തിരുവനന്തപുരം: പരസ്യവിമർശനത്തിലൂടെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിലയ്ക്ക് നിർത്തുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം. ബാർ കോഴയിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് ജേക്കബ് തോമസ് ഐപിഎസിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറിയും പറഞ്ഞു. എന്നാൽ കാരണം കാണിക്കൽ നോട്ടീസ് എന്തുകൊണ്ട് തന്നെവെന്ന മറുകുറിപ്പാണ് ജേക്കബ് തോമസ് നൽകിയത്. ഈ വിഷയത്തിൽ ഇതിനപ്പുറം ഒന്നും നടക്കില്ലെന്നാണ് സൂചന. പാറ്റൂർ ഭൂമി ഇടപാടിലും ബാർ കോഴയിലുമുള്ള അന്വേഷണത്തിലെ നിർണ്ണായക വിവരങ്ങൾ വിജിലൻസിൽ ഇരിക്കുമ്പോൾ ജേക്കബ് തോമസും കണ്ടിരുന്നു. ഇതിന്റെ എല്ലാം പകർപ്പ് ജേക്കബ് തോമസിന്റെ കൈയിലുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയായ ജേക്കബ് തോമസിനെതിരെ സർക്കാർ നടപടിയൊന്നും എടുക്കില്ല.

അച്ചടക്ക നടപടിയെടുത്ത് പുറത്തുവരുന്ന ജേക്കബ് തോമസ് കൂടുതൽ അപകടകാരിയാകുമെന്നാണ് വിലയിരുത്തൽ. ബാർ കോഴയിൽ വിവാദം കത്തുമ്പോൾ ഇത് അനിവാര്യതയാണ്. കാര്യങ്ങൾ ജേക്കബ് തോമസ് തുറന്നുപറഞ്ഞാൽ സർക്കാർ പ്രതിക്കൂട്ടിലാകും. ബാർ കോഴ ആരോപണത്തിൽ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ആസൂത്രിത നീക്കം നടത്തിയെന്നു വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിക്കെതിരായ അന്വേഷണത്തിന്റെ ചുക്കാൻ ഏറ്റെടുക്കുമെന്ന ഘട്ടത്തിലാണ് വിജിലൻസ് എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിനെ സ്ഥാനക്കയറ്റം നൽകി സ്ഥലംമാറ്റിയതെന്നു വ്യക്തമായി. വ്യക്തമായ കള്ളക്കളി നടന്നിട്ടുണ്ടെന്നാണ് സംശയം. ബാബുവിനെ രക്ഷിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.

ബാർ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെ. ബാബുവിനെതിരേ കേസെടുക്കാമെന്ന നിലപാടിലായിരുന്നു ജേക്കബ് തോമസ്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി അദ്ദേഹം കൊച്ചിയിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും ചെയ്തു. അതിനു തൊട്ടുപിന്നാലെയാണ് ജേക്കബ് തോമസിനെ ഫയർഫോഴ്‌സ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസിൽ നിന്നു തെറിപ്പിച്ചത്. സ്ഥാനക്കയറ്റം നൽകിയായിരുന്നു സ്ഥലംമാറ്റമെന്നതിനാൽ കേസ് അട്ടിമറിക്കാനെന്ന ആരോപണത്തെ പ്രതിരോധിക്കാൻ ആഭ്യന്തര വകുപ്പിനു കഴിഞ്ഞു. തുടർന്ന്, കേസന്വേഷിച്ച എറണാകുളം റേഞ്ച് വിജിലൻസ് എസ്‌പി: കെ.എം. ആന്റണിയുടെയും ഡിവൈ.എസ്‌പി: എം.എൻ. രമേശിന്റെയും നേതൃത്വത്തിലുള്ള വിജിലൻസ് സംഘം മന്ത്രി ബാബുവിനെ രക്ഷിക്കാനുള്ള ന്യായവാദങ്ങളാണ് അന്വേഷണ
റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്നാണ് ആരോപണം.

ബാബുവിനെതിരായ ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം നടത്താൻ ഏപ്രിൽ അവസാനമാണ് വിജിലൻസ് തീരുമാനമെടുത്തത്. എറണാകുളം വിജിലൻസ് എസ്‌പി. കെ.എം.ആന്റണിയുടെ യൂണിറ്റിലെ ഡിവൈ.എസ്‌പി. എം.എൻ.രമേശായിരുന്നു പ്രാഥമികാന്വേഷണം നടത്തിയത്. ആ കാലയളവിൽ എറണാകുളം റേഞ്ചിലെ വിജിലൻസ് യൂണിറ്റുകളുടെ മേൽനോട്ടച്ചുമതല ജേക്കബ് തോമസിനായിരുന്നു. അന്വേഷണപുരോഗതി വിലയിരുത്താൻ മെയ് 14ന് ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ചുകൂട്ടിയിരുന്നു. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ മന്ത്രി കെ.ബാബുവിന് 10 കോടി രൂപ നൽകിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയിലെ ആരോപണം പ്രത്യേകം അന്വേഷിക്കാൻ വിജിലൻസ് എസ്‌പി. ആർ.സുകേശനാണ് വിജിലൻസ് ഡയറക്ടറോട് ശുപാർശ ചെയ്തത്.

പ്രാഥമികാന്വേഷണത്തിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ബാബുവിനെതിരെ കേസെടുക്കാമെന്നായിരുന്നു ജേക്കബ് തോമസിന്റെ നിലപാടെന്നാണ് സൂചന. എന്നാൽ, പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ദിവസങ്ങൾ ബാക്കിനിൽക്കെ, ജേക്കബ് തോമസിനെ ഡി.ജി.പി.യായി സ്ഥാനക്കയറ്റം നൽകി ഫയർഫോഴ്‌സ് തലപ്പത്തേക്ക് മാറ്റി. മെയ് 31ന് ജേക്കബ് തോമസ് വിജിലൻസിന്റെ പടിയിറങ്ങി. ജൂൺ 6ന് കെ.ബാബുവിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡിവൈ.എസ്‌പി. റിപ്പോർട്ട് സമർപ്പിച്ചു. കെ.എം.മാണിക്കെതിരായ ബാർ േകാഴ കേസ് അന്വേഷണത്തിൽനിന്ന് ജേക്കബ് തോമസിനെ മാറ്റിയെന്ന ആരോപണം അന്ന് ഉയർന്നപ്പോൾ എ.ഡി.ജി.പി.ക്ക് കേസിന്റെ ചുമതലയില്ലെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ വാദം.

എന്നാൽ ഇതുസംബന്ധിച്ച പലരേഖകളും ജേക്കബ് തോമസിന്റെ കൈയിലുണ്ട്. എന്തുകൊണ്ട് സുകേശനെ അന്വേഷണ ചുമതല ഏൽപ്പിക്കാതെ എറണാകുളത്തേക്ക് അന്വേഷണം മാറ്റിയെന്നതും വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് ജേക്കബ് തോമസ്. ഇതെല്ലാം പുറത്തുപറഞ്ഞാൽ പ്രശ്‌നങ്ങൾ ഗുരതരമാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയോടെ ബാർ കോഴയിൽ സർക്കാരിനെ ആഞ്ഞടിക്കാൻ തയ്യാറായി നിൽക്കുന്ന പ്രതിപക്ഷത്തിന് പുതിയ ആയുധങ്ങൾ നൽകേണ്ടതില്ലെന്നാണ് തീരുമാനം.