തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി സർക്കാരിന് തന്നെ വിനായാകുന്നു. സർക്കാർ നിയോഗിച്ച അച്ചടക്ക സമിതിക്കു മുൻപാകെ ഡിജിപി ജേക്കബ് തോമസ് ഹാജരായില്ല. കടുത്ത നിലപാടിലേക്ക് ഡിജിപി പോകുന്നതിന്റെ സൂചനയാണ് ഇത്. ഇന്നലെ മൂന്നിനു ഹാജരാകാനാണു നോട്ടിസ് നൽകിയിരുന്നത്. പക്ഷേ അദ്ദേഹം എത്തിയില്ല. അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണു സമിതിയിൽ. ഈ സമിതിക്കു മുന്നിൽ ജേക്കബ് തോമസിനു നിലപാടു വ്യക്തമാക്കാനും വാദിക്കാനും അവസരമുണ്ട്.

സസ്‌പെൻഷനിൽ കഴിയുന്ന ജേക്കബ് തോമസിനെതിരായ വകുപ്പുതല നടപടിയുടെ ഭാഗമായാണു നോട്ടിസ് നൽകിയത്. ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ വിശദീകരണം നേരത്തേ സർക്കാർ തള്ളിയിരുന്നു. ഇതിന് ശേഷമാണ് സമിതിയെ നിയോഗിച്ചത്. ഇന്നലെ ഹാജരാകാത്ത സാഹചര്യത്തിൽ സമിതി ഏകപക്ഷീയമായി റിപ്പോർട്ട് നൽകുമോ, അതോ ജേക്കബ് തോമസിനു വീണ്ടും അവസരം നൽകുമോയെന്നു വ്യക്തമല്ല. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതി പരാതിയിൽ രഹസ്യാന്വേഷണം നടത്തിയ വ്യക്തി സമിതിയിൽ ഉള്ളതിനാൽ സമിതിക്കു മുന്നിൽ ഹാജരാകാൻ സാധ്യത കുറവാണ്.

ഒരു മാസത്തിനകം തെളിവെടുപ്പു പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണു സമിതിയോടു സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ജേക്കബ് തോമസ് ഹാജരായില്ലെങ്കിൽ എന്തു ചെയ്യണമെന്നതിൽ സമിതിക്ക് വ്യക്തതയില്ല. നേരത്തേ ജേക്കബ് തോമസിന്റെ വിശദീകരണം ചീഫ് സെക്രട്ടറി തള്ളിയ സാഹചര്യത്തിൽ സമിതിയിൽനിന്നു കൂടുതൽ അനുകൂല തീരുമാനം അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. മുൻപു തനിക്കെതിരെ പ്രമേയം പാസാക്കുകയും തന്നെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഐഎഎസ് അസോസിയേഷനിൽ ഉൾപ്പെട്ട സമിതി അംഗങ്ങളിൽനിന്നു നീതി ലഭിക്കില്ലെന്ന നിലപാടിലാണു ജേക്കബ് തോമസ്. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനു നൽകിയ രണ്ടാമത്തെ കുറ്റപത്രത്തിനു ജേക്കബ് തോമസ് ഇതുവരെ മറുപടി നൽകിയിട്ടില്ല. കടുത്ത നടപടികളിലേക്ക് ജേക്കബ് തോമസ് കടക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് അന്വേഷണ സമിതിക്ക് മുമ്പിൽ ഹാജരാകാത്തതും.

തനിക്കെതിരായ നിർദ്ദേശമാണ് വരുന്നതെങ്കിൽ അതിനെ ചോദ്യം ചെയ്ത് ജേക്കബ് തോമസ് കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. നേരത്തെ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കേന്ദ്രവിജിലൻസ് കമ്മീഷണർക്ക്(സിവിസി) ജേക്കബ് തോമസ് അയച്ച കത്തിൽ ഹൈക്കോടതി ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹൈക്കോടതി ഇത്രവും തൊട്ടാവാടിയാവരുതെന്നും കുറ്റപ്പെടുത്തിയിരുന്നു.