ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിന്റെ മുഖ്യആസൂത്രകൻ പിടിയിൽ. 35കാരനായ അൻസാറാണ് പിടിയിലായത്. ഇയാൾക്ക് 2020ലെ ഡൽഹി കലാപത്തിലും പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. അൻസാറാണ് മുഖ്യപ്രതിയെന്നും ഇയാളുടെ ഫോൺ കോളുകൾ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായവരുടെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം ജഹാംഗീർപുരിയിലെ സംഭവം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി എംപി ഹൻസ് രാജ് പറഞ്ഞു.

ഹനുമാൻ ജയന്തി ആഘോഷത്തിനിടെയായിരുന്നു സംഘർഷം. സംഭവത്തിൽ 8 പൊലീസുകാർക്കും ഒരു സാധാരണക്കാരനും പരുക്കേറ്റു. സംഘർഷ സ്ഥലത്തു നടന്ന കല്ലേറിനും ഉന്തും തള്ളിലുമാണ് ഇവർക്ക് പരുക്കേറ്റത്. 'സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയ വിഡിയോകളും പരിശോധിച്ചുവരികയാണ്'. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനാകുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, വടക്കു-കിഴക്കൻ ഡൽഹിയിൽ സംഘർഷങ്ങൾ ഉണ്ടായെന്ന വാർത്ത പൊലീസ് നിഷേധിച്ചു. പ്രദേശത്തു സമാധാനം നിലനിൽക്കുന്നതായും വ്യാജ പ്രചാരണത്തിൽ വിശ്വസിക്കരുതെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചത്. ആക്രമണ സംഭവത്തിൽ നിരാശ രേഖപ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ജനങ്ങൾ സമാധാനം കൈവെടിയരുതെന്ന് ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.