തിരുവനന്തപുരം: പുതുക്കിയ അഖിലേന്ത്യാ സർവീസ് ചട്ടത്തിന്റെ സെക്ഷൻ -3 പ്രകാരം ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഒഫ് പൊലീസ്, പ്രിൻസിപ്പൽ കൺസർവേറ്റർ ഒഫ് പൊലീസ് എന്നിവരെ കേന്ദ്രത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് സസ്‌പെൻഡ് ചെയ്യാനാവില്ല. സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് ചട്ടം പുതുക്കിയത്. സസ്‌പെൻഷൻ ഉത്തരവിലെ പിഴവുകൾ സർക്കാരിനെതിരെ സെൻകുമാർ മോഡൽ' നിയമ പോരാട്ടത്തിന് ജേക്കബ് തോമസിന് അവസരമൊരുക്കും. വിജിലൻസിൽ നിന്ന് നീക്കം ചെയ്തതിനെയും കോടതിയിൽ ചോദ്യംചെയ്യാൻ കഴിയും.

അഴിമതിവിരുദ്ധ ദിനത്തിലെ ജേക്കബ് തോമസിന്റെ പ്രസംഗം സംസ്ഥാന സുരക്ഷയെയും സമൂഹത്തിന്റെ താത്പര്യത്തെയും ഹനിക്കുന്നതെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ളത്. സുരക്ഷ അപകടത്തിലാണെന്ന് ഇന്റലിജൻസ് മേധാവിയോ കേന്ദ്ര ഏജൻസികളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീരപ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവമുള്ളതായിരുന്നു പ്രസംഗമെന്നും പറഞ്ഞിട്ടുണ്ട്. ഈ കാരണങ്ങൾ കാട്ടി കന്റോൺമെന്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ സർക്കാർ നടപടിക്ക് ബലം കിട്ടിയേനെ. അന്വേഷണം പൂർത്തിയാകും വരെ സസ്‌പെൻഷനിൽ നിറുത്താനും കഴിയുമായിരുന്നു.

ഉത്തരവിന്റെ ആദ്യ ഖണ്ഡികയിൽ പ്രസംഗത്തിന്റെ ഭാഗമായി ചേർത്തിട്ടുള്ള വാചകങ്ങൾ ജേക്കബ് തോമസ് പറഞ്ഞതല്ല. സർക്കാരിന് കിട്ടിയത് തെറ്റായ വിവരമാണെന്നും പറയാത്ത കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാദിക്കാനാവും. പ്രസംഗത്തെക്കുറിച്ച് സർക്കാരിന് എങ്ങനെ വിവരം കിട്ടിയെന്നൊരു റഫറൻസ് പോലും ഉത്തരവിലില്ല. ഏറ്റവും മുതിർന്ന പൊലീസുദ്യോഗസ്ഥൻ സംസ്ഥാന സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പ്രവർത്തനത്തിലേർപ്പെട്ടെന്ന് പത്രവാർത്തയുടെയും ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നിഗമനത്തിലെത്താനാവില്ല. പ്രസംഗത്തിന്റെ ഇംഗ്‌ളീഷ് പരിഭാഷ ഉത്തരവിൽ അതേപടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ പിഴവ് ഒഴിവാക്കാമായിരുന്നു. പ്രസംഗത്തെക്കുറിച്ച് പരാതിയുണ്ടായോ, തീരമേഖലയിൽ പ്രകോപനമുണ്ടായോ തുടങ്ങിയ പരാമർശങ്ങളുമില്ല.

കേരളത്തിൽ ഡി.ജി.പി പദവിയുള്ള 12 പേരുണ്ട്. തനിക്ക് നിയമത്തിന്റെ സംരക്ഷണം കിട്ടണമെന്നും ഏറ്റവും മുതിർന്നയാളായിട്ടും കേഡർ പോസ്റ്റിൽ നിന്ന് ഐ.എം.ജിയിലേക്ക് മാറ്റിയത് തെറ്റാണെന്നും ജേക്കബ് തോമസിന് വാദിക്കാം. മന്ത്രിയായിരുന്ന ഇ.പി. ജയരാജനെതിരെ കേസെടുത്തതിന്റെ പ്രതികാര നടപടിയായി വിജിലൻസിൽ നിന്ന് പുറത്താക്കിയെന്നും എട്ടു മാസത്തിനുശേഷം പറയാത്ത കാര്യത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌തെന്നും വാദമുയർത്താം. സെൻകുമാർ ചെയ്തതു പോലെ, പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി ഉത്തരവിന് കടകവിരുദ്ധമാണ് തനിക്കെതിരായ നടപടിയെന്ന് വാദിക്കാൻ ഉത്തരവിലെ പഴുതുകൾ ജേക്കബ് തോമസിന് അവസരം നൽകും. സെൻകുമാറിന്റേത് അൺഫെയർ റിമൂവൽ' ആണെന്നാണ് സുപ്രീംകോടതി വിധിച്ചത്. നടപടിക്രമങ്ങളിലെ പിഴവുകൾക്ക് ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്ക് സുപ്രീംകോടതിയിൽ മാപ്പുപറയേണ്ടിയും വന്നു.

പല ആരോപണങ്ങളുയർത്തി ജേക്കബ് തോമസിനെ പുകച്ചു പുറത്തു ചാടിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ അതിനുള്ള ധൈര്യം പിണറായി കാണിച്ചില്ല. ഇപ്പോൾ കരുതലോടെ തീരുമാനം എടുക്കുന്നു. അതിനിടെ ജേക്കബ് തോമസിന് സർവ്വീസിൽ നിന്ന് പുറത്താക്കാൻ ചില ഐഎഎസുകാർ നീക്കം തുടങ്ങിയിട്ടുണ്ട്. അഴിമതിക്കാരായ ഐഎഎസുകാർക്കും ഐപിഎസുകാർക്കുമെതിരെ ജേക്കബ് തോമസ് നടപടികൾ എടുത്തിരുന്നു. ഇതിൽ വൈരാഗ്യമുള്ളവരാണ് ഈ സാഹചര്യം മുതലാക്കാൻ നീക്കം നടത്തുന്നത്. ജേക്കബ് തോമസിനെ പുറത്താക്കുന്നതിനെ പ്രതിപക്ഷവും അനുകൂലിക്കുമെന്നാണ് ഇവരുടെ നിലപാട്.

ബാർ കോഴ കേസിൽ മന്ത്രിമാരായ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന നിലപാട് വിജിലൻസ് കൈക്കൊണ്ടതോടെ കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ജേക്കബ് തോമസിനെ മാറ്റുകയായിരുന്നു. ഇതോടെ ജേക്കബ് തോമസ് സർക്കാരിനെതിരെ പരസ്യ നിലപാടുകളുമായി രംഗത്തുവരികയും ചെയ്തു. ജേക്കബ്‌തോമസിനെ മാറ്റണമെന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന മന്ത്രി കെ ബാബുവും കേരള കോൺഗ്രസും മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ബാർ കോഴ കേസന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ ഉണ്ടായ ഈ മാറ്റം അന്ന് കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെ നീക്കമായാണ് വിലയിരുത്തപ്പെട്ടത്.

ബാർകോഴയ്ക്കുപുറമെ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരെ അവിഹിത ഇടപെടലുകളുടെ ആരോപണമുയർന്ന പാറ്റൂർ ഭൂമി ഇടപാടുകേസിലും സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ജേക്കബ് തോമസ് തയ്യാറായിരുന്നില്ല. ഇതെല്ലാം അദ്ദേഹത്തെ ഉമ്മൻ ചാണ്ടിക്ക് അനഭിമതനാക്കി. തുടർന്ന് വിജിലൻസ് എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി അദ്ദേഹത്തെ ഫയർഫോഴ്‌സ് ഡിജിപിയാക്കി. ബാർ കോഴ കേസ് അന്വേഷണ റിപ്പോർട്ട് 2015 മെയ് 20ന് വിജിലൻസ് കോടതിയിൽ സമർപ്പിക്കാനിരിക്കെ മെയ് ആദ്യവാരത്തിലായിരുന്നു ഈ അപ്രതീക്ഷിത മാറ്റം. ഇതിനെതിരെ എല്ലായിടത്തുനിന്നും വ്യാപക എതിർപ്പുണ്ടായി. ബാർകേസ് അട്ടിമറിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷത്തിനു പുറമെ കോൺഗ്രസിലെ ചില നേതാക്കൾപോലും രംഗത്തുവന്നു.എന്നാൽ എഡിജിപിയായിരുന്ന ജേക്കബിന് ഡിജിപിയായി പ്രൊമോഷൻ നൽകാനുദ്ദേശിച്ചാണ് അദ്ദേഹത്തെ സ്ഥാനക്കയറ്റം നൽകി ഫയർഫോഴ്‌സിലേക്ക് മാറ്റുന്നതെന്ന് വിശദീകരിച്ച് സർക്കാരും ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയും തടിതപ്പി.

ഓഖി ദുരന്തത്തിന്റെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് തുറന്നടിച്ചു. എത്രപേർ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആർക്കും അറിയില്ല. പണക്കാരാണ് കടലിൽ പോയിരുന്നതെങ്കിൽ ഇങ്ങനെ ആകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങൾ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ സംവാദത്തിനു പോലും കേരളത്തിൽ ഭയമാണ്. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശ്ശബ്ദനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുതാര്യതയെ കുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിക്കാരെല്ലാം ഒന്നാണ്. വിശ്വാസമുണ്ടെങ്കിൽ ജനങ്ങളുടെ അടുത്തുപോയി ഭരണാധികാരികൾക്ക് നിൽക്കാം. സുനാമി പാക്കേജിലെ 1400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കിൽ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സർക്കാരിന് വലിയ ക്ഷീണമായി. സത്യം വിളിച്ചു പറയുന്ന ഉദ്യോഗസ്ഥനെ പുറത്താക്കാൻ ഇതോടെ തീരുമാനമായി.

1985 ബാച്ച് ഐ.പി.എസുകാരനായ ജേക്കബ് തോമസിന് 32 വർഷത്തിനിടെ മൂന്നു കൊല്ലമേ ക്രമസമാധാനച്ചുമതല ലഭിച്ചുള്ളൂ. ഗതാഗത വകുപ്പ്, സിവിൽ സപ്ലൈസ്, കെ.എസ്.എഫ്.ഡി.സി, കെ.ടി.ഡി.എഫ്.സി, പ്ലാന്റേഷൻ കോർപറേഷൻ, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, ഫുഡ് റിസർച്ച് കൗൺസിൽ, കാർഷികോത്പാദന കമ്മിഷണറേറ്റ്, ഉൾനാടൻ ജലഗതാഗത കോർപറേഷൻ, മാരിടൈം സൊസൈറ്റി എന്നിവയായിരുന്നു ജേക്കബ് തോമസിന്റെ പ്രവർത്തന മേഖലകൾ.