കണ്ണൂർ/തിരുവനന്തപുരം: മുന്മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ കെ.സി. ജോസഫിനെതിരെ ദ്രുതപരിശോധനക്ക് തലശ്ശേരി വിജിലൻസ് കോടതി ഉത്തരവ് ഡിജിപി ജേക്കബ് തോമസിന് പുതിയ ആയുധമാകും. കഴിഞ്ഞ സർക്കാരിലെ ചെറു മന്ത്രിമാർക്കെതിരെ അഴിമതി ആരോപണ പരിശോധന നടത്തുമ്പോഴാണ് കെസി ജോസഫിനെതിരെ ദ്രൂത പരിശോധനയ്ക്ക് കോടതി ഉത്തവിടുന്നത്. മന്ത്രിയായിരുന്ന കാലത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെത്തുടർന്നാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഇരിക്കൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന കെ.വി. ഷാജിയാണ് കെ.സി. ജോസഫിനെതിരെ പരാതി നൽകിയത്. ഈ പരാതിയിൽ അന്വേഷണം അതിവേഗം പൂർത്തിയാക്കും.

കെ.സി.ജോസഫ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് കണ്ണൂർ ഇരിട്ടി സ്വദേശി ഷാജി നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ഇരിക്കൂറിൽ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഫേസ്‌ബുക്ക് കൂട്ടായ്മ രംഗത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി ജോസഫിനെതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയ വ്യക്തിയാണ് ഷാജി. തെരഞ്ഞെടുപ്പിൽ കൂട്ടായ്മയുടെ പ്രതിനിധിയെ ഏറെ പിന്നിലാക്കി ജോസഫ് മികച്ച വിജയം നേടി. അപ്പോഴും ഫെയ്‌സ് ബുക്ക് കൂട്ടായ്മ ജോസഫിനെതിരായ ആരോപണങ്ങൾ ഉപേക്ഷിക്കുന്നില്ല. നിയമ പോരാട്ടത്തിനാണ് നീക്കമെന്ന് വ്യക്തമാക്കുന്നതാണ് ഷാജിയുടെ ഹർജി. കോഴിക്കോട് വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല. അടുത്ത മാസം പതിനാറിന് കോഴിക്കോട് വിജിലൻസ് ഡി.വൈ.എസ്‌പിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കെ.സി ജോസഫ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കും ഭാര്യക്കും ആകെ വരുമാനമായി കാണിച്ചിട്ടുള്ളത് 16,97,000 രൂപയാണ്. എന്നാൽ അഞ്ച് വർഷം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആകെ വരുമാനമായി ഒരു കോടി മുപ്പത്തി മൂന്ന് ലക്ഷത്തോളം രൂപയാണ് കാണിച്ചത്. ആദായ നികുതി വകുപ്പിന് കെ.സി ജോസഫ് നൽകിയ വാർഷിക വരുമാന കണക്ക് പ്രകാരം 97 ലക്ഷത്തി നാൽപത്തി മൂവായിരത്തി തൊള്ളായിരത്തി പത്ത് രൂപ മാത്രമാകണം അഞ്ച് വർഷത്തെ വരുമാനം. എന്നാൽ മുപ്പത്തി മൂന്ന് ലക്ഷം രൂപയുടെ അധിക വരുമാനം കെ.സി ജോസഫിന് ഉള്ളതായി കാണുന്നു.

ഇതിൽ ബാങ്ക് നീക്കിയിരുപ്പ് കുറച്ചാലും വലിയ തുക അനധികൃത സമ്പാദ്യമായി മുൻ മന്ത്രിയുടെ കൈയിലുണ്ടെന്നാണ് പരാതി. ആദായ നികുതി വകുപ്പിന് കെ.സി ജോസഫ് നൽകിയ സത്യവാങ്മൂലം അനുസരിച്ച് ബാങ്ക് ജീവനക്കാരിയായ ഭാര്യയുടെ ശമ്പളവും തന്റെ വരുമാനവുമല്ലാതെ മറ്റ് ആദായമൊന്നും ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനധികൃത വരുമാനം എങ്ങനെ വന്നു എന്ന് അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. അതിനിടെ വിജിലൻസിന്റെ ദ്രുതപരിശോധനയുമായി സഹകരിക്കുമെന്ന് കെ.സി.ജോസഫ് വ്യക്തമാക്കി. ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്നും കെ.സി.ജോസഫ് പറഞ്ഞു. എന്നാൽ അന്വേഷം ജേക്കബ് തോമസിന്റെ കൈയിലേക്കാണ് എത്തുന്നതെന്ന വെല്ലുവിളി ജോസഫും തിരിച്ചറിയുന്നു. ഡിവൈഎസ്‌പിയോടാണ് റിപ്പോർട്ട് കോടതി ആരാഞ്ഞെങ്കിലും വിജിലൻസ് ഡയറക്ടർ ഇടപെടുമെന്ന് ജോസഫ് തന്നെ വിലയിരുത്തുന്നുണ്ട്.

കെസി ജോസഫിനെതിരെ നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. വരവിൽ കവിഞ്ഞ സ്വത്ത് കേസായതിനാൽ ഈ അഴിമതികളെല്ലാം കോടതിയുടെ ദ്രുത പരിശോധനയ്‌ക്കൊപ്പം വിജിലൻസ് പരിശോധിക്കും. 45 ദിവസത്തിനകം തന്നെ എല്ലാം പൂർത്തിയാക്കും. നേരത്തെ സ്പീക്കറായിരുന്ന എൻ ശക്തന്റെ യാത്രാപടി തട്ടിപ്പിൽ ദ്രുത പരിശോധനയ്ക്ക് വിജിൻസ് ഡയറക്ടർ തന്നെ ഉത്തരവിട്ടിരുന്നു. കെസി ജോസഫിനെതിരേയും സമാന രീതിയിൽ അന്വേഷണത്തിന്റെ സാധ്യത തേടുമ്പോഴാണ് കോടതി ഇടപെടൽ. സന്തോഷ് മാധവന്റെ ഭൂമി തട്ടിപ്പ് കേസിൽ വ്യവയാസ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടിക്കും റവന്യൂമന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണനുമെതിരെ എഫ്‌ഐആർ ഇടാനും വിജിലൻസ് കോടതിയുടെ ഉത്തവുണ്ട്.

മന്ത്രിമാർക്കെതിരായ അന്വേഷണങ്ങൾ വിജിലൻസ് ഡയറക്ടർ നേരിട്ട് മേൽനോട്ടം വഹിക്കും. വ്യാജ യാത്രാരേഖകൾ നൽകി ലക്ഷങ്ങ ൾ തട്ടിയെടുത്തെന്ന പരാതിയി ൽ മുൻ നിയമസഭാ സ്പീക്കർ എൻ ശക്തനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതും ജേക്ക്‌ബ തോമസ് തന്നെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. യാത്രാപ്പടി തട്ടിപ്പ് പുറത്തുവിട്ടപ്പോൾ അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ വിജിലൻസ് ത്വരിതപരിശോധനയാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ, അന്നത്തെ വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡി നടപടിയെടുത്തിരുന്നില്ല. ഡപ്യൂട്ടി സ്പീക്കർ, സ്പീക്കർ പദവികളിലിരിക്കെ ശക്തൻ പ്രതിമാസം ശരാശരി ഒരുലക്ഷം രൂപ ലഭിക്കത്തക്കവിധം വ്യാജ ബില്ല് സമർപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മന്ത്രിമാരും ഉൾെപ്പടെയുള്ള വിവിഐപികളുടെ യാത്രാവിവരങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിനെ അറിയിക്കണമെന്നാണു വ്യവസ്ഥ. അങ്ങനെ നൽകിയ രേഖകളും ശക്തൻ സമർപ്പിച്ച ബില്ലുകളും പൊരുത്തപ്പെടാതിരുന്നതോടെയാണു തിരിമറി വെളിച്ചത്തായത്. ഇതിന് സമാനമായി മുൻ മന്ത്രിമാർക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും വിജിലൻസ് ഡയറക്ടർ പരിശോധിക്കുകയാണ്. ഇതിലെ ചെറുമീനുകളുടെ ഫയലാണ് ജേക്കബ് തോമസ് ആദ്യം പരിശോധിക്കുന്നത്. വി എസ് അച്യുതാനന്ദൻ നൽകിയ പരാതികൾക്കെല്ലാം അതിന്റേതായ പ്രാധാന്യം നൽകും. ഇതിന് പ്രത്യേക വിശ്വസ്തരുടെ സംഘത്തെ തന്നെ ജേക്കബ് തോമസ് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പരിശോനകൾ ഒരു മാസത്തിനകം പൂർത്തിയാകും. പരാതികളിൽ കഴമ്പുണ്ടെങ്കിൽ അവയെല്ലാം ദ്രുത പരിശോധനയ്ക്ക് വിധേയമാക്കി എഫ് ഐ ആർ ഇടാനാണ് തീരുമാനം.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ വമ്പൻ നേതാക്കൾക്കെതിരേയും ആരോപണങ്ങൾ പരിഗണനയിലുണ്ട്. എന്നാൽ ഇവയിൽ കരുതലോടെ മാത്രമേ നീങ്ങൂ. പഴുതകളില്ലാത്ത തെളിവുകൾ കണ്ടെത്താനാണ് നീക്കം. അതിന് ശേഷം മാത്രമേ ദ്രുത പരിശോധന പോലും ഉത്തരവിടൂ. ബാർ കോഴയിലും മറ്റും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ വമ്പൻ മീനുകൾക്കെതിരെ പ്രതികാരം തീർത്തുവെന്ന വാദങ്ങൾ സജീവമാകും. ഈ സാഹചര്യത്തിലാണ് ചെറുമീനുകളെ കുടുക്കിയ ശേഷം സ്രാവുകളിലേക്ക് കണ്ണെറിയാനുള്ള തീരുമാനം. അല്ലാത്ത പക്ഷം എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്ന പുകമറ ഉയർത്തി രക്ഷപ്പെടാൻ പ്രതിപക്ഷം ശ്രമിക്കും.

ഹരിപ്പാട്ടെ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയം വിജിലൻസിന്റെ പരിഗണനയ്ക്ക് സർക്കാർ വിട്ടുകഴിഞ്ഞു. ഇത് രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാറിനും ഊരാക്കുടക്കായി മാറുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന. സന്തോഷ് മാധവൻ ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നടത്തിയ നീക്കവും സംശയ നിഴലിലാണ്. ഇതും വിശദമായി തന്നെ വിജിലൻസ് പരിശോധിക്കും.