തിരുവനന്തപുരം: സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിണറായി സർക്കാരിന്റെ കാലത്തും രക്ഷയില്ല. അഴിമതിക്കെതിരെ കുരിശുയുദ്ധ പ്രഖ്യാപിച്ച തത്തയെ അപമാനിച്ച് പുറത്താക്കുകയാണ് സർക്കാർ. സർക്കാരിനെ വിമർശിച്ചതിന് സസെപ്ൻഷൻ. ഇതോടെ ജേക്കബ് തോമസ് രാജിവച്ച് പുറത്തു പോകുമെന്നാണ് പലരുടേയും പ്രതീക്ഷ. സിവിൽ സർവ്വീസിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയിൽ രാഷ്ട്രീയക്കാർ നടത്തിയ കള്ളക്കളികളാണ് ഫലം കാണുന്നത്. ഐഎംജി ഡയറക്ടർ സ്ഥാനത്ത് പോലും ജേക്കബ് തോമസിനെ ഉൾക്കൊള്ളാൻ സർക്കാരിനാകില്ല. തെറ്റ് ചൂണ്ടിക്കാണിക്കുന്നവർക്ക് എന്താകും ഫലമെന്ന് സന്ദേശമാണ് ഇതിലൂടെ സർക്കാർ നൽകുന്നത്.

പല ആരോപണങ്ങളുയർത്തി ജേക്കബ് തോമസിനെ പുകച്ചു പുറത്തു ചാടിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ അതിനുള്ള ധൈര്യം പിണറായി കാണിച്ചില്ല. ഇപ്പോൾ കരുതലോടെ തീരുമാനം എടുക്കുന്നു. അതിനിടെ ജേക്കബ് തോമസിന് സർവ്വീസിൽ നിന്ന് പുറത്താക്കാൻ ചില ഐഎഎസുകാർ നീക്കം തുടങ്ങിയിട്ടുണ്ട്. അഴിമതിക്കാരായ ഐഎഎസുകാർക്കും ഐപിഎസുകാർക്കുമെതിരെ ജേക്കബ് തോമസ് നടപടികൾ എടുത്തിരുന്നു. ഇതിൽ വൈരാഗ്യമുള്ളവരാണ് ഈ സാഹചര്യം മുതലാക്കാൻ നീക്കം നടത്തുന്നത്. ജേക്കബ് തോമസിനെ പുറത്താക്കുന്നതിനെ പ്രതിപക്ഷവും അനുകൂലിക്കുമെന്നാണ് ഇവരുടെ നിലപാട്.

ഔദ്യോഗിക നിലപാടുകളിലും പുറത്തു നടത്തിയ പ്രതികരണങ്ങളിലും ശക്തമായി യുഡിഎഫ് സർക്കാരിന്റെ നയങ്ങളെയും സമീപനങ്ങളെയും ജേക്കബ് തോമസ് എതിർത്തിരുന്നു. വിജിലൻസ് ഡിജിപിയായിരുന്ന വിൻസൻ എം പോളിനു കീഴിൽ എഡിജിപിയായി പ്രവർത്തിച്ചിരുന്നപ്പോഴാണ് ജേക്കബ് തോമസിന് സ്ഥാനചലനം സംഭവിക്കുന്നത്. ബാർ കോഴയടക്കം വിവിധ വിവാദ കേസുകളിൽ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് ജേക്കബ് തോമസ് ഉമ്മൻ ചാണ്ടി സർക്കാരിന് അനഭിമതനാകുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മുൻ മന്ത്രിമാർ, ഐഎഎസ്, ഐപിഎസുകാരടക്കം നിരവധി ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരുൾപ്പെടെ നിരവധിപേരുടെ കേസുകളാണ് ഉന്നത സമ്മർദ്ദത്തെ തുടർന്ന് അന്വേഷണം മുടങ്ങിയ നിലയിൽ വിജിലൻസിൽ കെട്ടിക്കിടക്കുന്നത്. യുഡിഎഫ് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് പല കേസുകളിലും നീതിയുക്തമായ തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്ന് വിജിലൻസ് എഡിജിപിയായിരുന്ന വേളയിൽ ജേക്കബ് തോമസ് പരസ്യമായിത്തന്നെ പ്രതികരിച്ചിരുന്നു.

ബാർ കോഴ കേസിൽ മന്ത്രിമാരായ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന നിലപാട് വിജിലൻസ് കൈക്കൊണ്ടതോടെ കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ജേക്കബ് തോമസിനെ മാറ്റുകയായിരുന്നു. ഇതോടെ ജേക്കബ് തോമസ് സർക്കാരിനെതിരെ പരസ്യ നിലപാടുകളുമായി രംഗത്തുവരികയും ചെയ്തു. ജേക്കബ്തോമസിനെ മാറ്റണമെന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന മന്ത്രി കെ ബാബുവും കേരള കോൺഗ്രസും മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ബാർ കോഴ കേസന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ ഉണ്ടായ ഈ മാറ്റം അന്ന് കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെ നീക്കമായാണ് വിലയിരുത്തപ്പെട്ടത്.

ബാർകോഴയ്ക്കുപുറമെ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരെ അവിഹിത ഇടപെടലുകളുടെ ആരോപണമുയർന്ന പാറ്റൂർ ഭൂമി ഇടപാടുകേസിലും സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ജേക്കബ് തോമസ് തയ്യാറായിരുന്നില്ല. ഇതെല്ലാം അദ്ദേഹത്തെ ഉമ്മൻ ചാണ്ടിക്ക് അനഭിമതനാക്കി. തുടർന്ന് വിജിലൻസ് എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി അദ്ദേഹത്തെ ഫയർഫോഴ്സ് ഡിജിപിയാക്കി. ബാർ കോഴ കേസ് അന്വേഷണ റിപ്പോർട്ട് 2015 മെയ് 20ന് വിജിലൻസ് കോടതിയിൽ സമർപ്പിക്കാനിരിക്കെ മെയ് ആദ്യവാരത്തിലായിരുന്നു ഈ അപ്രതീക്ഷിത മാറ്റം. ഇതിനെതിരെ എല്ലായിടത്തുനിന്നും വ്യാപക എതിർപ്പുണ്ടായി. ബാർകേസ് അട്ടിമറിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷത്തിനു പുറമെ കോൺഗ്രസിലെ ചില നേതാക്കൾപോലും രംഗത്തുവന്നു.എന്നാൽ എഡിജിപിയായിരുന്ന ജേക്കബിന് ഡിജിപിയായി പ്രൊമോഷൻ നൽകാനുദ്ദേശിച്ചാണ് അദ്ദേഹത്തെ സ്ഥാനക്കയറ്റം നൽകി ഫയർഫോഴ്സിലേക്ക് മാറ്റുന്നതെന്ന് വിശദീകരിച്ച് സർക്കാരും ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയും തടിതപ്പി.

എന്നാൽ മാറിയെത്തിയ ഫയർഫോഴ്സിലും തന്റെ അഴിമതിക്കെതിരായ നിലപാടിൽ ഉറച്ചുനിന്നതോടെ അദ്ദേഹം ഉമ്മൻ ചാണ്ടി സർക്കാരിന് നിരന്തരം തലവേദനയായി. സ്വകാര്യ രംഗത്തെ കൂറ്റൻ മാളുകൾ മുതൽ സർക്കാർതന്നെ പണിതുയർത്തിയ സെക്രട്ടേറിയറ്റ് അനക്സിന്റെ വരെ നിർമ്മാണത്തിൽ ഇടപെട്ട ജേക്കബ് തോമസ് അഗ്‌നിശമന നിയന്ത്രണത്തിനായി വകുപ്പിലുള്ള നിയമങ്ങൾ ഒന്നൊന്നായി സർക്കാരിനെയും ജനങ്ങളെയും പഠിപ്പിച്ചു. കേന്ദ്രനിയമത്തിൽ നിഷ്‌കർഷിക്കുന്ന അഗ്‌നിശമന നിയന്ത്രണ ചടങ്ങൾ പാലിക്കാത്ത വൻ കെട്ടിടങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് അദ്ദേഹം ഉത്തരവിട്ടതോടെ സർക്കാർ വീണ്ടും വെട്ടിലായി. മാളുകളുടേയും ഫ്‌ളാറ്റുകളുടേയും നിർമ്മാണങ്ങളിൽ പലതും ചട്ടങ്ങൾ ലംഘിക്കുന്നത് കണ്ടെത്തി പിടികൂടാൻ ആരംഭിച്ചതോടെ ജേക്കബ് തോമസിനെതിരെ പരസ്യമായി ഉമ്മൻ ചാണ്ടി തന്നെ രംഗത്തെത്തി. ഫയർഫോഴ്സ് മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ചുമതല നൽകി ഒതുക്കി. മാറ്റത്തിന് കാരണമായി അന്ന് മുഖ്യമന്ത്രി പറഞ്ഞത് ജേക്കബ് തോമസിനെതിരെ നിരവധി പരാതികൾ ലഭിച്ചുവെന്നും അദ്ദേഹം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നഉം അതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നുമായിരുന്നു. എന്നാൽ ജേക്കബ് തോമസിനെതിരെ രേഖാമൂലം ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന വിവരങ്ങൾ ദിവസങ്ങൾക്കകം പുറത്തുവന്നതോടെ ഉമ്മൻ ചാണ്ടി പ്രതിരോധത്തിലായി.

പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലെത്തിയ ശേഷവും ജേക്കബ് തോമസ് സർക്കാരിനെതിരെ ശക്തിയുക്തം വിമർശനങ്ങൾ തുടർന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയതുകൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും ഡിജിപിയായി തുടരുന്നതെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കിൽ അയാൾ വീട്ടിലിരുന്നേനെയെന്നും മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലി ഇതിനിടെ പ്രതികരിച്ചതും വിവാദമായി. ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെുയും പരസ്യ പ്രതികരണങ്ങളിലൂടെയും സർക്കാരിനെതിരെയും അഴിമതിക്കെതിരെയും നിരന്തരം പ്രതികരണം തുടർന്ന ജേക്കബ് തോമസ് അതിനാൽത്തന്നെ യുഡിഎഫിന് പൂർണമായും അനഭിമതനായി. വിജിലൻസിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കുന്ന തീരുമാനം, വിജിലൻസ് നയങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ജേക്കബ് തോമസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അഴിമതിക്കെതിരെ എന്നും സന്ധിചെയ്യാതെ നിന്ന ജേക്കബ് തോമസ് ഇതിനിടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ പുതിയ സംഘടനയ്ക്കും രൂപം നൽകി.

നടൻ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് തുടങ്ങി നിരവധി പ്രമുഖരെ ഉൾപ്പെടുത്തി എക്സൽ കേരള എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്. അതിനിടെ പിണറായി സർക്കാർ അധികാരത്തിലെത്തി. അഴിമതി വിരുദ്ധതയിൽ എന്നും കാർക്കശ്യം പുലർത്തിയ ജേക്കബ് തോമസ് വീണ്ടും വിജിലൻസിൽ പൂർണാധികാരങ്ങളോടെ ഡിജിപിയായി എത്തി. ഇതോടെ പലതും പ്രതീക്ഷിച്ചു. തുടക്കത്തിൽ പിണറായി ജേക്കബ് തോമസിനെ ഒപ്പം നിർത്തി. അനുനയത്തിനില്ലാതെ അധികാരം ഉപയോഗിച്ച് അഴിമതിക്കാരെ തളയ്ക്കാനായിരുന്നു ജേക്കബ് തോമസിന് ഇഷ്ടം. കൂട്ടിടച്ചിടാൻ ഈ തത്തെ പലപ്പോഴും ശ്രമിച്ചു. പക്ഷേ ഒന്നും നടന്നില്ല. അങ്ങനെയാണ് തന്ത്രപരമായി ജേക്കബ് തോമസിനെ വിജിലൻസിൽ നിന്ന് മാററി ഐഎംജിയുടെ മൂലയ്ക്കിരുത്തുന്നത്. അപമാനിതനായ ജേക്കബ് തോമസ് സ്വയം രാജിവയ്ക്കുമെന്ന് പലരും കരുതി. എന്നാൽ ഉത്തരവാദിത്വം ഏതായാലും ഏറ്റെടുക്കാനായിരുന്നു നീക്കം.

ഇത് അപ്രതീക്ഷിതമായിരുന്നു. ഇതോടെ ആത്മകഥയുടെ പേരിൽ നടപടിയെടുക്കാൻ നീക്കം നടത്തി. പക്ഷേ ജനരോക്ഷത്തെ സർക്കാർ ഭയന്നു. അതുകൊണ്ട് തന്നെ നടപടികൾ അകന്നു നിന്നു. സർവ്വീസ് ചട്ടലംഘനത്തിന്റെ പേരിൽ ആത്മകഥയിൽ ക്രിമിനൽ കേസ് എടുക്കണമെന്ന് പോലും നിർദ്ദേശം ഉയർന്നു. അതും മുഖ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ ഭയന്ന് വേണ്ടെന്ന് വച്ചു. അതിന് ശേഷം നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു പിണറായി സർക്കാർ ഓഖിയിലെ സത്യം പറച്ചിൽ സർക്കാർ ഗൗരവത്തോടെ എടുത്തു. പ്രതിപക്ഷം പോലും ചർച്ചയാക്കാൻ ആഗ്രഹിക്കാത്ത വസ്തുതയാണ് പൊതുസമൂഹത്തിന് മുന്നിൽ ജേക്കബ് തോമസ് ഇട്ടുകൊടുത്തത്. ഇതുകൊള്ളേണ്ടിടത്തുകൊള്ളുകയും ചെയ്തു.

ഓഖി ദുരന്തത്തിന്റെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് തുറന്നടിച്ചു. എത്രപേർ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആർക്കും അറിയില്ല. പണക്കാരാണ് കടലിൽ പോയിരുന്നതെങ്കിൽ ഇങ്ങനെ ആകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങൾ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ സംവാദത്തിനു പോലും കേരളത്തിൽ ഭയമാണ്. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശ്ശബ്ദനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുതാര്യതയെ കുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിക്കാരെല്ലാം ഒന്നാണ്. വിശ്വാസമുണ്ടെങ്കിൽ ജനങ്ങളുടെ അടുത്തുപോയി ഭരണാധികാരികൾക്ക് നിൽക്കാം. സുനാമി പാക്കേജിലെ 1400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കിൽ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സർക്കാരിന് വലിയ ക്ഷീണമായി. സത്യം വിളിച്ചു പറയുന്ന ഉദ്യോഗസ്ഥനെ പുറത്താക്കാൻ ഇതോടെ തീരുമാനമായി.

ജേക്കബ് തോമസിനെ എന്തു ചെയ്താലും കോൺഗ്രസുകാർ പ്രതിഷേധിക്കില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ഊരാക്കുടുക്കിൽ പെടുത്തിയതിന്റെ പ്രതികാരം അവർക്കുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് ജേക്കബ് തോമസിനെതിരായ സസ്‌പെൻഷൻ. അതിനിടെയ സസ്‌പെൻഷൻ ഡിസ്മിസലാക്കാനും നീക്കം സജീവമാണ്. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് സർവ്വീസ് ചട്ട ലംഘനമാണ്. അതിന് തെളിവുണ്ട്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെതിരെ പുറത്താക്കൽ നടപടിയാകാമെന്നാണ് സർക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. പ്രതിപക്ഷം പ്രതിഷേധിക്കില്ലെന്നതിനാൽ ആ തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കവും.

കോഴ മുതൽ ബന്ധുത്വ നിയമന വിവാദം വരെ ജേക്കബ് തോമസിന് ഉറച്ച നിലപാടുകളായിരുന്നു. ബാർ കോഴയിൽ കെ എം മാണിയും കെ ബാബുവും കുടുങ്ങിയത് വിജിലൻസിന്റെ തലപ്പത്ത് ജേക്കബ് തോമസ് എത്തിയതു കൊണ്ടായിരുന്നു. ഇതിനിടെ കോൺഗ്രസ്-സിപിഎം നേതാക്കളുടെ അനധികൃത സ്വത്തിനെ കുറിച്ച് ബിജെപി നേതാവ് വി മുരളീധരന്റെ പരാതിയും ജേക്കബ് തോമസിന് മുന്നിലെത്തി. ഇതും പരിശോധിച്ചു. പല ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് കണ്ടെത്തുന്നതിനിടെയായിരുന്നു ബന്ധുത്വ നിയമന വിവാദം. കൃത്യമായി മുന്നോട്ട് പോയാൽ ഇപി ജയരാജൻ കുടുങ്ങുമെന്ന് ഉറപ്പായ കേസ്. ഇതോടെ ജേക്കബ് തോമസിന് കരുത്തരായ പുതിയ ശത്രുക്കളെ കിട്ടി. ഇതിനൊപ്പം ഐപിഎസുകാരിലെ ചിലരും. ഇതോടെ ജേക്ക്‌ബ് തോമസിനെതിരേയും പല ആരോപണങ്ങൾ പൊടി തട്ടിയെടുത്തു. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പഴയ കണ്ടെത്തലുകൾ പുതിയതായി വീണ്ടുമെത്തി. വിജിലൻസിനെ കൂട്ടിലടച്ച തത്തയിൽ നിന്ന് സ്വതന്ത്രമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പക്ഷേ അത് താൽകാലികമായിരുന്നു.

1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഫയർഫോഴ്സ് മേധാവി, വിജിലൻസ് എ.ഡി.ജി.പി. തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ മേലങ്കിയില്ലെങ്കിലും അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നു തന്നെയാണ് ജേക്കബ് തോമസ് നൽകുന്ന സൂചനയും.