തിരുവനന്തപുരം: സർക്കാറിനെ വിമർശിച്ചതിനെ തുടർന്ന് ലഭിച്ച സസ്‌പെൻഷന് പിന്നാലെ സർക്കാറിനെ വിമർശിച്ച് ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചകളും അപാകതകളും ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിന്റെ വിമർശനം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ വാദം ചൂണ്ടിക്കാട്ടിയത്. 

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 7340 കോടിയുടെ പാക്കേജ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ജേക്കബ് തോമസിന്റെ പോസ്റ്റിൽ വിമർശന വിധേയമായത്. ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7000 കോടിയുമാണെന്ന് ജേക്കബ് തോമസ് പറയുന്നു. പാഠം ഒന്ന്, കണക്കിലെ കളികൾ എന്ന തലക്കെട്ടിലാണ് ചിത്രസഹിതം കണക്കുകൾ നിരത്തി വിമർശനം.

പോസ്റ്റിൽനിന്ന്: മരിച്ചവർ 100=100 കോടി, പരുക്കേറ്റവർ 100= 50 കോടി, കാണാതായവർ (കണക്കെടുപ്പ് തുടരുന്നു) 250= 250 കോടി, വള്ളവും വലയും പോയവർ 100= 200 കോടി, മുന്നറിയിപ്പ് സംവിധാനം =50 കോടി, മറ്റു പലവക =50 കോടി, ആകെ വേണ്ടത് =700 കോടി. ആകെ ഉള്ളത് =7000 കോടി. കണക്ക് ശരിയാകുന്നുണ്ടോ..? കണക്കിന് വേറെ ടീച്ചറെ നോക്കാം. ജേക്കബിന്റെ തോമസിന്റെ കുറിപ്പ് ഇങ്ങനെയാണ്. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പാളിച്ചകളെ നേരത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു.

അതേസമയം ജേക്കബ് തോമസിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞാണ് തോമസ് ഐസക്കിന്റെ മറുപടി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് അദ്ദേഹം മറുപടി പറഞ്ഞതും. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സർക്കാരിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ പാഠങ്ങൾ ഇനിയും പഠിക്കേണ്ടിയും വരും. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളം കേന്ദ്രത്തിനു സമർപ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

13 വർഷം മുമ്പ് സുനാമി ബാധിതർക്ക് 1400 കോടിയുടെ പാക്കേജാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേവലം നഷ്ടപരിഹാരത്തുകയായിരുന്നില്ല. തീരദേശ വികസനത്തിനുള്ള പാക്കേജായിരുന്നു. ഇതുപോലെ ഇപ്പോൾ ലോകബാങ്കിന്റെ സഹായത്തോടെയുള്ള നാഷണൽ സൈക്ക്‌ലോൺ മിറ്റിഫിക്കേഷൻ ഫണ്ട് ഇത്തരം സമഗ്രപദ്ധതികൾക്ക് പണം അനുവദിക്കുന്നുണ്ടെന്നും തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സർക്കാരിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ പാഠങ്ങൾ ഇനിയും പഠിക്കേണ്ടിയും വരും. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളം കേന്ദ്രത്തിനു സമർപ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്. അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ കണക്കു പ്രകാരം 700 കോടി മതിയത്രേ.

ജേക്കബ് തോമസിന്റെ പാഠം ഒന്നിൽ പറയുന്ന കണക്കുകൾ ദുരിതത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സർക്കാർ ഇതിനകം ചെയ്തു കഴിഞ്ഞു. കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചത് സമഗ്രമായ പാക്കേജാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങൾ. കേരളത്തിലെ തീരദേശത്തെയാകെ പുനരുദ്ധരിക്കുന്നതിനും പുനരധിവസിക്കുന്നതിനുമുള്ള ഒരു സമഗ്രപരിപാടിയാണിത്.

ഉദാഹരണത്തിന് കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നു. സൈക്ലോൺ ഭീഷണി ഉണ്ടാകുന്നു, ഈ പശ്ചാത്തലത്തിൽ തീരദേശത്തിന്റെ ആവാസവ്യവസ്ഥയിൽത്തന്നെ മാറ്റങ്ങൾ അനിവാര്യമാണ്. സിആർഇസഡ് പരിധിയിൽനിന്നെങ്കിലും മാറ്റി ജനങ്ങളെ പുനരധിവസിപ്പിക്കണം. ഇതിന് ആകർഷകമായ ഭൂമി - പാർപ്പിട പദ്ധതി മാത്രമല്ല, മത്സ്യബന്ധനോപകരണങ്ങളും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും തീരത്തുണ്ടാക്കണം.

ഇത്തരമൊരു പുനഃസംഘടനയ്ക്കു മാത്രം വരുന്ന ചെലവെന്തായിരിക്കുമെന്ന് ജേക്കബ് തോമസിന് ധാരണയുള്ളതായി തോന്നുന്നില്ല. അദ്ദേഹമുണ്ടാക്കിയ കണക്കിൽ ഇക്കാര്യം ഉൾപ്പെടുന്നില്ല. എന്നാൽ കേരള സർക്കാർ സമർപ്പിച്ച പാക്കേജിൽ പാർപ്പിടത്തിനായി വകയിരുത്തിയിട്ടുള്ളത് 3300 കോടി രൂപയാണ്. ഇതുപോലെ വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയ നവീകരിക്കണം, തീരദേശ റോഡുകളുടെ നിർമ്മാണം തുടങ്ങി വിപുലമായ പദ്ധതികൾക്കു വേണ്ടിവരുന്ന തുകയാണ് 7300 കോടി രൂപ. ചുരുക്കത്തിൽ കേന്ദ്ര ദുരിതാശ്വാസ നിധിയിൽ നിന്നുള്ള നഷ്ടപരിഹാരമല്ല, ഒരു പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് സാധ്യതയുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഒരു കാര്യം ഓർക്കുക. 13 വർഷം മുമ്പ് സുനാമി ബാധിതർക്ക് 1400 കോടിയുടെ പാക്കേജാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേവലം നഷ്ടപരിഹാരത്തുകയായിരുന്നില്ല. തീരദേശ വികസനത്തിനുള്ള പാക്കേജായിരുന്നു. ഇതുപോലെ ഇപ്പോൾ ലോകബാങ്കിന്റെ സഹായത്തോടെയുള്ള നാഷണൽ സൈക്ക്‌ലോൺ മിറ്റിഫിക്കേഷൻ ഫണ്ട് ഇത്തരം സമഗ്രപദ്ധതികൾക്ക് പണം അനുവദിക്കുന്നുണ്ട്. കേരള സർക്കാർ സമർപ്പിച്ച സമഗ്രപദ്ധതിയുടെ വിവിധ ഘടകങ്ങൾ വ്യത്യസ്ത മന്ത്രാലയങ്ങൾക്കും കൂടി സമർപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.

കേരള സർക്കാർ സമർപ്പിച്ച 40 പേജു വരുന്ന മെമോറാണ്ടം വായിക്കാനെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കിൽ ജേക്കബ് തോമസിന് വിവരക്കേടു പറയേണ്ടി വരുമായിരുന്നില്ല. ഗുണപാഠം - ഇത്തരം കാര്യങ്ങളിൽ പരിഹസിക്കാനിറങ്ങുമ്പോൾ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തിൽ ഒതുങ്ങരുത്

സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചതിനാണ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ ജനറൽ ആയിരുന്ന ഡിജിപി ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്. ഓഖി ദുരിതബാധിതരുടെ വികാരങ്ങൾ ആളിക്കത്തിക്കാൻ പ്രസ്താവന ഇടയാക്കി. തീരദേശത്തെ ജനങ്ങളിൽ സർക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമർശം. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസർ എന്ന നിലയിൽ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ഉടൻ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മുഖമായാണു ജേക്കബ് തോമസിനെ ഉയർത്തിക്കാട്ടിയത്. അതേ സർക്കാരാണ് അദ്ദേഹത്തിനെ സസ്‌പെൻഡ് ചെയ്തതും. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകരചനയിൽ സർവീസ് നിയമം ലംഘിച്ചെന്ന പേരിൽ നേരത്തേ ക്രിമിനൽ, വകുപ്പുതല നടപടികൾ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ശുപാർശ ചെയ്തിരുന്നു. പിന്നീട് വകുപ്പുതല നടപടി മാത്രം മതിയെന്നു മുഖ്യമന്ത്രി ഉത്തരവിട്ടു.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതേത്തുടർന്ന് ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ശീതസമരം രൂപപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ സമരം മാറുകയുമുണ്ടായി. ലോക അഴിമതിവിരുദ്ധ ദിനമായ കഴിഞ്ഞ ഒൻപതിനു പ്രസ്‌ക്ലബിൽ നടന്ന സംവാദത്തിലാണ് ജേക്കബ് തോമസ്, താൻ കൂടി ഭാഗമായ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.