ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് സഹസ്രകോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ തിരികെ ഇന്ത്യയിലെത്തിക്കാനും ജയിലിൽ അടയ്ക്കാനും പഴുതടച്ച നീക്കവുമായി കേന്ദ്രസർക്കാർ.

ബ്രിട്ടീഷ് കോടതിയിൽ മല്യ ഉയർത്തുന്ന വാദങ്ങളെയെല്ലാം ഖണ്ഡിക്കാനായി ഇന്ത്യക്ക് വേണ്ടി കേസ് വാദിക്കുന്ന ക്രൗൺ പ്രൊസിക്യൂഷൻ സർവീസിന് ആവശ്യമായ വിവരങ്ങളെല്ലാം കേന്ദ്രസർക്കാർ ലഭ്യമാക്കി. ഇന്ത്യയിലെ 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയശേഷം തിരിച്ചടയ്ക്കാതെ 2016 മാർച്ചിൽ ലണ്ടനിലേക്കു കടക്കുകയായിരുന്നു മല്യ.

ഇന്ത്യയിൽ തിരിച്ചെത്തിയാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന വാദമുൾപ്പെടെ ഉയർത്തിയാണ് മല്യ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായി നീങ്ങാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. രാജ്യചരിത്രത്തിലെ വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്ന് നടത്തിയ കുറ്റവാളിയെന്ന നിലയിൽ മല്യയെ ഇന്ത്യയുടെ കസ്റ്റഡിയിൽ കിട്ടുന്നത് കേന്ദ്രസർക്കാരിന് വലിയ സ്വീകാര്യത കിട്ടുന്നതിനും ഇടയാക്കും.

നോട്ടുനിരോധന വിഷയത്തിലുൾപ്പെടെ സാമ്പത്തിക നയങ്ങളിൽ വലിയ ആക്ഷേപങ്ങളാണ് മോദി സർക്കാരിന് എതിരെ ഉയരുന്നത്. കിട്ടാക്കടം തിരിച്ചുപിടിക്കാൻ കഴിയാതെ ബാങ്കുകൾ കുത്തുപാളയെടുക്കും എന്ന പ്രചരണവും വ്യാപകമാണ്. ഈ സാഹചര്യത്തിൽ മല്യയെ പോലെ ബാങ്കുകളെ പറ്റിച്ചുകടന്ന ഒരു കുറ്റവാളിയെ ഇന്ത്യൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ അത് സർക്കാരിന് ഗുണം ചെയ്യും. ആസ്തികൾ പൂർണമായും പിടിച്ചെടുക്കാനും വിചാരണ ചെയ്യാനും കഴിയുന്നതോടെ കള്ളപ്പണക്കാരെയും സാമ്പത്തികതട്ടിപ്പുകാരേയും സർക്കാർ സംരക്ഷിക്കില്ലെന്ന സന്ദേശം നൽകാനും കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.

ഇതോടെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്കായി മുംബൈയിലെ ആർതർ റോഡ് ജയിൽ നല്ല സുരക്ഷയോടെ തന്നെ കാത്തിരിക്കുകയാണെന്ന സന്ദേശമാണ് ഇന്ത്യ നൽകുക. തന്നെ തിരികെ ഇന്ത്യയിലേക്കയച്ചാൽ അതു ജീവനു ഭീഷണിയാകുമെന്ന് മല്യ യുകെ കോടതിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇക്കാര്യം കേന്ദ്രം കേസ് കൈകാര്യം ചെയ്യുന്ന വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കുക.

ഇന്ത്യയ്ക്കു വേണ്ടി കേസ് വാദിക്കുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) വഴിയായിരിക്കും ഇക്കാര്യം കോടതിയെ അറിയിക്കുകയെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സിസംബർ നാലിനാണു കേസ് പരിഗണിക്കുന്നത്.

അറുപത്തിയൊന്നുകാരനായ മല്യ 2016 മാർച്ചിലാണ് യുകെയിലേക്കു കടന്നത്. വിട്ടുകൊടുക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തെത്തുടർന്ന് 2017 ഏപ്രിൽ 18ന് ആയിരുന്നു ആദ്യ അറസ്റ്റ്. മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടയച്ചു. പണം തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥനയനുസരിച്ചായിരുന്നു അന്ന് നടപടി.

ലണ്ടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായ ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. പിന്നീട് ഒക്ടോബറിൽ വീണ്ടും അറസ്റ്റുണ്ടായി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിലെ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. പിന്നാലെ ജാമ്യവും തേടി.

കള്ളപ്പണക്കേസിൽ വിജയ് മല്യയ്‌ക്കെതിരെ ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനു കത്തും നൽകി. ഇതിന്മേൽ നടപടി പുരോഗമിക്കവെയാണ് അതിന് കൂടുതൽ ബലമേകും വിധം പുതിയ നീക്കവും കോടതിയിൽ നടത്തുന്നത്.

ഇന്ത്യക്ക് കൈമാറുകയാണെങ്കിൽ തന്റെ ജീവൻ അപകടത്തിലാകും എന്നായിരുന്നു മല്യ കോടതിയെ ബോധിപ്പിച്ചിരുന്നത്. ഇന്ത്യൻ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയും മല്യ ചൂണ്ടിക്കാട്ടി. എന്നാൽ മല്യയെ തിരികെ ലഭിക്കുകയാണെങ്കിൽ ആർതർ റോഡ് ജയിലിലേക്കു മാറ്റി വിചാരണ ഉറപ്പാക്കുമെന്നു കോടതിക്കു മുൻപാകെ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കും. വിചാരണത്തടവുകാരനെന്ന നിലയിൽ എല്ലാ സുരക്ഷയും മല്യയ്ക്ക് ഉറപ്പാക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്തും.

രാജ്യത്തെ തടവുകാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല സർക്കാരിനുണ്ട്. മറ്റേതൊരു രാജ്യത്തുമുള്ളതു പോലെ സൗകര്യങ്ങളുള്ളതാണ് ഇന്ത്യയിലെയും ജയിലുകൾ. തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുമുണ്ട്. ഇന്ത്യയ്ക്കു വിട്ടു കൊടുക്കാതിരിക്കാൻ മല്യ സമർപ്പിച്ച വാദങ്ങളെല്ലാം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആർതർ റോഡ് ജയിലിൽ രാജ്യാന്തര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന സൗകര്യങ്ങളാണുള്ളത്. മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും ലഭ്യമാണെന്നും കേന്ദ്രം കോടതിയെ അറിയിക്കും.

മല്യയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച ചർച്ച നടന്നിരുന്നു. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സിബിഐ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണു പങ്കെടുത്തത്. യുകെ കോടതിയിൽ സമർപ്പിക്കാനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് എല്ലാവരിൽനിന്നും അഭിപ്രായവും തേടി. ആർതർ റോഡ് ജയിലിലെ സുരക്ഷ സംബന്ധിച്ച പരിശോധനയും കേന്ദ്രം അടുത്തിടെ പൂർത്തിയാക്കി. ഈ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കുന്നതോടെ മല്യയെ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.