- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
27 ലക്ഷം ചെലവിട്ടത് സാധൂകരിക്കാൻ നൽകിയ കത്ത് സർക്കാരിന് പിടിവള്ളിയായി; ഋഷിരാജ് സിംഗിന്റെ കാലത്ത് ജയിലിൽ കഫെറ്റീരിയ പണിയാൻ 27ലക്ഷം അനുമതിയില്ലാതെ ചെലവിട്ടതിൽ അന്വേഷണം; വിരമിച്ച 'സിങ്കത്തെ' തളയ്ക്കാനോ ഈ അന്വേഷണം?
തിരുവനന്തപുരം : സർക്കാരിന്റെ അനുമതിയില്ലാതെ 27ലക്ഷം രൂപ ചെലവിട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഫെറ്റീരിയ നിർമ്മിച്ച ഉദ്യോഗസ്ഥരെ ഉണ്ട തിന്നിപ്പിക്കാൻ സർക്കാർ. പൊതു പണം സർക്കാരിന്റെ അനുമതിയില്ലാതെ വകമാറ്റി ചെലവിട്ടത് അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. 27ലക്ഷം രൂപ സർക്കാരിന്റെ അനുവാദമില്ലാതെ ചെലവാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
27ലക്ഷം ചെലവിട്ടത് സാധൂകരിക്കണമെന്ന് 2020 മെയ് 28ന് ജയിൽ ഡി.ജി.പി സർക്കാരിന് നൽകിയ അപേക്ഷ നിരസിച്ചാണ് അന്വേഷണത്തിന് ഉത്തരവ്. 2019 ജൂൺ 12മുതൽ 2021 ജൂലായ് 31വരെ ഋഷിരാജ് സിംഗായിരുന്നു ജയിൽ മേധാവി. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഋഷിരാജിനെ ഒതുക്കാനാണ് ഇത്തരമൊരു അന്വേഷണമെന്ന് സൂചനയുണ്ട്. പൊലീസിലെ മറ്റ് വകുപ്പുകളും സമാന രീതിയിൽ പണം ചെലവഴിക്കാറുണ്ട്. ഇതെല്ലാം പിന്നീട് ധന വകുപ്പ് അനുവദിച്ച് നൽകുകയാണ് പതിവ്.
പൊലീസിന്റെ വെബ് സൈറ്റ് നവീകരണത്തിനുള്ള പണം പോലും ഇത്തരത്തിൽ അനുവദിച്ച് നൽകിയത് അടുത്ത കാലത്താണ്. സമാന രീതിയിൽ ലോക് നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരുന്നപ്പോഴും അനുമതിയില്ലാതെ പണം ചെലവാക്കിയത് പലപ്പോഴും ധന വകുപ്പ് ശാസനാ രൂപത്തിൽ അംഗീകരിക്കാറുണ്ട്. എന്നാൽ ജയിൽ വകുപ്പിലെ പണം ചെലവഴിക്കൽ നൂലാമാലകളിലേക്ക് പോകുന്നു.
തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ കഫറ്റീരിയ യൂണിറ്റ് വിപുലീകരിക്കാൻ ഭക്ഷ്യ നിർമ്മാണ യൂണിറ്റിൽ നിന്ന് 27,07,048 രൂപ ചെലവിട്ട നടപടി സാധൂകരിച്ച് നൽകണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് അപേക്ഷിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ കഫറ്റീരിയ യൂണിറ്റിന്റെ നിർമ്മാണം സർക്കാരിന്റെ ഭരണാനുമതിയോ സാങ്കേതിക അനുമതിയോ കൂടാതെയാണ് നടത്തിയതെന്ന് കണ്ടെത്തി.
ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആർ.സുഭാഷിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ച് ആഭ്യന്തര (ബി) വകുപ്പ് ഉത്തരവിറക്കി. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.
സർക്കാരുമായി നല്ല അടുപ്പത്തിലായിരുന്ന ഋഷിരാജ് സർവീസിന്റെ അവസാന കാലത്ത് ഒതുക്കപ്പെട്ടതിനെത്തുടർന്ന് പിണറായിയുമായി തെറ്റി. ജയിലുകളിൽ ടി.പി കേസ് പ്രതികളടക്കം സിപിഎമ്മിന്റെ രാഷ്ട്രീയ തടവുകാർ നടത്തിയ കൊള്ളരുതായ്മകൾ ഋഷിരാജിന് നന്നായി അറിയാം. വിരമിച്ച ശേഷം ഇത് തങ്ങൾക്കെതിരെ ഉപയോഗിക്കുമോയെന്നാണ് സർക്കാരിന്റെ ഭയം. അതിനാലാണ് ഋഷിരാജിനെ അന്വേഷണത്തിന്റെ നിഴലിൽ ഋഷിരാജിനെ നിർത്താൻ സർക്കാർ ശ്രമിക്കുന്നത്.
തടവുകാരിൽ നിന്ന് ലഹരിമരുന്നും ആയുധങ്ങളും മൊബൈൽഫോണുകളും പവർബാങ്കുകളും വൻതോതിൽ പിടിച്ചെടുത്തതിനെത്തുടർന്ന് സെൻട്രൽ ജയിലുകളിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ശുദ്ധികലശം സർക്കാരിനെ വിരട്ടിയിരുന്നു. കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നിന്ന് പിടികൂടിയ ഫോണുകളിൽ നിന്നുള്ള വിളികളുടെ വിശദാംശങ്ങൾ നൽകണമെന്ന് പൊലീസ് മേധാവിയോട് സിങ് ആവശ്യപ്പെടുകയും കുറേയേറെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
ഈ ഫോൺവിളികൾ പാർട്ടിയുടേയും സർക്കാരിലേയും ഉന്നതരിലേക്കെത്തുന്നതാണെന്നാണ് സൂചന. ജയിൽ ഡിജിപിയായിരിക്കെ ഋഷിരാജിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ടി.പി കേസിലെ പ്രതികളടക്കം ഫോൺ ഉപയോഗിച്ച ആറ് തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
കണ്ണൂർ, തൃശൂർ വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിൽ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തടവുകാരുടെ പക്കൽ നിന്നു മൊബൈൽ ഫോണുകളും കഞ്ചാവും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. എഴുപതോളം സ്മാർട്ട് ഫോണുകളാണ് പിടിച്ചത്. തെ?റ്റുതിരുത്തൽ കേന്ദ്രങ്ങളായി മാറേണ്ട ജയിലുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും അതിന് സർക്കാരിലെയും പാർട്ടിയിലെയും ഉന്നതരുടെ പിന്തുണയുണ്ടെന്നും ഋഷിരാജ് തെളിവുകൾ സഹിതം തുറന്നടിച്ചാൽ അത് സർക്കാരിന് വൻ വെല്ലുവിളിയാവും. അതാണ് ജയിലിലെ അനധികൃത പണമിടപാട് കേസിൽ ഋഷിരാജിനെ കുടുക്കിയിടാനുള്ള നീക്കത്തിന് പിന്നിലെന്നാണ് വിവരം.