കോലഞ്ചേരി : ആരെന്ത് പറഞ്ഞാലും പിറവം സെന്റ് മേരീസ് വലിയ പള്ളി ആർക്കും വിട്ടു കൊടുക്കില്ലെന്ന് യാക്കോബായ വിഭാഗം. ഇതോടെ പള്ളി തർക്കം സംഘർഷത്തിലെത്തുമെന്ന വിലയിരുത്തലിൽ പൊലീസ് എത്തുകയാണ്. യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ പിറവത്ത് വലിയ സംഘർഷം ഉണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. അതിനിടെ സംഘർഷം ഉണ്ടായാൽ കർശന നടപടികളെടുക്കാൻ പൊലീസിന് സർക്കാരും നിർദ്ദേശം കൊടുത്തിട്ടുണ്ട്. സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന യാക്കോബായ സഭയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ചർച്ചയിലൂടെ സഭാ പ്രശ്‌നം പരിഹരിക്കണം. അല്ലെങ്കിൽ കോടതി വിധി അംഗീകരിക്കണമെന്നാണ് സർക്കാർ നിലപാട്.

എന്നാൽ പിറവത്ത് സുപ്രീംകോടതി വിധി മൂലം സഭാ വിശ്വാസികൾക്കു നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമായെന്നു യാക്കോബായ സുറിയാനി സഭ വർക്കിങ് കമ്മിറ്റി വിലയിരുത്തുന്നു. അന്ത്യോക്യ സിംഹാസനത്തിനു കീഴിൽ നിലകൊള്ളുന്ന പിറവം പള്ളി കയ്യേറാനുള്ള ഓർത്തഡോക്സ് സഭയുടെ നീക്കം ചെറുക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരും സഭാ വിശ്വാസികളും പ്രാർത്ഥനാ പൂർവം പള്ളിയിൽ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. ഇത് സംഘർഷത്തിന് പുതിയ തലം നൽകുകയാണ്.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്നും പള്ളി പൊതുയോഗം കൂടി ഭരണഘടന അംഗീകരിച്ചതാണെന്നും ഇതു നടത്തിക്കിട്ടണമെന്നും ഓർത്തഡോക്‌സ് സഭ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ യാക്കോബായ സഭ നൽകിയ ഹർജി അനുവദിച്ച ഹൈക്കോടതി, ഓർത്തഡോക്‌സ് സഭയുടെ ഹർജി തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് ഓർത്തഡോക്‌സ് സഭ 2014ൽ സുപ്രീം കോടതിയിലെത്തിയത്.

ഈ കേസിലാണ് മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി വിശദീകരിച്ചത്. പിറവം സെന്റ് മേരീസ് വലിയപള്ളിയുടെ കേസിലാണു ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു. യു. ലളിത് എന്നിവരുടെ വിധി വ്ന്നത്. ഈ വിധി അംഗീകരിക്കാൻ യാക്കോബയക്കാർ തയ്യാറല്ല. കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി കേസുകളുടെ വിധി ആ പള്ളികൾക്കു മാത്രമാണെന്നും മറ്റു പള്ളികളെ ബാധിക്കില്ല എന്നുമുള്ള യാക്കോബായ സഭയുടെ വാദം കോടതി തള്ളി. പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്ന് വിധിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിധി അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. രണ്ട ്‌പേർ തമ്മിലെ നിയമ പ്രശ്‌നമായതു കൊണ്ട് തന്നെ സർക്കാർ കോടതിയെ സമീപിക്കുകയുമില്ല.

സുപ്രീം കോടതിയുടെ വിധി എല്ലാ സർക്കാരുകളും എല്ലാ സിവിൽ അധികൃതരും പൊലീസും നടപ്പാക്കേണ്ടതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 144 പ്രകാരം സുപ്രീം കോടതി വിധി നടപ്പാക്കാൻ ഇവർ ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധി സഭയിലെ എല്ലാ പള്ളികൾക്കും ഒരുപോലെ ബാധകമാണ്. അതുകൊണ്ട് തന്നെ പിറവത്ത് കോടതി അലക്ഷ്യം ഒഴിവാക്കാൻ സർക്കാർ സജീവ ഇടപെടൽ നടത്തും. ഇത് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിക്കും. ഞായറാഴ്ച ഇരു കൂട്ടരും പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തുമെന്ന സൂചനയുണ്ട്. അങ്ങനെ വന്നാൽ വലിയ സംഘർഷത്തിലേക്ക് പ്രശ്‌നമെത്തും. ഇത് ഒഴിവാക്കാനുള്ള ചർച്ചകൾ പൊലീസിലെ ഉന്നതർ നടത്തുന്നുണ്ട്.

പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനി പള്ളി. 'രാജാക്കന്മാരുടെ പള്ളി' എന്നും ഈ ദേവാലയം അറിയപ്പെടുന്നു. കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിത്. ഏറെ വിശ്വാസ പെരുമയുമുണ്ട്. ബേത്ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തിച്ചേരുകയും അവിടെ ഭാരതീയമായ രീതിയിൽ ഒരു ആലയമുണ്ടാക്കി ആരാധന നടത്തിയെന്നും ആ ദേവാലയമാണ് പിന്നീട് പിറവം പള്ളിയായതെന്നുമാണ് ഐതിഹ്യം. അതുകൊണ്ട് കൂടിയാണ് ഈ പള്ളിക്കായുള്ള തർക്കം മൂക്കുന്നതും.

മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി പിൽക്കാലത്ത് കന്യക മറിയാമിന്റെ നാമധേയത്തിലാക്കിയെങ്കിലും തുടർന്നും 'രാജാക്കന്മാരുടെ പള്ളി' എന്ന വിശേഷണം നിലനിന്നു. ഇത് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ. ഇതാണ് സഭാ തർക്കത്തിന് പുതിയ മാനം നൽകുന്നത്.