- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറന്നു പറഞ്ഞ് ജേക്കബ് തോമസ്: യുക്തിഹീനമായ നടപടിയും അന്വേഷണവും സേനയുടെ മനോവീര്യം തകർക്കും; സംസ്ഥാനത്തുള്ളത് രണ്ട് നീതി; ചിലർക്ക് പ്രത്യേക പരിഗണനയും; സുകേശനെതിരായ അന്വേഷണത്തിൽ ഡിജിപിയുടെ വിമർശനങ്ങൾ ഇങ്ങനെ
കളമശേരി: അച്ചടക്ക നടപടിക്കുള്ള ഫയലുകൾ നീങ്ങുമ്പോഴും സർക്കാരിനെതിരെ വിമർശനവുമായി ഡിജിപി ജേക്കബ് തോമസ് വീണ്ടും. വിജിലൻസ് എസ് സുകേശനെതിരായ നടപടിയിലാണ് പരസ്യ പ്രതികരണം. അച്ചടക്കത്തിന്റെ സീമലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കി കരുതലോടെയാണ് വാക്കുകൾ ഉപയോഗിച്ചത്. എങ്കിലും ലക്ഷ്യം സർക്കാരിനെ പ്രകോപിപ്പിക്കൽ തന്നെ. സംസ്ഥാനത്ത് ഇപ്പോൾ ര
കളമശേരി: അച്ചടക്ക നടപടിക്കുള്ള ഫയലുകൾ നീങ്ങുമ്പോഴും സർക്കാരിനെതിരെ വിമർശനവുമായി ഡിജിപി ജേക്കബ് തോമസ് വീണ്ടും. വിജിലൻസ് എസ് സുകേശനെതിരായ നടപടിയിലാണ് പരസ്യ പ്രതികരണം. അച്ചടക്കത്തിന്റെ സീമലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കി കരുതലോടെയാണ് വാക്കുകൾ ഉപയോഗിച്ചത്. എങ്കിലും ലക്ഷ്യം സർക്കാരിനെ പ്രകോപിപ്പിക്കൽ തന്നെ. സംസ്ഥാനത്ത് ഇപ്പോൾ രണ്ടു നീതിയാണുള്ളത്. പൊലീസിൽ ചിലർക്ക് പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
യുക്തിഹീനമായ നടപടികളും യുക്തിഹീനമായ അന്വേഷണങ്ങളും സേനയുടെ മനോവീര്യം തകർക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഒരു കേസ് അന്വേഷിക്കുമ്പോൾ ഉദ്യോഗസ്ഥർ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ആ നിയമങ്ങളെല്ലാം കോടതി നിരീക്ഷണത്തിന് വിധേയമായിരിക്കും. അന്വേഷണത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നത് കോടതിയാണ്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ നടപടിയെടുക്കേണ്ടത് കോടതിയാണ്. സേനയുടെ ആത്മവീര്യത്തെ തകർക്കുന്ന നടപടിയാണ് വിജിലൻസ് എസ്‌പി: ആർ. സുകേശനെതിരെ എടുത്തിരിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
വിജിലൻസിൽ ഏറ്റവും അധികം പ്രവർത്തന പരിചയമുള്ള വളരെ പ്രഗത്ഭനായ അന്വേഷണ ഉദ്യോഗസ്ഥനാണ് എസ്‌പി സുകേശൻ. അന്വേഷണത്തിൽ പിഴവ് കണ്ടെത്തിയാൽ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ചട്ടങ്ങൾ അനുശാസിക്കുന്നത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണ ഉദ്യോസ്ഥന്റെ എല്ലാ നടപടി ക്രമങ്ങളും. അന്വേഷണത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കേണ്ടത്. കോടതിക്ക് വേണ്ടി നീതി നടപ്പാക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്യുന്നത്. അപ്പോൾ അതിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ കോടതിയാണ് നടപടിയെടുക്കേണ്ടത്. ജേക്കബ് തോമസ് പറഞ്ഞു.
ഒരു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് മുതൽ ചില നിയമങ്ങളുണ്ട്. അന്തിമ റിപ്പോർട്ട് കോടതിക്ക് കൊടുക്കുന്നതിന് മുന്പ് റെയ്ഡുകളോ മറ്റോ നടത്തണമെങ്കിൽ കോടതിയുടെ അനുമതി വാങ്ങണം എന്നിങ്ങനെ ചട്ടങ്ങളുണ്ട്. അപ്പോൾ, കോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച വന്നാലും നടപടി എടുക്കേണ്ടത് കോടതിയാണ്. കോടതി ചെയ്യേണ്ട ആ കാര്യം മറ്റാരെങ്കിലും ഇടപെട്ട് ചെയ്യുന്നത് ശരിയല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. യുക്തിഹീനമായ നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടായാൽ പൊലീസിനെയെന്നല്ല, ഏത് സ്ഥാപനത്തിന്റേയും ആത്മവീര്യത്തെ ബാധിക്കുന്നതാണ്. സുകേശൻ കഴിവുള്ള ഉദ്യോഗസ്ഥനാണെന്നും ജേക്കബ്ബ് തോമസ് കൂട്ടിച്ചേർത്തു.
ബാർ കോഴക്കേസിൽ ബാറുടമ ബിജു രമേശിനൊപ്പം ചേർന്ന് എസ്‌പി: ആർ. സുകേശൻ സർക്കാരിനെതിരെ പ്രവർത്തിച്ചുവെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നതിന് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. ബാർ ഉടമ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശുമായി ചേർന്ന് മന്ത്രിമാർക്കെതിരെ സുകേശൻ ഗൂഢാലോചന നടത്തിയെന്ന് സംശയമുണ്ടെന്നും അത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നുമുള്ള വിജിലൻസ് ഡയറക്ടറുടെ ശുപാർശയെത്തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെയാണ് ജേക്കബ് തോമസ് പരസ്യമായി വിമർശിക്കുന്നത്. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയതിന് നേരത്തെ ജേക്കബ് തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫയർഫോഴ്‌സ് മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം നടത്തിയ പരാർശങ്ങളായിരുന്നു ഇതിന് കാരണം.
എന്നാൽ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തില്ല. അതിനിടെ സർക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ കോളജിൽ ജോലിചെയ്തു എന്ന ആരോപണത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യാനാണ് സർക്കാർ നീക്കമെന്നാണ് സൂചന. ചില വിജിലൻസ് കേസുകളിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. ഇതേ തുടർന്നാണ് പുതിയ തന്ത്രവുമായെത്തിയത്. 2008ൽ അവധിയെടുത്ത് ഗവേഷണം ചെയ്ത സംഭവത്തിലാണ് സർക്കാർ ഇപ്പോൾ ഇടപെടുന്നത്. ഇത് പുതിയ ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്. പൊലീസിന്റെ തലപ്പത്ത് ജേക്കബ് തോമസ് എത്തുന്നത് തടയാനാണ് ഇത്. ഭരണ മാറ്റമുണ്ടായാൽ ജേക്കബ് തോമസ് പൊലീസ് ഡിജിപിയാകാൻ സാധ്യതയുണ്ട്. അത് മനസ്സിലാക്കിയാണ് നീക്കം. ജേക്കബ് തോമസ് സ്വയം രാജിവയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ശ്രമം. ഇത് മനസ്സിലാക്കിയാണ് സർക്കാരിനെ വിമർശിച്ച് വീണ്ടും വീണ്ടും ഡിജിപി മാദ്ധ്യമങ്ങളിൽ നിറയുന്നത്.