കോട്ടയം: യാക്കോബായ ഓർത്തഡോക്‌സ് സഭകൾ തമ്മിലുള്ള തർക്കത്തിൽ ദുഃഖിതനെന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ. ഇരുവിഭാഗവും ഒരുമിച്ച് പ്രവർത്തിക്കണം. ശാശ്വതമായ സമാധാനത്തിനായി ശ്രമിക്കും. പാവപ്പെട്ടവരുടെ പണം വ്യവഹാരങ്ങൾക്ക് ഉപയോഗിക്കുന്നത് വേദനിപ്പിക്കുന്നതാണ്. സുന്നഹദോസ് രൂപീകരിച്ച സമാധാന കമ്മറ്റിയുടെ പ്രവർത്തനം ഉടൻ തുടങ്ങുമെന്നും അദ്ദേഹം കോട്ടയത്തു പറഞ്ഞു. പാത്രിയർക്കീസ് ബാവയ്ക്ക് യാക്കോബായ സഭാ വിശ്വാസികളും പൗരസമൂഹവും സ്വീകരണം നൽകി. തുറന്ന ജീപ്പിലെത്തിയ ബാവ വിശ്വാസികളെ അനുഗ്രഹിച്ചു. പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും ജനപ്രതിനിധികളും മറ്റ് സമുദായ മേലധ്യക്ഷന്മാരും സമ്മേളനത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ആഗോള സുറിയാനി സഭ പരമാദ്ധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാർത്രിയാർകീസ് ബാവയുടെ അധ്യക്ഷതയിൽ കരിങ്ങാറച്ചിറ പള്ളിയിൽ ചേർന്ന സുന്നഹദോസിൽ തീരുമാനമെടുത്തിരുന്നു. ഇതിനായി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, തോമസ് മാർ തിമോത്തിയോസ്, ഗീവർഗീസ് മാർ അത്തനേഷ്യസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ് എന്നിവരടങ്ങുന്ന യാക്കോബായ സഭ അഞ്ചംഗ സമാധാന സമിതിയെ നിയോഗിച്ചത്.

സഭാതർക്കം പരിഹരിക്കാൻ ഇരുസഭകളും മുന്നിട്ടിറങ്ങണമെന്ന് പാത്രിയർക്കീസ് ബാവ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നങ്ങൾ തീർക്കേണ്ടത് തന്റെ കടമയാണെന്ന് പരിശുദ്ധബാവ പറഞ്ഞു. ജനങ്ങളുടെ വേദന തനിക്ക് കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് ചർച്ചയ്ക്ക് സമിതിയെ നിയോഗിച്ചത്. സഭാ തർക്കത്തിന് ശാശ്വത പരിഹാരമാണ് പാത്രിയാക്കീസ് ബാവ ആഗ്രഹിക്കുന്നത്. ഇതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഇരുസഭകളും തമ്മിലുള്ള പ്രശ്‌നങ്ങൾ കോടതിയിലൂടെ പരിഹരിക്കാമെന്നു കരുതുന്നില്ലെന്നാണ് ബാവയുടെ പക്ഷം. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങൾ പരിഹരിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്നാണ് വിശ്വാസികളുടെ ആഗ്രഹം. സമാധാനത്തിനായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങൾ പരിപൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇരുസഭകളും ഒന്നായി ചേരുന്നതാണ് നല്ലതെങ്കിലും ഇപ്പോഴത് പ്രായോഗികമല്ല. പരസ്പരം പോരടിച്ചും വേർതിരിഞ്ഞു നിന്നുമെല്ലാം ഇരുകൂട്ടർക്കും മടുത്തു. സഭകൾ തമ്മിലുള്ള അകൽച്ചയിൽ വിശ്വാസികൾക്കും അതൃപ്തിയുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സ്‌നേഹത്തിലൂടെയും ബഹുമാനത്തിലൂടെയും വിട്ടുവീഴ്ചകളിലൂടെയും മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുള്ളൂ എന്നും ബാവ പറഞ്ഞു.

ഓർത്തഡോക്‌സ് യാക്കോബായ സഭകൾക്കിടയിലെ ഭിന്നത ദുരന്തമാണെന്നാണ് ബാവയുടെ നിലപാട്. സഭാതർക്കം കേരളത്തിൽതന്നെ പരിഹരിക്കണം. തീരുമാനങ്ങൾ താൻ അടിച്ചേൽപ്പിക്കില്ലെന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവാ വ്യക്തമാക്കി. അതേസമയം സഭാതർക്കം പരിഹരിക്കാൻ മുന്നോട്ടുവച്ച മധ്യസ്ഥനിർദ്ദേശങ്ങളോട് നല്ലരീതിയിൽ പ്രതികരിച്ച പാരമ്പര്യമാണ് യാക്കോബായ സഭയ്ക്കുള്ളതെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ പറഞ്ഞു.

സമാനമായ ആരാധനാക്രമങ്ങളും രക്തബന്ധവുമുള്ള വിശ്വാസികൾക്കിടയിലെ ഭിന്നത പരിഹരിക്കപ്പെടേണ്ടത് അനിവാര്യമെന്ന സന്ദേശമാണ് പാത്രിയർക്കീസ് ബാവ നൽകിയത്. എന്നാൽ ഭിന്നത അവസാനിപ്പിക്കാൻ പ്രാദേശികസഭകൾ തന്നെ മുന്നിട്ടിറൽണം. കോടതിയിലൂടെയോ ഇതരസഭകളുടെ മധ്യസ്ഥശ്രമങ്ങളിലൂടെയോ പ്രശ്‌നപരിഹാരം സാധ്യമല്ല. ഇരുസഭകളിലെയും ഭൂരിപക്ഷം വിശ്വാസികളും സമാധാനം ആഗ്രഹിക്കുന്നു. പ്രശ്‌നങ്ങളുണ്ടെങ്കിൽ അതുപരിഹരിക്കാൻ മാർഗങ്ങളുണ്ടെന്നും പാത്രിയർക്കീസ് ബാവ വ്യക്തമാക്കി.

കേസ് കൊണ്ടു മാത്രമേ സഭാതർക്കം പരിഹരിക്കാനാകൂ എന്ന നിലപാട് മാനുഷികവും ക്രിസ്തീയവുമല്ല, മറിച്ച് പൈശാചികമാണെന്നു യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു. മധ്യസ്ഥ ചർച്ചകളിലൂടെ സഭാതർക്കത്തിനു പരിഹാരം കാണണമെന്നു 2010ൽ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതാണ്. രണ്ടായിരം വർഷം കേസ് നടത്തിയാലും പ്രശ്‌നങ്ങൾ തീരില്ലെന്നാണു അന്നു കോടതി പറഞ്ഞത്. 2011ലും 2012ലും ഹൈക്കോടതിയും ഇക്കാര്യം ആവർത്തിച്ചു. നാലു മധ്യസ്ഥരെ നിയോഗിച്ച് പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന നിർദ്ദേശത്തിനു തങ്ങൾ അനുകൂലമായിരുന്നു. മധ്യസ്ഥരുടെ പേരുകൾ തങ്ങൾ നൽകുകയും ചെയ്തുവെന്നും ബാവ പറയുന്നു. സി. അച്യുതമേനോൻ മുതലുള്ള മുഖ്യമന്ത്രിമാരും മധ്യസ്ഥ ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്ന നിലപാടെടുത്തവരാണ്. ചെറിയ പള്ളികൾക്കു കേസ് നടത്തിപ്പിനുള്ള ചെലവ് എളുപ്പമാകില്ല. സഹോദരങ്ങൾ തമ്മിൽ കലഹിക്കുന്നതിനോടു താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.