തിരുവനന്തപുരം: ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥർ എന്നാൽ ഭരണകൂടത്തോട് അടുത്തു നിൽക്കുന്ന ശക്തമായ പദവി വഹിക്കുന്നവരാണ്. സംസ്ഥാന സർക്കാറിന്റെ നയങ്ങൾ പോലും തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഈ ഉദ്യോഗസ്ഥർക്കിടയിൽ പരസ്പ്പരം പകപോക്കലും പകരംവീട്ടലുമൊക്കെ നിലവിലുണ്ട് താനും. എന്നാൽ രാഷ്ട്രീയ മേലാളന്മാരുടെ കാലു തിരുമ്മിയാൽ എത്രവലിയ അഴിമതിക്കാരനായാലും ഉന്നത തസ്തികയും പ്രേമോഷനും ലഭിക്കും. മറിച്ച് സത്യസന്ധനായി നിലകൊണ്ടാൽ പ്രതികാര നടപടിയും തരംതാഴ്‌ത്തലും ഫലം. സംസ്ഥാന മന്ത്രിസഭയുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന ധനമന്ത്രി കെ എം മാണിയുടെ ബാർകോഴ കേസ് സത്യസന്ധമായി അന്വേഷിച്ചു എന്ന ഒറ്റക്കാരണത്താൽ ഡിജിപി ജേക്കബ് തോമസ് എന്ന മിടുക്കനായ ഉദ്യോസ്ഥനെ ഐപിഎസുകാരും ഭരണക്കാരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കേരളം കാണുന്നത്.

ബാർകേസിൽ വിജിലൻസ് കോടതി ഉത്തരവ് വന്നപ്പോൾ സത്യം ജയിച്ചു എന്നു മാദ്ധ്യമങ്ങളോട് പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ ഇപ്പോൾ അദ്ദേഹത്തെ അച്ചടക്കത്തിന്റെ വാൾ ഓങ്ങി സസ്‌പെന്റ് ചെയ്യാൻ ഒരുങ്ങുകയാണ്. ഐപിഎസുകാർക്കിടയിൽ തന്നെയുള്ള പകപോക്കലും രാഷ്ട്രീയ നേതൃത്വത്തിന്റെ അനിഷ്ടകും കൂടിയായപ്പോൾ സത്യസന്ധനായ ഉദ്യോഗസ്ഥൻ ബലിയാടാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കോടതി ഉത്തരവു സംബന്ധിച്ചു മുൻ വിജിലൻസ് എ.ഡി.ജി.പിയും പൊലീസ് ഹൗസിങ് കോർപറേഷൻ എം.ഡിയുമായ ഡി.ജി.പി. ജേക്കബ് തോമസിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരേ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ ഇന്നലെ രംഗത്തു വന്നിരുന്നു. ഇതിന് മറുപടിയായി ജേക്കബ് തോമസും ഇന്നലെ രംഗത്തെത്തി. ഇതോടെ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന.

മന്ത്രി കെ.എം. മാണിക്കെതിരേ തുടരന്വേഷണം നടത്തണമെന്ന കോടതിവിധിയെ ന്യായീകരിച്ച് ജേക്കബ് തോമസ് മാദ്ധ്യമങ്ങളോടു സംസാരിച്ചതു കടുത്ത അച്ചടക്കലംഘനമായാണു സർക്കാർ കാണുന്നത്. ജേക്കബ് തോമസിനെ അനുകൂലിച്ചു മറ്റ് ഐ.പി.എസ്. ഉദ്യോഗസ്ഥർ രംഗത്തുവരാത്തതും ശ്രദ്ധേയമാണ്. ഇതിന് കാരണം സർക്കാറിന് അനിഷ്ടമുള്ള ഉദ്യോഗസ്ഥന് വേണ്ടി രംഗത്തെത്തി മന്ത്രിമാരുടെ കണ്ണിലെ കരടാകേണ്ട എന്ന തീരുമാനം തന്നെയാണ്.

ഫ്ളാറ്റ് ലോബിയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിക്കെതിരേ പരസ്യമായി ആരോപണമുന്നയിച്ചതിനു ചീഫ് സെക്രട്ടറി വിശദീകരണം തേടിയെങ്കിലും ജേക്കബ് തോമസ് മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും സർക്കാരിനെതിരേ രംഗത്തുവന്നത്. വിജിലൻസ് എ.ഡി.ജി.പിയായിരുന്നു എന്നതൊഴിച്ചാൽ ബാർ കോഴക്കേസിന്റെ അന്വേഷണവുമായി ജേക്കബ് തോമസ് ഒരുതരത്തിലും ബന്ധപ്പെട്ടിരുന്നില്ലെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇക്കാര്യം അവാസ്തവമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ബാർ കേസിന്റെ ആദ്യ ഘട്ടത്തിൽ അന്നു വിജിലൻസ് എഡിജിപി ആയിരുന്ന ജേക്കബ് തോമസ് അതിനു മേൽനോട്ടം വഹിച്ചിരുന്നു എന്നതു രഹസ്യമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതിനായി പ്രത്യേക ഉത്തരവു പക്ഷേ ഉണ്ടായിരുന്നില്ല. മാണിക്കെതിരായ ദ്രുതപരിശോധനാ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനു മാർഗനിർദേശങ്ങൾ നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു. ഇത് അവസാന ഘട്ടമായപ്പോഴേക്കും ഡിജിപിയായി സ്ഥാനക്കയറ്റത്തോടെ അദ്ദേഹത്തെ അഗ്‌നിശമന സേനാ മേധാവിയാക്കി ഒതുക്കുകയായിരുന്നു.

പിന്നീടു പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡിയാക്കി. അവധിയിലായിരുന്ന ജേക്കബ് തോമസ് പ്രതിഷേധ സൂചകമായി അവധി നീട്ടി. പിന്നീടു ചുതമലയേറ്റപ്പോഴാണു തന്റെ സ്ഥാനചലനത്തെക്കുറിച്ചു സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മാദ്ധ്യമങ്ങളോടു സംസാരിച്ചത്. സർക്കാരിനെ തുടർച്ചയായി വിമർശിക്കുന്നതിന്റെ പേരിൽ ഡി.ജി.പി: ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്യാനാണു നീക്കം. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്യോഗസ്ഥതലത്തിൽ ചർച്ചനടത്തി. മൂന്നാർ വിഷയത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ മാദ്ധ്യമപ്രവർത്തകരോടു സംസാരിച്ച ഗവൺമെന്റ് സെക്രട്ടറി കെ. സുരേഷ്‌കുമാറിനെ മുമ്പു സസ്‌പെൻഡ് ചെയ്തിരുന്നു. 2007ൽ അന്നത്തെ ചീഫ് സെക്രട്ടറി പി.ജെ. തോമസ് സുരേഷ്‌കുമാറിനെതിരേ നടപടിയെടുത്തതു സംബന്ധിച്ച ഫയൽ പൊതുഭരണവകുപ്പിനോടു ജിജി തോംസൺ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇത്തരമൊരു നടപടി നേരിടുന്നത് അപൂർവമാണ്. എന്നാൽ, പൊലീസിൽ അച്ചടക്കം നിലനിർത്തണമെങ്കിൽ നടപടി കൂടിയേതീരൂവെന്ന നിലപാടിലാണു പൊലീസ് മേധാവി സെൻകുമാർ. ബാർ കോഴക്കേസിന്റെ അന്വേഷണവുമായി ബന്ധമില്ലാതിരുന്ന ജേക്കബ് തോമസിന്റെ ഇപ്പോഴത്തെ നീക്കം ദുരൂഹമാണെന്ന് ഇന്റലിജൻസ് വിഭാഗവും റിപ്പോർട്ട് നൽകി.
കണ്ണൂരിൽനിന്ന് ഇന്നലെ രാത്രി തലസ്ഥാനത്തെത്തിയ സെൻകുമാർ ആഭ്യന്തര സെക്രട്ടറിയുമായി ടെലിഫോണിൽ ചർച്ച നടത്തിയതായി സൂചനയുണ്ട്. ഫ്ളാറ്റ് ലോബിയുമായി മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി പ്രസ്താവന നടത്തിയതിനു ജേക്കബ് തോമസിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയതു സംബന്ധിച്ച് ഡി.ജിപിയുടെ റിപ്പോർട്ട് ഇന്നു സർക്കാരിനു കൈമാറും.

ബാർ കോഴക്കേസ് വിധി സ്വാഗതം ചെയ്തും എതിർത്തും അച്ചടക്ക വാളോങ്ങിയും ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞപ്പോൾ മങ്ങലേൽക്കുന്നതു കേരള പൊലീസിന്റെയും വിജിലൻസിന്റെയും പ്രതിച്ഛായയ്ക്കും കെട്ടുറപ്പിനുമാണ്. കെ.എം. മാണിക്കെതിരായ അന്വേഷണത്തിന്റെ രണ്ടു ഘട്ടങ്ങളിൽ മേൽനോട്ടം വഹിച്ച രണ്ട് ഉന്നത ഐപിഎസുകാർ വിരുദ്ധ നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ചതു വിജിലൻസ് എന്ന അഴിമതി അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെയും മുൾ മുനയിലാക്കി.

കേസിൽ തെളിവില്ലെന്ന ഉറച്ച നിലപാടോടെ ധാർമികതയുടെ പേരിൽ വിജിലൻസ് ഡയറക്ടർ കസേരയിൽനിന്നിറങ്ങിയ ഡിജിപി: വിൻസൻ എം. പോളാണു വിധിയെക്കാൾ വലിയ വെടി ആദ്യദിനം പൊട്ടിച്ചത്. തൊട്ടുപിന്നാലെ വിധി സ്വാഗതം ചെയ്തു വിജിലൻസ് മുൻ എഡിജിപിയും പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡിയുമായ ജേക്കബ് തോമസ് രംഗത്തെത്തിയതും സെൻകുമാർ അച്ചടക്കത്തെ കുറിച്ച് ഓർമ്മിപ്പിച്ചതും.

സംസ്ഥാന പൊലീസ് സേനയിൽ സത്യസന്ധരെന്നു പേരെടുത്ത മൂന്ന് ഉദ്യോഗസ്ഥരാണു സെൻകുമാറും വിൻസൻ എം. പോളും ജേക്കബ് തോമസും. എന്തായാലും പരസ്യ വിമർശനത്തിന്റെ പേരിൽ ജേക്കബ് തോമസിനെതിരെ നടപടി എടുത്താൽ അതിനെതിരെ ജനരോഷം ഉയരുമെന്ന കാര്യം ഉറപ്പാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഒതുക്കുന്നത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ സ്ഥിരം പതിവാണെന്ന് ആക്ഷേപം ശക്തമാണ്. അതേസമയം ജേക്കബ് തോമസ് വിഷയത്തിൽ പരസ്യ നിലപാട് എടുക്കാൻ പ്രതിപക്ഷ പാർട്ടികളും തയ്യാറായിട്ടില്ല.