- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനഹാനി, കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള കുടുംബകലഹം, അറസ്റ്റിലാകുമെന്ന ഭീതി...; യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ ദുരൂഹത ഏറെ; വയോധികയെ തലക്കടിച്ചു വീഴത്തി മാല കവർന്നതിൽ സംശയമുന ജയ്‌സമ്മയുടെ നേരെ തന്നെ
തൊടുപുഴ:വയോധികയെ തലയ്ക്കടിച്ചു വീഴ്‌ത്തി മാല കവർന്ന സംഭവത്തിൽ സംശയനിഴലിലായ വീട്ടമ്മ പിഞ്ചുമകനെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തിൽ പൊലീസ് നീക്കം വഴിമുട്ടി. പൊലിസിനെ ഭയന്നാണ് വീട്ടമ്മ കുഞ്ഞിനെ കൊലപ്പെടുത്തി മരിക്കാൻ ശ്രമിച്ചതെന്നു ആരോപണമുയരുമ്പോൾ, കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള വഴക്കാണ് ദുരന്തത്തിലേക്ക് നയി
തൊടുപുഴ:വയോധികയെ തലയ്ക്കടിച്ചു വീഴ്‌ത്തി മാല കവർന്ന സംഭവത്തിൽ സംശയനിഴലിലായ വീട്ടമ്മ പിഞ്ചുമകനെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തിൽ പൊലീസ് നീക്കം വഴിമുട്ടി.
പൊലിസിനെ ഭയന്നാണ് വീട്ടമ്മ കുഞ്ഞിനെ കൊലപ്പെടുത്തി മരിക്കാൻ ശ്രമിച്ചതെന്നു ആരോപണമുയരുമ്പോൾ, കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള വഴക്കാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും വിലയിരുത്തലുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കാനാകാതെയും വയോധികയെ ആക്രമിച്ച പ്രതിയെ കണ്ടെത്താനാകാതെയും പൊലിസ് കുഴങ്ങുകയാണ്.
കട്ടപ്പന സെയിൽസ് ടാക്‌സ് ഓഫീസിലെ ഡ്രൈവറായ ഇലപ്പള്ളി പാത്തിക്കപ്പാറ വിൻസെന്റിന്റെ ഇളയ മകൻ ആഷിനെ(ഒന്നര വയസ്) കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭാര്യ ജയ്‌സമ്മ(സുനിത-28)യാണ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ജയ്‌സമ്മ ഗുരുതര നിലയിൽ തൊടുപുഴയിലെ സ്വകാര്യാശുപത്രിയിൽ കഴിയുകയാണ്. ഇവരുടെ അയൽവാസി മുരിക്കനാനിക്കൽ അന്നമ്മ(96)യെ കഴിഞ്ഞ 13ന് പകൽ 11.30-ഓടെ തലക്കടിച്ച് വീഴ്‌ത്തി ഒന്നര പവൻ തൂക്കമുള്ള സ്വർണമാല കവർന്ന സംഭവവുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണത്തിനിടെയാണ് ജയ്‌സമ്മയുടെ കടുംകൈ. അന്നമ്മയെ ആക്രമിച്ച സംഭവത്തിൽ പൊലിസ് ചോദ്യം ചെയ്ത ജയ്‌സമ്മ ബുധനാഴ്ച വീണ്ടും പൊലിസ് സ്റ്റേഷനിൽ ഹാജരാകുമെന്നു നിർദേശിച്ചിരിക്കെയാണ് കുഞ്ഞിനെ കൊലപ്പെടുത്തി ചൊവ്വാഴ്ച പുലർച്ചെ ജയ്‌സമ്മ ജീവനൊടുക്കാൻ ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കാഞ്ഞാർ പൊലിസിനു മുമ്പിൽ ആകെ വ്യക്തതയുള്ളത് വിൻസെന്റും ജയ്‌സമ്മയും തമ്മിലുള്ള കുടുംബവഴക്കാണ്. ഇവരുടെ രണ്ടാമത്തെ മകനാണ് ആഷിൻ. മൂത്ത മകൻ അക്ഷയ് രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ആഷിന്റെ പിതൃത്വത്തെ ചൊല്ലി വിൻസെന്റും ഭാര്യയും നിരന്തരം കലഹിച്ചിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കലഹത്തെ തുടർന്ന് ദമ്പതികൾ രണ്ടു മുറികളിലാണ് ഏറെക്കാലമായി കിടന്നിരുന്നത്. വിൻസെന്റ് പാലക്കാട് ജോലി ചെയ്തിരുന്ന സമയത്തു ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ വിൻസെന്റിന്റെ സുഹൃത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും ആഷിൻ തന്റെ മകനല്ലെന്നും വിൻസെന്റ് സംശയിച്ചിരുന്നു. ഇക്കാര്യം പറഞ്ഞാണ് ഇരുവരും നിരന്തരം വഴക്കിട്ടിരുന്നത്.
അന്നമ്മയെ ആക്രമിച്ച് മാല കവർന്ന സംഭവത്തിൽ പൊലിസ് ജയ്‌സമ്മയെ സംശയിക്കാൻ പല കാരണങ്ങളുണ്ട്. അന്നമ്മയും ജയ്‌സമ്മയും നല്ല അടുപ്പം പുലർത്തിയവരായിരുന്നു. അക്രമമുണ്ടായതായി പറയുന്ന സമയത്ത് ജയ്‌സമ്മ അന്നമ്മയുടെ വീട്ടിൽനിന്നും ഇറങ്ങിവരുന്നതായി കണ്ടെന്നു വിൻസെന്റിന്റെ പിതാവ് ജോസ് പൊലിസിനു മൊഴി നൽകിയിരുന്നു. ഭർത്താവും ഭർതൃപിതാവും ചേർന്നു തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നു ജയ്‌സമ്മ കത്തെഴുതി വച്ചിരുന്നു. എന്നാൽ പൊലിസ് ചോദ്യം ചെയ്യലിൽ, താൻ അന്നമ്മയുടെ വീട്ടിൽ പോയിരുന്നെന്നും കോഴിയുടെ കരച്ചിൽ കേട്ടതുകൊണ്ടാണ് പോയതെന്നും ജയ്‌സമ്മ പറയുന്നു. പിന്നീട് അന്നമ്മ ചോര വാർന്നു ബോധരഹിതയായ നിലയിൽ കിടക്കുന്നതായി കണ്ടതും ജയ്‌സമ്മയാണ്. പ്രദേശത്ത് സംശയകരമായ രീതിയിൽ മറ്റാരെയും കണ്ടതായി റിപ്പോർട്ടില്ല. അന്നമ്മയുടെ മകൻ പീറ്ററും ജയ്‌സമ്മയെ സംശയമുണ്ടെന്നു പൊലിസിനോട് പറഞ്ഞിട്ടുണ്ട്.
ഇക്കാര്്യങ്ങളിൽ വ്യക്തത വരാൻ ഭാര്യയിൽനിന്നു കൂടുതൽ വിവരങ്ങൾ അറിയണമെന്നു വിൻസെന്റിനോട് പൊലിസ് നിർദേശിച്ചിരുന്നു. വിവരം ചോദിച്ച വിൻസെന്റും ജയ്‌സമ്മയുമായി ശനിയാഴ്ച രാത്രി വഴക്കുണ്ടായി. വെളുപ്പിനെ വലിയ ഒച്ചകേട്ട് എത്തിയ ജോസാണ് ജയ്‌സമ്മ മകനെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. അന്നമ്മയെ ആക്രമിച്ച സംഭവത്തിൽ സംശയിക്കപ്പെടുന്ന ജയ്‌സമ്മയുടെ പ്രവൃത്തി പൊലിസിനെ വെട്ടിലാക്കിയിട്ടുണ്ട്. പൊലിസ് പീഡനത്തെ തുടർന്നാണ് കടുംകൈ ചെയ്തതെന്ന പ്രചാരണമുണ്ടാകുമെന്ന ഭയം പൊലിസിനുണ്ട്.
കവർച്ചാ ശ്രമത്തിനിരയായ അന്നമ്മ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ജയ്‌സമ്മ പൊലിസ് കാവലിലാണ് ആശുപത്രിയിൽ കഴിയുന്നത്. അന്നമ്മയെ ആക്രമിച്ച സംഭവവും ജയ്‌സമ്്മയുടെ ആത്മഹത്യാ ശ്രമവും തമ്മിൽ ബന്ധമുണ്ടോ എന്ന് പൊലിസ് പരിശോധിക്കുകയാണെങ്കിലും വ്യക്തമായ നിഗമനത്തിലെത്താൻ കഴിയുന്നില്ല. ആഷിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണോ, കവർച്ചയിൽ പങ്കുണ്ടെങ്കിൽ പിടിക്കപ്പെടുമെന്ന ഭയമാണോ, പങ്കില്ലെങ്കിലും പൊലിസ് ചോദ്യം ചെയ്യലിൽ മാനഹാനിയുണ്ടാകുന്നതിലുള്ള ആകുലതയിലാണോ മകനെ കൊലപ്പെടുത്താൻ ജയ്‌സമ്മയെ പ്രേരിപ്പിച്ചതെന്നു കണ്ടെത്താൻ ഇനിയും കാത്തിരിക്കണം.