ന്യൂഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ ഡൽഹി ജഹാംഗീർപുരിയിൽ അനധികൃത കുടിയേറ്റങ്ങൾ ഇടിച്ചു പൊളിച്ചു മുൻസിപ്പൽ കോർപ്പറേഷൻ. പൊളിക്കൽ തുടർന്നതോടെ സുപ്രീംകോടതിയും വിഷയത്തിൽ ഇടപെട്ടു. ഒഴിപ്പിക്കൽ നടപടി നിർത്തിവെക്കാൻ ഉത്തരവിട്ടു സുപ്രീംകോടതി. ഡൽഹി പൊലീസ് സഹായത്തോടെയാണ് കോളനികൾ പൊളിച്ചു മാറ്റാനുള്ള നടപടികൾ തുടങ്ങിയത്. സുപ്രീംകോടതി വിധി പരിഗണിക്കാതെ സ്ഥലത്ത് ഒഴിപ്പിക്കൽ തുടർന്നു. ഉത്തരവ് ലഭിച്ചിട്ടില്ലെന്നായിരുന്നു വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരുടെ വാദം. ഉത്തരവ് ലഭിക്കുന്നതിനിടെ പരമാവധി കെട്ടിടങ്ങൾ പൊളിക്കാനായിരുന്നു നീക്കം.

ഇതോടെ സ്‌റ്റേ മാനിക്കാതെ ജഹാംഗീർപുരി കെട്ടിടങ്ങൾ പൊളിച്ചുമാറ്റി മുന്നോട്ടുപോയ ബിജെപി മുനിസിപ്പൽ കൗൺസിലിന്റെ ബുൾഡോസറുകൾ സിപിഎം നേതാവ് ബൃന്ദ കാരാട്ട് ഇറങ്ങി തടഞ്ഞു. രാവിലെ 10.45ന് തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട ശേഷവും ഒരു മണിക്കൂർ പൊളിച്ചുനീക്കലുമായി മുന്നോട്ടുപോയപ്പോഴാണ് ബൃന്ദ കാരാട്ട് ജഹാംഗീർപുരിയിൽ നേരിട്ട് വന്ന് പൊളിച്ചുനീക്കൽ തടഞ്ഞത്.

അതേസമയം, കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ അഭിഭാഷകർ വീണ്ടും സുപ്രീംകോടതിയിലെത്തി. തുടർന്ന് ഉത്തരവ് ബന്ധപ്പെട്ടവരെ അറിയിക്കാൻ രജിസ്ട്രിക്ക് കോടതി നിർദ്ദേശം നൽകി. തങ്ങൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ദുഷ്യന്ത് ദവെയും നേടിയ കോടതിവിധിയുടെ നഗ്‌നമായ ലംഘനമാണ് നടത്തുന്നതെന്ന് പറഞ്ഞാണ് ബൃന്ദ കാരാട്ട് പൊലീസ് ഉദ്യോഗസ്ഥരോടും മുനിസിപ്പൽ അധികൃതരോടും പൊളിക്കൽ നിർത്താൻ ആവശ്യപ്പെട്ടത്. ബൃന്ദക്ക് പിന്നാലെ പൊളിക്കൽ തടയണമെന്ന ആവശ്യവുമായി രംഗത്തുവന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി.

മുനിസിപ്പൽ കൗൺസിൽ പറയാതെ പൊളിക്കൽ നിർത്തില്ലെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയത്. കോടതി ഉത്തരവ് തങ്ങൾക്ക് കിട്ടിയില്ലെന്ന് പറഞ്ഞാണ് ഉത്തരവിന് ശേഷവും ഒന്നര മണിക്കൂർ ബുൾഡോസറുകൾ ഇടിച്ചുപൊളിക്കൽ തുടർന്നത്. ബംഗാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ വൻ പൊലീസ് സന്നാഹത്തോടെ ബുധനാഴ്ച രാവിലെയാണ് ബുൾഡോസറുകൾ എത്തിയത്.

വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ഘോഷയാത്ര ജഹാംഗീർപുരി സി ബ്ലോക്കിൽ കല്ലേറിലും അക്രമത്തിലും കലാശിച്ചിരുന്നു. തുടർന്ന് ഘോഷയാത്രക്കാരെ പിടികൂടാതെ ഒരു വിഭാഗത്തെ മാത്രം ഏകപക്ഷീയമായി അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഇരു സമുദായക്കാരും അറസ്റ്റിലായെന്ന് പറഞ്ഞ് അത് നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്തു വന്നു. അതിനിടയിലാണ് പ്രദേശത്ത് പ്രശ്‌നമുണ്ടാക്കിയത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്നും രോഹിങ്ക്യൻ അഭയാർഥികൾ അതിലുണ്ടെന്നും ബിജെപി. പ്രചാരണം തുടങ്ങിയത്.

ഇതിന് പിന്നാലെ ബിജെപി മുനിസിപ്പൽ കൗൺസിൽ ബുൾഡോസർ ഓപറേഷന് ഡൽഹി പൊലീസിന്റെ സഹായം തേടി അയച്ച കത്ത് ചൊവാഴ്ച പുറത്തു വന്നു. ബുധനാഴ്ച രാവിലെയോടെ ആയിരത്തോളം പൊലീസുകാരുടെ കാവലിൽ ബുൾഡോസറുകൾ കൊണ്ടുവരികയും ഒഴിപ്പിക്കൽ നടപടി തുടങ്ങുകയും ചെയ്തു. രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ച് വർഗീയ സംഘർഷം ഉണ്ടായ ബിജെപി സംസ്ഥാനങ്ങളിലെ സമാന രീതിയിലാണ് ഹനുമാൻ ജയന്തി ഘോഷയാത്ര അക്രമത്തിൽ കലാശിച്ച ഡൽഹിയിലെ സംഭവ വികാസങ്ങളും.