- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുനിയമന വിവാദത്തിൽ മുൻ മന്ത്രി ഇ.പി.ജയരാജന് എതിരെ നടപടി സ്വീകരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന തന്റെ വിവാദ പുസ്തകരചനയും പ്രകാശനത്തിന് മുമ്പേ പിണറായിക്ക് അറിയാമായിരുന്നു എന്നും ജേക്കബ് തോമസ്
തിരുവനന്തപുരം : സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന തന്റെ പുസ്തകം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിവുണ്ടായിരുന്നെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. പുസ്തക പ്രകാശനത്തിന് ആറ് മാസം മുമ്പ് തന്നെ ഇക്കാര്യം സർക്കാരിനെ രേഖാമൂലം അറിയിച്ചതാണ്. എന്നിട്ടും പുസ്തകം എഴുതിയെന്ന പേരിൽ തനിക്ക് സസ്പെൻഷൻ ലഭിക്കുകയായിരുന്നെനും ജേക്കബ് തോമസിന്റെ വെളിപ്പെടുത്തൽ.
താനുമായി നല്ല ബന്ധത്തിലായിരുന്ന മുഖ്യമന്ത്രി അകലാനുള്ള കാരണം എന്താണെന്ന് അറിയില്ല. 2017 ലെ അഴിമതി വിരുദ്ധദിനത്തിൽ നടന്ന സെമിനാറിൽ അഴിമതിക്കെതിരെ സംസാരിച്ചു എന്നതാകാം അകലാനുള്ള കാരണമായി കാണുന്നത്. ഇതിനായിരുന്നു 2017 ലെ ആദ്യത്തെ സസ്‌പെൻഷൻ.
2016-2017ലാണ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം പ്രകാശനത്തിനു തയ്യാറായത്. അന്ന് വിജിലൻസ് ഡയറക്ടറായിരുന്നതിനാൽ മുഖ്യമന്ത്രിയുമായി പതിവായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. സർക്കാർ കാര്യങ്ങൾക്കൊപ്പം പുസ്തക രചനയുടെ കാര്യവും താൻ അദ്ദേഹത്തെ അറിയിച്ചിരുന്നു. തന്റെ പുസ്തകം പ്രകാശനം ചെയ്യാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരുന്നതാണ്. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി. പുസ്തക രചനയുടെ പേരിൽ സസ്‌പെൻഷൻ ലഭിച്ചു. ക്രൈംബ്രാഞ്ച് കേസുമെടുത്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയോടും പുസ്തക രചനയുടെ കാര്യം താൻ മുൻകൂട്ടി അറിയിച്ചിരുന്നു.
ബന്ധുനിയമന വിവാദത്തിൽ മുൻ മന്ത്രി ഇ.പി. ജയരാജനെതിരെ നടപടി സ്വീകരിച്ചതും മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്.ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകനെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്ഐഇഎൽ) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതായിരുന്നു ജയരാജനെതിരായ കേസ്. മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്കു ശുപാർശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞു, ജയരാജൻ സ്വന്തം നിലയ്ക്കാണു സുധീറിനെ നിയമിക്കാൻ നിർദ്ദേശം നൽകിയതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. പാർട്ടിയുടെ പ്രത്യേക അന്വേഷണവും മീറ്റിംഗും ഈ വിഷയത്തിൽ നടന്നിരുന്നു. ബന്ധുനിയമന വിവാദത്തെ തുടർന്ന് ജയരാജനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
അനുമതിയില്ലാതെ പുസ്തകം എഴുതിയെന്ന് ആരോപിച്ച് ജേക്കബ് തോമസിന്റെ പിഎഫും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെച്ചിരിക്കുകയാണ്. 2017 മുതൽ തുടർച്ചയായുള്ള സസ്പെൻഷനുകളെ തുടർന്ന് രണ്ട് വർഷത്തിന് ശേഷമാണ് സർവീസിൽ പ്രവേശിക്കുന്നത്. ഡിജിപി പദവി വഹിക്കേ ഷോർണൂർ മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡിയായാണ് ജേക്കബ് തോമസ് വിരമിച്ചത്. അതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും റിട്ടയർമെന്റ് ആനുകൂല്യങ്ങളൊന്നും തനിക്ക് ലഭ്യമായിട്ടില്ലെന്നും ജേക്കബ് തോമസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ