കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ തർക്കം പരിഹരിക്കാൻ സാധ്യതയേറുന്നു. കൊച്ചിയിൽ വെച്ച് ഇന്നലെ മധ്യസ്ഥ ചർച്ച നടന്നതോടെയാണ് സമവായ നീക്കം സജീവമായത്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ച. മെത്രാപൊലീത്തമാർ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് യാക്കോബായ സഭാ പ്രതിനിധികൾ പറഞ്ഞു.

യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാന്മാരായ ജോസഫ്് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ജ്യോഗ്രോഫ് തുടങ്ങിയവരും പങ്കെടുത്തു. ഓർത്തഡോക്‌സ് സഭയിൽ നിന്നും തോമസ് മാർ അത്തനാസീസമാണ് ചർച്ചയിൽ പങ്കെടുത്തത്. ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ മുൻകൈയെടുത്താണ് ഇരു സഭാ പ്രതിനിധികളെയും ചർച്ചയിൽ പങ്കെടുപ്പിച്ചത്.

എന്നാൽ, കൊച്ചിയിൽ നടന്നത് ഔദ്യോഗിക ചർച്ചയല്ലെന്നും ചർച്ചക്കായി സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഓർത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി. അതേസമയം സർക്കാർ കൂടി അറിഞ്ഞു കൊണ്ടാണ് അനൗപചാരികമായി ചർച്ച നടന്നതെന്നാണ് അറിയുന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികൾ ഓർത്തഡോക്‌സ് സഭയിലേക്ക് വന്നു ചേരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ, കോടതി വിധി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് യാക്കോബായ സഭയുടെ നേതൃത്വം പറയുന്നത്.

കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോതമംഗലം പള്ളിയിൽ സംഘർഷം ഉണ്ടായിരുന്നു. പള്ളി ഓർത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭാ അധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്ക ബാവ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലബാർ ഭദ്രാസനത്തിൽ 73 പള്ളികളാണുള്ളത്. അതിൽ രണ്ടു പള്ളികളിലെ ഒഴികെ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. മധ്യസ്ഥമാർഗമാണ് അവിടെ സ്വീകരിച്ചത്. മലബാറിൽ സ്വീകരിച്ച മധ്യസ്ഥമാർഗം എന്തുകൊണ്ട് ഇവിടെ സ്വീകരിക്കുന്നില്ലെന്നും ബാവ ആരാഞ്ഞു.

യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളിയിൽ വ്യാഴാഴ്ച രാവിലെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോടതിവിധി പ്രകാരം പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് വിഭാഗം റമ്പാനെ കോതമംഗലം പള്ളിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ യാക്കോബായ വിഭാഗം തടയുകയായിരുന്നു. കോടതി വിധി നടപ്പാക്കാൻ പൊലീസ് എത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുപതോളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് പ്രതിഷേധസ്ഥലത്തുനിന്ന് ഓർത്തഡോക്സ് റമ്പാനെ പൊലീസ് മാറ്റുകയായിരുന്നു.