കൊച്ചി: യാക്കോബായ സഭാ മെത്രാന്മാർ സ്വത്തുക്കൾ സഭയ്ക്കു തന്നെ നൽകണമെന്നു പാത്രിയാർക്കീസ് ബാവയുടെ കൽപ്പന. സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് മാർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കൽപ്പന പുറപ്പെടുവിച്ചത്.

യാക്കോബായ സഭാസ്വത്തുക്കളും പള്ളികളും സ്‌കൂളുകളും മെത്രാന്മാരുടെയും ബന്ധുക്കളുടെയും പേരിൽ വൻ തോതിൽ രജിസ്റ്റർ ചെയ്തതായി തെളിവുകൾ പുറത്തുവന്നതോടെയാണ് പാത്രിയാർക്കീസ് ബാവയുടെ തീരുമാനം വന്നത്.

ഓർത്തഡോക്‌സുകാർ അവകാശം ഉന്നയിക്കാതിരിക്കാനെന്ന ന്യായം പറഞ്ഞാണ് ഇക്കാര്യത്തിൽ തിരിമറി നടത്തിയതെന്നാണു സൂചന. പരാതികളും തെളിവുകളും കിട്ടിയതോടെയാണു മുഴുവൻ സ്വത്തുക്കളും ഭദ്രാസനങ്ങളുടെ പേരിലേക്കു മാറ്റാൻ പാത്രീയാർക്കീസ് ബാവയുടെ കൽപ്പനയുണ്ടായത്.

സഭയുടെ പേരിലാണു യാക്കോബായ സഭയിലെ മെത്രാന്മാർ സമ്പാദ്യങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഇതു സഭയ്ക്ക് തന്നെ നൽകണം. കേരളത്തിൽ യാക്കോബായ സഭയിലെ മെത്രാന്മാർ വ്യാപകമായി സ്വത്ത് സമ്പാദിക്കുന്നതായാണു പരാതികൾ ലഭിച്ചത്. ഇതുസംബന്ധിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പാത്രിയാർക്കീസ് ബാവയുടെ നിർദ്ദേശം.

ഇത് സംബന്ധിച്ച ഉത്തരവ് ഡമാസ്‌കസിൽ നിന്നുമാണ് പാത്രിയാർക്കീസ് ബാവ കേരളത്തിലെ ബസേലിയോസ് പ്രഥമൻ തോമസ് ബാവയ്ക്ക് അയച്ചത്. മെത്രാന്മാർ സഭയ്ക്ക് എന്ന പേരിൽ സ്വന്തം പേരിലും, കുടുംബാംഗങ്ങളുടെ പേരിലും സ്വത്ത് സമ്പാദിക്കുകയാണെന്നുമുള്ള വിമർശനവും പാത്രിയാർക്കീസ് ബാവ ഉത്തരവിൽ ഉന്നയിച്ചിട്ടുണ്ട്. സ്വത്ത് സമ്പാദന പ്രവണത ഭാവിയിൽ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും സഭയുടെ നിയമാവലിക്ക് അനുസരിച്ച് മാത്രമെ മെത്രാന്മാർ ജീവിക്കാൻ പാടുള്ളു എന്നും ഉത്തരവിലുണ്ട്. സിറിയയിൽ നിന്ന് അയച്ച കൽപന ഇന്നലെയാണു കൊച്ചിയിലെ ഭദ്രാസനത്തിൽ ലഭിച്ചത്.