തിരുവനന്തപുരം: പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സിഎംഡിയും ഡി.ജി.പിയുമായ ജേക്കബ് തോമസിനെതിരെയുള്ള മൂന്ന് അന്വേഷണങ്ങളും അവസാനിപ്പിക്കാൻ വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി. വിജിലൻസ് ഡയറക്ടറുടെ മേൽനോട്ടത്തിലുള്ള ഒരു കോൺഫിഡൻഷ്യൽ എൻക്വയറിയിലും (രഹസ്യാന്വേഷണം) രണ്ട് ത്വരിത അന്വേഷണങ്ങളിലും ജേക്കബ് തോമസ് കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ല.

ജേക്കബ് തോമസ് അഴിമതിക്കാരനാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപണുമായി എത്തിയിരുന്നു. ജേക്കബ് തോമസിനെ കുറിച്ച് മറ്റുള്ളവർക്ക് അറിയാത്ത പലതും തനിക്ക് അറിയാമെന്ന് ഡിജിപി സെൻകുമാറും പറഞ്ഞിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വിജിലൻസിന്റെ കുറ്റവിമുക്തനാക്കൽ. എന്നാൽ തുറമുഖവകുപ്പ് ഡയറക്ടറായിരിക്കേ ചട്ടംലംഘിച്ച് നിർമ്മാണം നടത്തിയെന്നും ഫർണിച്ചർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നുമുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്ന വിജിലൻസ് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിട്ടില്ല. ജേക്കബ് തോമസിനെതിരെ മൂന്ന് വിജിലൻസ് അന്വേഷണങ്ങൾ നടത്തിയെങ്കിലും ഒന്നിൽപോലും അദ്ദേഹത്തെ പ്രതിചേർത്തിരുന്നില്ല. പരാതികളെത്തുടർന്ന് വിജിലൻസ് വകുപ്പുതല അന്വേഷണങ്ങൾ മാത്രമാണ് നടത്തിയത്.

ജേക്കബ് തോമസിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് റദ്ദാക്കണമെന്ന സ്വകാര്യ ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് വിളിച്ചുവരുത്തി ശരിവച്ചിട്ടും പുനരന്വേഷണത്തിന് സാദ്ധ്യതയുണ്ടോയെന്ന പരിശോധനയിലാണ് സർക്കാർ. തുറമുഖവകുപ്പ് ഡയറക്ടറായിരിക്കേ 2009ൽ അവധിയെടുത്ത് സ്ട്രാറ്റജിക് മാനേജ്‌മെന്റിൽ ഗവേഷണത്തിനായി ജേക്കബ് തോമസ് പോയിരുന്നു. നവംബറിൽ മൂന്നുമാസത്തേക്ക് ഗവേഷണ കാലാവധി നീട്ടിച്ചോദിച്ചെങ്കിലും സർക്കാർ അനുവദിച്ചില്ല. ഈ കാലയളവിൽ സ്ട്രാറ്റജിക് മാനേജ്‌മെന്റ് ഫോറത്തിന്റെ ഗ്രാന്റും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണറേറിയവും സർക്കാരിന്റെ ശമ്പളവും കൈപ്പറ്റിയെന്ന പരാതിയിലായിരുന്നു വിജിലൻസ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ എൻക്വയറി.

സർക്കാർ അനുമതിയില്ലാത്തതിനാൽ ഗ്രാന്റും ഓണറേറിയവും ജേക്കബ് തോമസ് തിരിച്ചടച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വരവിൽകവിഞ്ഞ് സ്വത്തു സമ്പാദിച്ചെന്ന പരാതിയിലെ ത്വരിത അന്വേഷണവും കഴമ്പില്ലെന്ന് കണ്ടെത്തി അവസാനിപ്പിച്ചു. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ എം.ഡി ആയിരിക്കേ തീരപരിപാലന നിയമം ലംഘിച്ച് കൊല്ലം നീണ്ടകരയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പണിത് സർക്കാരിന് അധികച്ചെലവുണ്ടാക്കിയെന്ന പരാതിയിൽ വിജിലൻസ് എസ്‌പി വി.എൻ. ശശിധരനാണ് ത്വരിത അന്വേഷണം നടത്തിയത്. ഹാർബർ എൻജിനിയറിങ്, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളുടെ അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ചട്ടങ്ങൾ ലംഘിച്ചാണെന്ന് ധനകാര്യപരിശോധനാ വിഭാഗവും റിപ്പോർട്ട് ചെയ്തിരുന്നു.

കെട്ടിടനിർമ്മാണ, തീരപരിപാലന ചട്ടങ്ങളും സാമ്പത്തിക ഇടപാടുകളും ടെൻഡർ പർച്ചേസ് രേഖകളും പരിശോധിച്ച വിജിലൻസ് പരാതികളിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ നിന്നല്ല, സർക്കാർ സ്ഥാപനമായ സിഡ്‌കോ വഴിയാണ് പർച്ചേസുകൾ നടത്തിയതെന്ന് വ്യക്തമായി. 58 ലക്ഷംരൂപയ്ക്ക് സ്റ്റീൽ ഫർണിച്ചർ വാങ്ങിയത് സിഡ്‌കോയാണ്. കൂടിയവിലയ്ക്ക് ഡ്രഡ്ജർ വാങ്ങിയെന്ന ആരോപണവും നിലനിൽക്കുന്നതല്ലെന്നും അന്വേഷണം അവസാനിപ്പിക്കാമെന്നുമായിരുന്നു വിജിലൻസ് റിപ്പോർട്ട്.