കോതമംഗലം: ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന മാർത്തോമ ചെറിയ പള്ളിയിൽ സംഘർഷാവസ്ഥയ്ക്ക് അയവില്ല. ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ എത്തുമെന്നറിഞ്ഞ് കോതമംഗലം മർത്തോമ ചെറിയ പള്ളിയിൽ തമ്പടിച്ചിരിക്കുകയാണ് വിശ്വാസികൾ .വൻ പൊലീസ് സംഘവും സ്ഥലത്തുണ്ട്. ഇത് മൂന്നാം തവണയാണ് റമ്പാൻ എത്തുമെന്നറിഞ്ഞ് വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടുന്നത്. നിലവിലെ അവസ്ഥയിൽ റമ്പാൻ എത്തിയാലും പള്ളിക്ക് അകത്ത് കയറാൻ കഴിയുമോ എ്ന്നത് സംശയമാണ്. 

ഓർത്തഡോക്സ് പക്ഷം റമ്പാൻ തോമസ്സ് പോൾ ഇന്ന് പള്ളിയിൽ പ്രവേശിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് സംഗമം. റമ്പാൻ എത്തുന്ന വിവരമറിഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് പള്ളിയിലേക്ക് വിശ്വാസികൾ ഒഴുകിയെത്തുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച റമ്പാൻ വന്നെങ്കിലും പൊലീസിന്റെ നിസ്സഹകരണത്തെത്തുടർന്ന് മടങ്ങുകയായിരുന്നു. ഇന്നലെ സന്ധ്യാപ്രാർത്ഥനയ്ക്ക് പള്ളിയിലെത്തുമെന്നും ഇതിനായി സംരക്ഷണം വേണമെന്നും പൊലീസിനോടാവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം 4 മണിയോടെ തന്നെ വൻ പൊലീസ് സംഘം പള്ളിയിലെത്തിയിരുന്നു. എന്നാൽ രാത്രി വൈകിയും റമ്പാൻ എത്തിയില്ല. പിന്നീടാണ് സന്ദർശനം ഇന്ന് രാവിലത്തത്തേയ്ക്ക് മാറ്റിയതായി വിവരം പ്രചരിച്ചത് .ഇതിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസികളും പൊലീസും ജാഗരൂകരായി രംഗത്തെത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയും ഇവിടെ വിശ്വാസികൾ തമ്പടിച്ചിരുന്നു. ഏത് വിധേനയും റമ്പാനെ തടയുമെന്നാണ് പ്രഖ്യാപനം.

വൈകിട്ട് 5.30 തോടടുത്ത് ശ്രേഷ്ഠ കാതോലിക്ക തോമസ്സ് പ്രഥമൻ ബാവ പള്ളിയിലെത്തിയതോടെ വിശ്വാസികൾ കൂടുതൽ ഊർജ്ജസ്വലരായി. വിശ്വാസവും പള്ളിയും സംരക്ഷിക്കാൻ വിശ്വാസികൾ ഭക്തിമാർഗ്ഗത്തിൽ മുന്നിട്ടിറങ്ങണമെന്നും ബാവ പ്രാർത്ഥനാ മധ്യേ ആഹ്വാനം ചെയ്തു. വൈകിട്ട് 4 മുതൽ പള്ളിപ്പരിസരത്ത് പൊലീസ് സുരക്ഷയൊരുക്കി. 5 മണിക്ക് മുമ്പ് തന്നെ പള്ളിയകം വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. പുറത്ത് കസേരയിട്ടും കൽക്കുരിശിങ്കൽ പായ വിരിച്ചുമാണ് പിന്നീട് എത്തിയ വിശ്വാസികൾ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളികളായത്. ഇന്നലെ സന്ധ്യപ്രാർത്ഥനയ്ക്ക് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. ഈ വിവരം പുറത്തുവന്നതുമുതൽ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള നീക്കവുമായി യാക്കോബായ വിഭാഗം സജീവമായി രംഗത്തുണ്ട്.

സംഘർഷമുണ്ടാക്കി കോടതി വിധി നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് സർക്കാർ. കേസിൽ സർക്കാർ കക്ഷിയല്ലെന്നും ഇതൊരു സിവിൽ തർക്കമാണെന്നും സർക്കാർ വിശദീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഓർത്തഡോക്‌സുകാർക്ക് സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാനുള്ള സാധ്യത കുറവാണ്. ശബരിമലയിലേതിന് വിരുദ്ധ നിലപാടാണ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് ഓർത്തഡോക്‌സുകാരുടെ നീക്കം.

കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്‌സ് വിഭാഗം റമ്പാൻ തോമസ്് പോളിന്റെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞ ഞായറാഴ്ച അനുകൂല കോടതി വിധിയുമായി എത്തിയിരുന്നു. മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്‌സ് വിഭാഗത്തിന് സംരക്ഷണം ഒരുക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ ക്രമസാധാനനില തകർത്ത് പള്ളിയിൽ പ്രവേശിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നുള്ള മൂവാറ്റുപുഴ ഡി വൈ എസ് പി കെ ബിജുമോന്റെ ശക്തമായ നിലപാടിനെത്തുടർന്ന് തോമസ്‌പോൾ റമ്പാൻ ഉൾപ്പെടെയുള്ളവർക്ക് മടങ്ങിപ്പോകേണ്ടിവന്നു. ഇന്നും ഇതേ നിലപാട് തന്നെ പൊലീസ് തുടരും. എന്നാൽ റമ്പാൻ എത്തുമോ എന്നകാര്യത്തിൽ ഒരു പിടിത്തവുമില്ല.

വർഷങ്ങൾ മുമ്പ് സഭയിൽ കലഹം ഉണ്ടാക്കി ഓർത്തഡോക്‌സ് വിഭാഗത്തിൽ ചേർന്ന പതിനാല് വീട്ടുകാർക്ക് മാത്രമായി ചെറിയപള്ളി വിട്ടുനൽകിക്കൊണ്ടുള്ള വിധി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നും, ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് യാക്കോബായ വിശ്വാസികൾ വ്യക്തമാക്കുന്നത്. നാനാജാതി മതസ്ഥർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്‌സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഇടവകയിൽ നിന്ന് വിഘടിച്ച് പോയവരെ മുൻ നിർത്തിയുള്ള നീക്കമെന്നും വിശ്വാസികൾ ആരോപിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കോടതി വിധി വന്നപ്പോൾ തന്നെ കോതമംഗലത്തെ ജനപ്രതിനിധികളും, വിവിധ സാമുദായിക രാഷ്ട്രീയ- കക്ഷി നേതാക്കളും ചെറിയ പള്ളിയിലെത്തി നിലവിലെ വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. രാത്രി 7 മണിയോടടുത്ത് ബന്ധപ്പെട്ടപ്പോൾ താൻ മൂവാറ്റുപുഴയിലാണെന്നും ഇന്ന് ഇനി കോതമംഗലത്തേക്ക് ഇല്ലെന്നുമാണ് മറുനാടനോട് വ്യക്തമാക്കിയത്. കുർബ്ബാന ചൊല്ലാൻ തനിക്ക് അനുമതി നൽകിയ സാഹചര്യത്തിൽ എതിർവിഭാഗത്തിലെ വൈദികർ പള്ളിയിൽ കയറി ആരാധനകൾക്ക് നേതൃത്വം നൽകുകയാണ്. ഇത് അവസാനിപ്പിക്കുകയാണ് പൊലീസ് ആദ്യം ചെയ്യേണ്ടതെന്നും രണ്ടാമത്തെ കാര്യമായി മാത്രം തനിക്ക് സംരക്ഷണം നൽകുന്ന കാര്യം പരിഗണിച്ചാൽ മതിയെന്നുമാണ് തന്റെ നിലപാടെന്നും തോമസ്സ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി.