തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ വിമർശനങ്ങളിൽ ഡി.ജി.പി ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്കു സർക്കാർ നീക്കം. ഇതുസംബന്ധിച്ച് ജേക്കബ് തോമസ് നൽകിയ വിശദീകരണം സർക്കാർ തള്ളി. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. ഈ സമിതി തെളിവെടുപ്പും മറ്റും നടത്തും. അതിന് ശേഷം ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് പുറത്താക്കാനാണ് പിണറായി വജിയൻ സർക്കാരിന്റെ നീക്കം. നേരത്തെ സർക്കാർ നിലപാടുകളെ ഉദ്യോഗസ്ഥൻ തള്ളിപ്പറയുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നു കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തെ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

പേഴ്‌സണൽ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ സർക്കാരിനു കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തെ കാര്യങ്ങൾ ബോധിപ്പിച്ചത്. സർക്കാരിനെതിരായ പരാമർശങ്ങൾ നടത്തിയതിനുള്ള ചാർജ് മെമോയിൽ പറഞ്ഞ കാര്യങ്ങളിൽ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നാണ് ജേക്കബ് തോമസിന്റെ പക്ഷം. ഇതോടെ നടപടിയില്ലെങ്കിൽ പറഞ്ഞത് ശരിയാണെന്നു സമ്മതിക്കലാവുമെന്നാണ് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം. ഈ സാഹാചര്യത്തിലാണ് ജേക്കബ് തോമസിനെതിരെ കടുത്ത നടപടിയിലേക്ക് സർക്കാർ പോകുന്നത്. എന്നാൽ അന്വേഷണ സമിതി ജേക്കബ് തോമസിനെതിരെ നിലപാട് എടുത്താലും അത് കേന്ദ്ര സർക്കാർ അംഗീകരിക്കണം. എങ്കിൽ മാത്രമേ കടുത്ത നടപടികൾ നടപ്പാക്കാനാവൂ. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ നിലപാട് എടുത്തിട്ടുമില്ല.

ഓഖി ദുരന്തത്തിൽ മുന്നറിയിപ്പു കിട്ടിയിട്ടും സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ല, ദുരന്തത്തിൽ എത്രപേർ മരിച്ചെന്നറിയില്ല,ഉന്നതന്റെ മക്കളാണ് മരിച്ചതെങ്കിൽ സർക്കാർ പ്രതികരണം ഇതായിരിക്കുമോ തുടങ്ങി പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നു ചൂണ്ടികാട്ടിയാണ് ജേക്കബ് തോമസ് മറുപടി നൽകിയത്. ഇത് സർക്കാരിന് വലിയ തിരിച്ചടിയാവുകയും ചെയ്തു. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സംസ്ഥാന ചരിത്രത്തിലൊന്നും ഇത്രയും ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം നടത്തിയിട്ടില്ല. സസ്‌പെൻഷനെതിരെ ജേക്കബ് തോമസ് കോടതിയെ സമീപിച്ചിരുന്നില്ല. സ്ഥാനമാനങ്ങൾക്കായി നിയമപോരാട്ടം നടത്തില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടെ കേരളം വിട്ടുപോകാൻ ജേക്കബ് തോമസ് തീരുമാനിച്ചതായും സൂചനകൾ പുറത്തുവന്നു. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ജേക്കബ് തോമസ് ഈ സൂചന തന്നത്

ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെതിരെ സർക്കാർ നടപടി വേഗത്തിലാക്കിയത്. ജേക്കബ് തോമസിനെ ഡിസ്മിസ് ചെയ്യാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എതിരാകുമോ എന്ന ഭയം പിണറായി സർക്കാരിനുണ്ട്. ആറു മാസത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ കൃത്യമായ കാരണമില്ലാതെ പുറത്തു നിർത്താനും കഴിയില്ലെന്നതും അന്വേഷണ കമ്മിഷന് നിയമനത്തിനു പിന്നിലുണ്ട്. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിലെ സർവീസ് ചട്ടലംഘനം ചൂണ്ടികാട്ടി ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ജേക്കബ് തോമസിനെതിരെ ക്രിമിനൽ നടപടിയടക്കം ശുപാർശ ചെയ്തിരുന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. ഇതിനിടെയാണ് സർക്കാരിന്റ പുതിയ നീക്കം.

നേരത്തെ വിസിൽബ്ലോവേഴ്‌സ് നിയമപ്രകാരം സംരക്ഷണമാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ച ജേക്കബ് തോമസിനെതിരെ സംസ്ഥാന സർക്കാർ നിലപാട് എടുത്തിരുന്നു. അഴിമതി വിരുദ്ധ നിലപാടിനു ജേക്കബ് തോമസ് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്നു സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. വിസിൽബ്ലോവറെന്ന പരിഗണന ജേക്കബ് തോമസിനു നൽകാനാകില്ല. ജേക്കബ് തോമസ് സർക്കാർ ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയായിരുന്നു. അതിനാൽ അഴിമതി പുറത്തുകൊണ്ടുവരുകയെന്ന പരിഗണന ലഭിക്കില്ലെന്നു സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.

അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ സർക്കാർ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചാണു ജേക്കബ് തോമസ് കോടതിയെ സമീപിച്ചത്. സർക്കാരിനെതിരെ നിരന്തരമായി നടത്തിയ വിമർശനങ്ങളുടെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമോയും നൽകി. എന്നാൽ, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നു ശക്തമായ ഭാഷയിലാണു ജേക്കബ് തോമസ് മറുപടി നൽകിയത്.

അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതും പറയുന്നതും രാജ്യത്തെ പൗരന്റെ കടമയാണെന്നും വളയുന്ന നട്ടെല്ല് അല്ല പൊലീസിന്റെ അന്തസ്സെന്നും മറുപടിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജേക്കബ് തോമസിനെതിരെ കൂടുതൽ നടപടി സർക്കാർ ആലോചിക്കുന്നതിനിടെയാണ് അദ്ദേഹം നിയമപോരാട്ടം തുടങ്ങിയത്. 2017 മാർച്ചിൽ വിജിലൻസ് ഡയറക്ടറായിരിക്കെ, വിസിൽബ്ലോവേഴ്‌സ് നിയമപ്രകാരം സംരക്ഷണം വേണമെന്നു ജേക്കബ് തോമസ് പ്രധാനമന്ത്രിക്കു കത്തയച്ച് ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത മാസം അദ്ദേഹത്തെ സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.