കണ്ണൂർ: ചട്ടങ്ങൾ ലംഘിച്ചു കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനു ജയിലിൽ സുഖവാസം ഒരുക്കിയ സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തും. ജയിൽ ഐജി എച്ച് ഗോപകുമാറിനാണ് അന്വേഷണച്ചുമതല.

ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിസാമിന് കണ്ണൂർ സെൻട്രൽ ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കിയത് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. ഇതെത്തുടർന്നാണ് അന്വേഷിക്കാൻ ജയിൽ വകുപ്പ് മേധാവി ഉത്തരവിട്ടത്.

മാനസിക രോഗമുള്ളവരെ പാർപ്പിക്കുന്ന പത്താംബ്ലോക്കിലാണ് ജയിൽ ചട്ടങ്ങൾ ലംഘിച്ച് മുഹമ്മദ് നിസാമിനെ താമസിപ്പിച്ചിരുന്നത്. എന്നാൽ, നിസാമിന് അത്തരത്തിൽ അസുഖങ്ങളൊന്നും ഉള്ളതായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചട്ടങ്ങൾ ലംഘിച്ച് നിസാമിന് ഇവിടെയൊരു സഹായിയെയും ജയിൽ വകുപ്പ് അധികൃതർ അനുവദിച്ച് നൽകിയിട്ടുണ്ട്.

ഈ ബ്ലോക്കിൽ താമസിപ്പിക്കുന്നവരെ കൊണ്ട് സാധാരണ ജയിലിലെ ജോലികൾ ചെയ്യിപ്പിക്കാറില്ല. നിസാമിന് ജയിലിനുള്ളിൽ സുഖവാസം ഒരുക്കിയ അധികൃതരുടെ നടപടിക്കെതിരെ തടവുകാർക്കിടയിലും കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു.

കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചപ്പോൾ തന്നെ ജയിലിൽ സുഖവാസമായിരിക്കും നിസാമിനെന്നാണു ചന്ദ്രബോസിന്റെ ഭാര്യ ജമന്തി അന്നു പരാതിപ്പെട്ടിരുന്നത്. അതുപോലെ തന്നെ സംഭവിച്ചുവെന്നാണു പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരി 22ന് ആണ് നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചത്. 7316ാം നമ്പർ തടവുകാരനാണ് നിസാം. ജയിലിലെത്തി ദിവസങ്ങൾക്കകം നിസാമിനെ പത്താം ബ്ലോക്കിലെ സി11ാം നമ്പർ മുറിയിലേക്ക് മാറ്റി.

കണ്ണൂർ ജയിലിൽ 12 ജീവപര്യന്തം തടവുകാരുണ്ട്. ഇവരെല്ലാം ജയിലിൽ നിശ്ചയിക്കപ്പെട്ട ജോലികൾ ചെയ്യുമ്പോഴാണ് ഒരു വിഭാഗം ജീവനക്കാരുടെ എതിർപ്പ് അവഗണിച്ച് നിസാമിനെ പത്താം ബ്ലോക്കിലേക്ക് ജയിൽ സൂപ്രണ്ട് മാറ്റിയത്. സഹായിയെ അനുവദിച്ചതും ചട്ടം ലംഘിച്ചാണ്. നിസാമിന് പുറമെ നിന്ന് ഭക്ഷണം എത്തിച്ച് നൽകുന്നതായും ആരോപണമുണ്ട്. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നിസാമിന് സൗകര്യങ്ങൾ അനുവദിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.