അഗളി: കോടിക്കണക്കിന് രൂപയുടെ ക്ഷേമപ്രവർത്തനമാണ് ആദിവാസി കുടികളിൽ നടക്കുന്നതെന്നാണ് കണക്ക്. എന്നാൽ ആദിവാസികളുടെ ജീവിത നിലവാരത്തെ മാത്രം ഇതൊന്നും സ്വാധീനിക്കുന്നില്ല. വളരെ സിമ്പിളാണ് കാര്യങ്ങൾ. പാവപ്പെട്ടവർക്കായുള്ള തുക എവിടെയോ മോഷ്ടിക്കപ്പെടുന്നു. ഈ ഇടനിലക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരാനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ തീരുമാനം. അട്ടപ്പാടിയിൽ ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ നേർവഴിക്കു നയിക്കാൻ വിജിലൻസ് വിഭാഗത്തിനു കഴിയാവുന്നതു ചെയ്യുമെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രഖ്യാപിക്കുന്നു. 

ആദിവാസി മേഖലയിൽ രണ്ടു ദിവസത്തെ പഠന സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ആദിവാസികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അട്ടപ്പാടിയിലുണ്ട്. അടിയന്തരമായി ഇതിനു സംവിധാനമൊരുക്കണമെന്ന് ജേക്കബ് തോമസ് പറയുന്നു. ആദിവാസികൾക്കൊപ്പം താമസിച്ചാണ് പ്രശ്‌നങ്ങൾ മനസ്സിലാക്കിയത്. അട്ടപ്പാടിയിലെ ഇടനിലക്കാരെ അദ്ദേഹം വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. ഇനി കണക്കുകൾ പരിശോധിക്കും. എങ്ങോട്ടാണ് കാശ് പോയതെന്നും മനസ്സിലാക്കും. അതിന് ശേഷം കള്ളന്മാരെ പൂട്ടാനാണ് തീരുമാനം. അതിന് മുന്നോടിയായി അടിയന്തരമായി അട്ടപ്പാടിയിൽ ചെയ്യേണ്ടത് എന്തെന്ന റിപ്പോർട്ടും സർക്കാരിന് നൽകും.

തിങ്കളാഴ്ച വൈകുന്നേരം സമ്പാർകോട് ഊരു സന്ദർശിച്ച ശേഷം രാത്രി ദാസനൂരിലാണു ജേക്കബ് തോമസ് അന്തിയുറങ്ങിയത്. ഓല മേഞ്ഞ കുടിലിൽ നിലത്തു കിടന്നുറങ്ങിയ അദ്ദേഹം ആദിവാസി ഭക്ഷണമാണു കഴിച്ചത്. കോട്ടത്തറ ഗവ. ആശുപത്രിയിലും അഗളി ഐടിഡിപി ഓഫിസിലും സന്ദർശനം നടത്തി. ഭൂതിവഴി ഊരു സന്ദർശിച്ചശേഷമാണു മടങ്ങിയത്. ഇവിടുത്തെ യഥാർത്ഥ സാഹചര്യം ജേക്കബ് തോമസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി മേഖലയിലേക്ക് മിന്നിൽ സന്ദർശനങ്ങളും വിജിലൻസ് ഡയറക്ടർ നടത്തുമെന്നാണ് സൂചന.

മദ്യാസക്തിയിൽനിന്നു മോചനത്തിനായി ലഹരിവിമുക്ത ചികിത്സാകേന്ദ്രം വേണം. വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ കാരണം തിരിച്ചറിഞ്ഞു പ്രതിവിധിയുണ്ടാക്കണം. വിദ്യാർത്ഥികളിലെ വിഭിന്ന കഴിവുകളെ കണ്ടെത്തി അവർക്കു താൽപര്യമുള്ള മേഖലകളിൽ പ്രവേശിപ്പിക്കണം. ആദിവാസികളുടെ വ്യത്യസ്തമായ ചിന്താഗതിയും കഴിവും ജീവിതരീതികളും മനസിലാക്കിയാവണം അവർക്കു വേണ്ടി പദ്ധതികളൊരുക്കേണ്ടത്. പകുതിയോളം പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമല്ല. കോട്ടത്തറ ആശുപത്രിയിൽ പോലും ശുദ്ധജലം ലഭിക്കുന്നില്ല. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ അട്ടപ്പാടിയിൽ സംവിധാനമില്ലെന്നും ജേക്കബ് തോമസ് തിരിച്ചറിയുന്നു. ഇതെല്ലാം സർക്കാരിനെ അറിയിക്കും.

ഫ്‌ലൂറൈഡ് കൂടിയ അളവിലുള്ള കട്ടികൂടിയ വെള്ളമാണ് അട്ടപ്പാടിയിൽ ലഭിക്കുന്നത്. ശുദ്ധജലം ലഭ്യമാക്കിയില്ലെങ്കിൽ അഞ്ചു വർഷം കഴിയുമ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ കൂടുതലാകുമെന്നു ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായിരുന്നു ജേക്കബ് തോമസിന്റെ അട്ടപ്പാടി സന്ദർശനം. ഇവിടുത്തെ അഴിമതി കണ്ടെത്താനും തടയാനും പ്രത്യേക വിജിലൻസ് സംഘത്തെ തന്നെ നിയോഗിക്കുമെന്നും സൂചനയുണ്ട്.