തിരുവനന്തപുരം: ജേക്കബ് തോമസിനെ അഴിമതിയ്‌ക്കെതിരായ മുഖമായാണ് മലയാളികൾ കാണുന്നത്. അഴിമതിക്കാരുടെ പേടി സ്വപ്നം. വിജിലൻസ് ഡയറക്ടറായിരുന്നപ്പോൾ ജേക്കബ് തോമസിനെ തേടിയെത്തിയ പൊതു ജന പരാതികൾ തന്നെ ഇതിന് തെളിവാണ്. എന്നാൽ അധികാര കേന്ദ്രങ്ങൾക്ക് ഇതൊന്നും പിടിച്ചില്ല. അങ്ങനെ കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ സർവ്വീസിന് പുറത്തായി. ഓഖിയിൽ പറഞ്ഞ സത്യങ്ങൾ സർക്കാരിന് എതിരാണെന്ന് ആരോപിച്ച് സസ്‌പെൻഷൻ. ഈ വാദം കേന്ദ്രം തള്ളിയപ്പോൾ പുസ്തകമെഴുത്തിൽ പിടിച്ച് നടപടി. അതും ഏറെ കാലം മുന്നോട്ട് കൊണ്ട് പോകില്ലെന്ന് പിണറായി സർക്കാരിന് ഉറപ്പായി. ഇതോടെ പുതിയ ആരോപണം പൊടിതട്ടിയെടുക്കുകയാണ് പിണറായി സർക്കാർ.

സസ്‌പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കെ ചട്ടങ്ങൾ ലംഘിച്ചു ഡ്രജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന റിപ്പോർട്ടിന്മേൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാരിനു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ നിയമോപദേശം നൽകിയത് ഇതിന്റെ പേരിലാണ്. സർക്കാരിന് നേട്ടമുണ്ടാക്കാൻ ജേക്കബ് തോമസ് നടത്തിയ ഇടപെടലാണ് ഇപ്പോൾ പിണറായിക്ക് അഴിമതിയാകുന്നത്. ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥനെ എങ്ങനേയും പുകച്ച് പുറത്ത് ചാടിക്കാനുള്ള നീക്കം. ഇനിയും രണ്ട് കൊല്ലം ജേക്കബ് തോമസിന് സർവ്വീസ് കാലാവധിയുണ്ട്. അതുവരെ അദ്ദേഹത്തെ സർവ്വീസിന് പുറത്ത് നിർത്താനുള്ള വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. ബാർ കോഴയിൽ യുഡിഎഫിനെ പെടുത്തിയ ഉദ്യോഗസ്ഥനായതു കൊണ്ട് പ്രതിപക്ഷവും ഇതിനെയൊന്നും ചോദ്യം ചെയ്യുന്നില്ല. അങ്ങനെ സത്യത്തിന് വേണ്ടി പോരാടിയ ജേക്കബ് തോമസ് തീർത്തും ഒറ്റപ്പെടുകയാണ്.

ധനവകുപ്പ് ഇൻസ്‌പെക്ഷൻ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേൽ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിനു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് കഴിഞ്ഞവർഷം ശുപാർശ നൽകിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നിയമോപദേശം തേടുകയായിരുന്നു. ജേക്കബ് തോമസ് 2009 മുതൽ 2014 വരെയാണു തുറമുഖ വകുപ്പു ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. ഈ സമയത്തു കട്ടർ സക്ഷൻ ഡ്രജർ വാങ്ങിയതിൽ 14.96 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നാണു ധനവകുപ്പ് പരിശോധനാവിഭാഗം കണ്ടെത്തിയത്. സർക്കാർ അനുമതി ലഭിച്ചശേഷം രേഖകളിൽ മാറ്റം വരുത്തിയെന്നും ടെൻഡർ രേഖകൾ വിദേശ കമ്പനിക്കു നേരത്തേതന്നെ കൈമാറിയെന്നും അവർ റിപ്പോർട്ട് ചെയ്തിരുന്നു.

2014ൽ ജേക്കബ് തോമസ് വിജിലൻസ് എഡിജിപി ആയിരുന്ന കാലത്തു വിജിലൻസ് ഈ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി ക്രമക്കേടുകളില്ലെന്നു റിപ്പോർട്ട് നൽകി. വലിയതുറയിൽ തുറമുഖ വകുപ്പിന്റെ ആസ്ഥാനം നിർമ്മിച്ചതിൽ ഉൾപ്പെടെ ജേക്കബ് തോമസ് ക്രമക്കേടു നടത്തിയതായി പിന്നീടു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലും കണ്ടെത്തിയെന്ന വാദവുമായാണ് പുതിയ അന്വേഷണ നീക്കം. ഇപ്പോൾ സസ്‌പെൻഷനിലുള്ള ജേക്കബ് തോമസിനെ ഒരിക്കലും തിരിച്ചെടുക്കാതിരിക്കാനുള്ള നീക്കമാണ് ഇത്. അതിനിടെ ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്താൻ ചില ഐഎഎസുകാരും നീക്കം തുടങ്ങിയിട്ടുണ്ട്. അഴിമതിക്കാരായ ഐഎഎസുകാർക്കും ഐപിഎസുകാർക്കുമെതിരെ ജേക്കബ് തോമസ് നടപടികൾ എടുത്തിരുന്നു. ഇതിൽ വൈരാഗ്യമുള്ളവരാണ് ഈ സാഹചര്യം മുതലാക്കാൻ നീക്കം നടത്തുന്നത്.

ഔദ്യോഗിക നിലപാടുകളിലും പുറത്തു നടത്തിയ പ്രതികരണങ്ങളിലും ശക്തമായി യുഡിഎഫ് സർക്കാരിന്റെ നയങ്ങളെയും സമീപനങ്ങളെയും ജേക്കബ് തോമസ് എതിർത്തിരുന്നു. വിജിലൻസ് ഡിജിപിയായിരുന്ന വിൻസൻ എം പോളിനു കീഴിൽ എഡിജിപിയായി പ്രവർത്തിച്ചിരുന്നപ്പോഴാണ് ജേക്കബ് തോമസിന് സ്ഥാനചലനം സംഭവിക്കുന്നത്. ബാർ കോഴയടക്കം വിവിധ വിവാദ കേസുകളിൽ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് ജേക്കബ് തോമസ് ഉമ്മൻ ചാണ്ടി സർക്കാരിന് അനഭിമതനാകുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മുൻ മന്ത്രിമാർ, ഐഎഎസ്, ഐപിഎസുകാരടക്കം നിരവധി ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരുൾപ്പെടെ നിരവധിപേരുടെ കേസുകളാണ് ഉന്നത സമ്മർദ്ദത്തെ തുടർന്ന് അന്വേഷണം മുടങ്ങിയ നിലയിൽ വിജിലൻസിൽ കെട്ടിക്കിടക്കുന്നത്. യുഡിഎഫ് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് പല കേസുകളിലും നീതിയുക്തമായ തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്ന് വിജിലൻസ് എഡിജിപിയായിരുന്ന വേളയിൽ ജേക്കബ് തോമസ് പരസ്യമായിത്തന്നെ പ്രതികരിച്ചിരുന്നു.

ബാർ കോഴ കേസിൽ മന്ത്രിമാരായ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന നിലപാട് വിജിലൻസ് കൈക്കൊണ്ടതോടെ കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ജേക്കബ് തോമസിനെ മാറ്റുകയായിരുന്നു. ഇതോടെ ജേക്കബ് തോമസ് സർക്കാരിനെതിരെ പരസ്യ നിലപാടുകളുമായി രംഗത്തുവരികയും ചെയ്തു. ബാർകോഴയ്ക്കുപുറമെ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരെ അവിഹിത ഇടപെടലുകളുടെ ആരോപണമുയർന്ന പാറ്റൂർ ഭൂമി ഇടപാടുകേസിലും സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ജേക്കബ് തോമസ് തയ്യാറായിരുന്നില്ല. ഇതൊക്കെ കാരണമാണ് പ്രതിപക്ഷം ഇപ്പോഴും ജേക്കബ് തോമസിനെ എതിരു നിൽക്കുന്നത്. അഴിമതിയെ നേരിടാൻ നടൻ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് തുടങ്ങി നിരവധി പ്രമുഖരെ ഉൾപ്പെടുത്തി എക്‌സൽ കേരള എന്ന പേരിലാണ് സംഘടനയും ജേക്കബ് തോമസ് രൂപീകരിച്ചിരുന്നു. അതിനിടെ പിണറായി സർക്കാർ അധികാരത്തിലെത്തി. അഴിമതി വിരുദ്ധതയിൽ എന്നും കാർക്കശ്യം പുലർത്തിയ ജേക്കബ് തോമസ് വീണ്ടും വിജിലൻസിൽ പൂർണാധികാരങ്ങളോടെ ഡിജിപിയായി എത്തി. ഇതോടെ പലതും പ്രതീക്ഷിച്ചു. തുടക്കത്തിൽ പിണറായി ജേക്കബ് തോമസിനെ ഒപ്പം നിർത്തി. അനുനയത്തിനില്ലാതെ അധികാരം ഉപയോഗിച്ച് അഴിമതിക്കാരെ തളയ്ക്കാനായിരുന്നു ജേക്കബ് തോമസിന് ഇഷ്ടം. കൂട്ടിടച്ചിടാൻ ഈ തത്തെ പലപ്പോഴും ശ്രമിച്ചു. പക്ഷേ ഒന്നും നടന്നില്ല. അങ്ങനെയാണ് തന്ത്രപരമായി ജേക്കബ് തോമസിനെ വിജിലൻസിൽ നിന്ന് മാററി ഐഎംജിയുടെ മൂലയ്ക്കിരുത്തുന്നത്. അപമാനിതനായ ജേക്കബ് തോമസ് സ്വയം രാജിവയ്ക്കുമെന്ന് പലരും കരുതി. എന്നാൽ ഉത്തരവാദിത്വം ഏതായാലും ഏറ്റെടുക്കാനായിരുന്നു നീക്കം.

ഇത് അപ്രതീക്ഷിതമായിരുന്നു. ഇതോടെ ആത്മകഥയുടെ പേരിൽ നടപടിയെടുക്കാൻ നീക്കം നടത്തി. പക്ഷേ ജനരോക്ഷത്തെ സർക്കാർ ഭയന്നു. അതുകൊണ്ട് തന്നെ നടപടികൾ അകന്നു നിന്നു. സർവ്വീസ് ചട്ടലംഘനത്തിന്റെ പേരിൽ ആത്മകഥയിൽ ക്രിമിനൽ കേസ് എടുക്കണമെന്ന് പോലും നിർദ്ദേശം ഉയർന്നു. അതും മുഖ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ ഭയന്ന് വേണ്ടെന്ന് വച്ചു. അതിന് ശേഷം നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു പിണറായി സർക്കാർ ഓഖിയിലെ സത്യം പറച്ചിൽ സർക്കാർ ഗൗരവത്തോടെ എടുത്തു. പ്രതിപക്ഷം പോലും ചർച്ചയാക്കാൻ ആഗ്രഹിക്കാത്ത വസ്തുതയാണ് പൊതുസമൂഹത്തിന് മുന്നിൽ ജേക്കബ് തോമസ് ഇട്ടുകൊടുത്തത്. ഇതുകൊള്ളേണ്ടിടത്തുകൊള്ളുകയും ചെയ്തു. ഓഖി ദുരന്തത്തിന്റെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് തുറന്നടിച്ചു. എത്രപേർ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആർക്കും അറിയില്ല. പണക്കാരാണ് കടലിൽ പോയിരുന്നതെങ്കിൽ ഇങ്ങനെ ആകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങൾ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ സംവാദത്തിനു പോലും കേരളത്തിൽ ഭയമാണ്. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശ്ശബ്ദനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുതാര്യതയെ കുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിക്കാരെല്ലാം ഒന്നാണ്. വിശ്വാസമുണ്ടെങ്കിൽ ജനങ്ങളുടെ അടുത്തുപോയി ഭരണാധികാരികൾക്ക് നിൽക്കാം. സുനാമി പാക്കേജിലെ 1400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കിൽ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സർക്കാരിന് വലിയ ക്ഷീണമായി. സത്യം വിളിച്ചു പറയുന്ന ഉദ്യോഗസ്ഥനെ പുറത്താക്കാൻ ഇതോടെ തീരുമാനമായി.

എന്നാൽ കേന്ദ്ര സർക്കാർ ഈ നീക്കത്തെ എതിർത്തു. ഇതോടെ പുസ്തകം എഴുത്ത് ചർച്ചയാക്കി. വീണ്ടും സസ്‌പെൻഷൻ. അതും നിലനിൽക്കില്ലെന്ന ഉപദേശം സർക്കാരിന് കിട്ടി. ഇതോടെയാണ് അഴിമതികേസ് വരുന്നത്.