക്കത്തിൽ ഏറ്റവും കൂടുതൽ അസ്വസ്ഥനാകേണ്ടവൻ ഈശോയാണ്. അവനാണ് കൊല്ലപ്പെടാൻ പോകുന്നത്. അക്കാരണത്താൽതന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥനാകേണ്ട ഈശോയാണ് ശിഷ്യരെആശ്വസിപ്പിക്കുന്നത്. അതിന് അർത്ഥം, ഏറ്റവും വലിയ ജീവിതപ്രതിസന്ധിയുടെ മുമ്പിൽപോലും ഈശോ ലേശംപോലും അസ്വസ്ഥനായിരുന്നില്ലായെന്ന് സാരം. പകരം ഈശോ ഹൃദയശാന്തതയിലായിരുന്നു, സമാധാനത്തിലായിരുന്നു, സന്തുഷ്ടിയിലായിരുന്നു.

ഏറ്റവും വലിയ ജീവിതാപകടത്തിന്റെ സാഹചര്യത്തിൽ പോലും എങ്ങനെ ഹൃദയത്തിന്റെ സമാധാനവും സന്തുഷ്ടിയും നഷ്ടപ്പെടുത്താതെയിരിക്കാനാവും? ഇതാണ് ഈശോ ഇന്ന് കാണിച്ചു തരുന്നത്. ഇതാണ് ഈശോ ഇന്ന് ശിഷ്യരെ ഉപദേശിക്കുന്നത്. ഇതാണ് ഈശോ ഇന്ന് എന്നോട് പറഞ്ഞും കാണിച്ചും തരുന്നത്.

ഈശോയ്ക്കു പോലും നിയന്ത്രണമില്ലാത്ത കുറെ കാര്യങ്ങളുണ്ട്. മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളുടെമേൽ ഈശോയ്ക്കു പോലുംനിയന്ത്രണമില്ല. അന്ത്യഅത്താഴ സമയത്ത് ഈശോ പറയുന്നത്, ശിഷ്യരിൽ ഒരുവൻ ഒറ്റിക്കൊടുക്കുമെന്നാണ് (13:21). അപ്പക്കഷണം കൊടുത്തുകൊണ്ട് അവൻ യൂദാസിനോട് പറയുന്നത്, നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യാനാണ് (13:27). പിന്നീട് പത്രോസിനെക്കുറിച്ച് ഈശോ പറയുന്നത്, അവൻ മൂന്നു പ്രാവശ്യം ഈശോയെ തള്ളിപ്പറയുമെന്നാണ് (13:38).സ്വന്തം ശിഷ്യർ തനിക്കെതിരെ ചെയ്യാനിരിക്കുന്ന പ്രവൃത്തികളുടെമേൽ പോലും ഈശോയ്ക്ക് നിയന്ത്രണമില്ലായിരുന്നുവെന്നർത്ഥം.

നമ്മുടെ കാര്യത്തിലും ഇത് ശരിതന്നെയാണ്. മറ്റുള്ളവർ ചെയ്യുന്നതിന്റെ മേൽ, അവർ പറയുന്നതിന്റെമേൽ നമുക്കു വലിയ നിയന്ത്രണമൊന്നുമില്ല. നമ്മുടെ പുറമേ നടക്കുന്നവയുടെമേൽ നമുക്കു വലിയ നിയന്ത്രണമില്ല. ഇതാണ്‌സത്യം. ബാഹ്യമായിട്ടുള്ളവയുടെ മേൽ ഈശോയ്ക്ക് നിയന്ത്രണമൊന്നുമില്ലായിരുന്നു. മറ്റുള്ളവർ അവനെ പീഡിപ്പിക്കുകയും കുരിശിൽതറച്ച് കൊല്ലുകയും ചെയ്യുമെന്ന് അവനറിയാമായിരുന്നു. എന്നിട്ടും ഈശോയുടെ ഹൃദയസമാധാനം തകർക്കാൻ ആർക്കും കഴിഞ്ഞില്ല.

അതിനാലാണ് മരണത്തിന്റെ മുമ്പിൽനിന്നു കൊണ്ട് അസ്വസ്ഥരാകാതിരിക്കാനുള്ള വഴി ഈശോ ശിഷ്യർക്ക് ഉപദേശിച്ചു കൊടുക്കുത്. (14:1). ബാഹ്യമായിട്ടുള്ളവയുടെ മേൽ ഈശോയ്ക്ക് നിയന്ത്രണമില്ലാതിരുന്നപ്പോഴും അവനു നിയന്ത്രണമുള്ള ഒരു മേഖലയുണ്ടായിരുന്നു. അവന്റെ ഹൃദയം; അവന്റെ മനസ്സ്; അവന്റെ കാഴ്ചപ്പാട്; അവന്റെ ആന്തരികഭാവം. അതിനെ നിയന്ത്രിക്കാൻ ബാഹ്യശക്തികളെ ഈശോ അനുവദിച്ചില്ല. യൂദാസിന്റെ ഒറ്റിക്കൊടുക്കലും പത്രോസിന്റെ തള്ളിപ്പറയലും തന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ അവൻ അനുവദിച്ചില്ല.

അതിന് ഒരു അടിസ്ഥാന കാരണമുണ്ടായിരുന്നു. അതാണു യോഹന്നാൽ 13:3-ൽ പറയുന്നത്: ''താൻെ ദെവത്തിൽ നിന്നുവരുകയും ദൈവത്തിലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഈശോ അറിഞ്ഞു'' (13:3). അതായത്, ഈ ജീവിതമൊരു യാത്രയാണെന്ന്, ദൈവത്തിൽനിന്ന്വന്ന് അവിടേക്ക് തന്നെതിരിച്ചു പോകുന്ന യാത്രയാണെന്ന്ത് ഈശോയുടെ കാഴ്ചപ്പാടായിരുന്നു- സ്വന്തം ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട്. ഈ ജീവിതത്തെ ഒരുപരദേശവാസമായി കരുതുക. ദൈവത്തിൽനിന്നു വരുകയും ദൈവത്തിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നവരാണ് നമ്മൾ. അതിന്നിടയിലുള്ള പരദേശവാസമാണീ ജീവിതം. പ്രശസ്തമായഒരുപാട്ടില്ലേ- ''അക്കരയ്ക്കു യാത്രചെയ്യും സീയോൻസഞ്ചാരീ ഓളങ്ങൾ കണ്ടു നീഭയപ്പെടേണ്ടാ...''

ജീവിതത്തെ ഇത്തരമൊരു യാത്രയായി കാണുന്ന ഈശോയ്ക്ക് കുരിശുമരണം അസ്വസ്ഥത ഉളവാക്കുന്നില്ല. ജീവിതത്തിലെ പീഡനങ്ങൾ അസ്വസ്ഥത ഉളവാക്കുന്നില്ല. ഇത്തരമൊരു കാഴ്ചപ്പാട് സ്വീകരിക്കാനാണ് ഈശോ എന്നോട് ആവശ്യപ്പെടുന്നത്. ജീവിതത്തെക്കുറിച്ച് ഇത്തരമൊരുമനോഭാവം സ്വീകരിക്കാനാണ്് ഈശോ എന്നോട് ആവശ്യപ്പെടുന്നത്. അതിലൂടെയാണ് ജീവിതത്തിൽ അസ്വസ്ഥതകൾ ഒഴിവാക്കാനാവുന്നത്.

ആ അടിസ്ഥാന മാനസിക ഭാവമുണ്ടായിരുന്നതു കൊണ്ടാണ് ബാഹ്യമായ മറ്റുള്ളവയ്‌ക്കൊന്നും ഈശോയുടെ ആന്തരിക സമാധാനത്തെ, ഹൃദയത്തിന്റെ ശാന്തിയെ തകർക്കാൻ കഴിയാഞ്ഞത്. ഒരു വിവാഹാശീർവ്വാദത്തിന്റെ കഥ (ഓഡിയോകേൾക്കുക).

റെയ്‌നോൾഡ് നീബർ എന്ന ദൈവശാസ്ത്രജ്ഞന്റെ പ്രാർത്ഥന പ്രശസ്തമാണ്:

ദൈവമേ,
എനിക്കുമാറ്റാനാവാത്തവയെ
സ്വീകരിക്കാനുള്ളശാന്തതയും
മാറ്റാവുന്നവയെ
മാറ്റാനുള്ളധൈര്യവും
ഇവയെതമ്മിൽ
വേർതിരിച്ചറിയാനുള്ളവിജ്ഞാനവും
എനിക്കുനീതരേണമേ!

ഈശോ ശിഷ്യർക്ക് ഉപദേശിച്ചു കൊടുക്കുന്നതു സമാനമായ കാര്യമാണ്. അവൻ പറയുന്നു: ''നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട'' (14:1). അതിനുള്ള കാരണം എന്താണ്?''ഞാൻ പിതാവിന്റെ ഭവനത്തിൽനിങ്ങൾക്ക് സ്ഥലമൊരുക്കാനായി പോകുന്നു. സ്ഥലമൊരുക്കിക്കഴിയുമ്പോൾ ഞാൻ വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും'' (14:23).

അതായത്, ജീവിതത്തെ അതിന്റെ സമഗ്രതയിൽ കാണാനാണ് ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്. ജീവിതത്തെ ഒരു യാത്രയായികാണാൻ. ദൈവത്തിൽ നിന്നാണ്, തിരിച്ച് ദൈവത്തിലേക്ക് മടങ്ങിപ്പോകുന്ന യാത്രയാണ് ഭൂമിയിലെ നമ്മുടെ ജീവിതം.

ഈ യാത്രയിൽ പിതാവിലേക്ക് തിരിച്ചെത്താനുള്ള വഴിയാണ് ക്രിസ്തു.''വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല'' (14:6). ദൈവപിതാവിൽ തിരിച്ചെത്താനുള്ള മാർഗ്ഗമാണ് ക്രിസ്തു. ക്രിസ്തുവെന്നാൽ ക്രൂശിതനായ ക്രിസ്തു. അതായത് പരസ്‌നേഹത്തിന്റെ പരകോടിയെന്ന ദിവ്യകാരുണ്യം. കാരുണ്യത്തിന്റെ വഴിയേ നടന്ന്, ദൈവത്തിലേക്ക് തിരികെപ്പോകുന്ന യാത്രയായി ജീവിതത്തെ കാണുന്ന ക്രിസ്തു ശിഷ്യന്റെ ഹൃദയം അസ്വസ്ഥമാക്കാൻ ബാഹ്യമായിട്ടുള്ളതിനൊന്നും കഴിയില്ല.