ന്യൂഡൽഹി: ഭിന്ന ശേഷിയുള്ളവരുടെ പ്രശ്‌നങ്ങൾ കേന്ദ്ര ബജറ്റിലൂടെ പരിഹാമുണ്ടാക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ശ്രമിച്ചിരിക്കുന്നു. ഈ സാമൂഹിക പ്രശ്‌നത്തിന് ആശ്വാസമാകാൻ ചില പ്രഖ്യാപനങ്ങൾ കേന്ദ്ര മന്ത്രി നടത്തുമ്പോൾ അതിന് നിമിത്തമായത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും. പ്രതിപക്ഷത്തെ രാഹുലിന്റെ നിർദ്ദേശങ്ങളാണ് ഇത്തരം പ്രഖ്യാപനത്തിന് കാരണമെന്ന് ജെയ്റ്റ്‌ലിയും പറയുന്നു. എന്നാൽ എല്ലാ ക്രെഡിറ്റും ബംഗളുരുവിലെ ചന്ദന ചന്ദ്രശേഖറിന് നൽകുകയാണ് രാഹുൽ.

യുവാക്കളെ അടുത്തറിയാനുള്ള രാഹുലിന്റെ യാത്രയിലാണ് ഈ വിഷയം ശ്രദ്ധയിൽപ്പെട്ടത്. ബംഗളുരുവിലെ മൗണ്ട് കാർമൽ കോളേജിലെ വിദ്യാർത്ഥിനായാണ് ചന്ദന ചന്ദ്രശേഖർ. കോളേജിലെ സംവാദത്തിനെത്തിയ രാഹുലിന് ഈ കുട്ടി നേരിട്ട് കണ്ടു. അന്ധയെന്ന നിലയിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വിശദീകരിച്ചു. ഇറക്കുമതി ചുങ്കം ഉയർന്നിരിക്കുന്നതിലെ പ്രശ്‌നങ്ങൾ കൃത്യമായി വിവരിച്ചു. ഈ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ കോളേജിൽ നിന്ന് മടങ്ങിയ ശേഷം ഇ-മെയിലും അയച്ചു.

പ്രശ്‌നത്തിന്റെ ഗൗരവും രാഹുലും ഉൾക്കൊണ്ടു. വാണിജ്യമന്ത്രി നിർമലാ സീതാരാനോട് എല്ലാം വിശദീകരിക്കുകയും കുട്ടിയുടെ ആവശ്യം മുന്നോട്ട് വയ്ക്കുകയും ചെയ്തു. കസ്റ്റംസ് ഡ്യൂട്ടിയിലെ പ്രശ്‌നങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. രാഹുൽ ഉയർത്തിയ ഈ വിഷയത്തിന്റെ പ്രസക്തി ധനമന്ത്രിക്കും ബോധ്യപ്പെടുത്തി. അങ്ങനെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ്. ഇനി ബ്രെയിൽ ലിപി കടലാസുകൾ, ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങൾ എന്നിവയ്ക്ക് വിലകുറയും.

ഭിന്ന ശേഷിയുള്ളവർക്ക് (അന്ധർ, ബധിരർ, മൂകർ, പരാലിസിസ് ബാധിച്ചവർ) തൊഴിൽ പരിശീലനവും യൂണിറ്റുകൾ ആരംഭിക്കാനുള്ള സഹായവും നൽകും. ഇതും രാഹുലിന്റെ ഇടപെടലിന്റെ ഫലമാണ്.