ആലപ്പുഴ : ഏറെ കോളിളക്കം സൃഷ്ടിച്ച ജലജ വധക്കേസിൽ സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേതായി ക്യാമ്പ് ഓഫീസിൽനിന്നും ഇറങ്ങിയ കത്തിലാണ് ഇക്കാര്യമുള്ളത്. കത്തിൽ അന്വേഷണം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും കാണിച്ചിട്ടുണ്ട്.

സിബിഐയുടെ ചുമതലയുള്ള കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് വിജ്ഞാപനം ഉടൻ കൈമാറുമെന്നും ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 2015 സെപ്റ്റംബർ 12നാണ് ആലപ്പുഴ ജില്ലയിലെ ചേപ്പാട് നങ്ങ്യാർകുളങ്ങര പാലമൂട് ജംഗ്ഷനു തെക്ക് ഭാരതിയിൽ സുരന്റെ ഭാര്യ ജലജ സുരൻ (47) കൊലചെയ്യപ്പെട്ടത്. സംഭവദിവസം രാത്രി 11 മണിയോടെ തലയ്ക്ക് മാരകമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. തലയ്ക്കു പിന്നിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിലുള്ള മുറിവും ഇരുമ്പുകമ്പികൊണ്ട് അടിയേറ്റ ക്ഷതവും ഉള്ളതായിട്ടാണ് പൊലീസിന്റെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നത്.

ചെന്നൈയിൽ മക്കൾക്കൊപ്പം കഴിഞ്ഞിരുന്ന ജലജ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് കുടുംബസുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയത്. കൊലചെയ്യപ്പെട്ട ദിവസം ഉച്ചയ്ക്കുശേഷം ഭർത്താവും മക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടാതിരുന്നതിനാൽ വിവരം തിരക്കാൻ നാട്ടിലുള്ള മകന്റെ സുഹൃത്തിനെ അയയ്ക്കുകയായിരുന്നു. സുഹൃത്ത് പല പ്രാവശ്യം ഇവരുടെ വീടിന്റെ വാതിലിൽ വന്നുനോക്കിയെങ്കിലും വാതിലുകൾ അടച്ചിട്ടിരുന്നതിനാൽ തിരികെ പോയി. രാത്രി വൈകിയും ഫോണിൽ ലഭിക്കാഞ്ഞതിനാൽ ബന്ധുവീടുകളിൽ തിരക്കുകയും അവിടെയില്ലെന്നറിഞ്ഞ് മകന്റെ സുഹൃത്ത് രാത്രി വൈകി വീണ്ടും എത്തി വാതിൽ തള്ളിനോക്കിയപ്പോൾ വാതിൽ ചാരിയ നിലയിലായിരുന്നു.

സുഖമില്ലാതെ കിടക്കുകയാണോയെന്നറിയാൻ വീടിനകത്തു കയറി നോക്കിയപ്പോൾ തലയിൽ നിന്നും രക്തം വാർന്ന നിലയിൽ മൃതദേഹം കണ്ടു. തുടർന്ന് അയൽ വീട്ടുകാരെയും കരീലക്കുളങ്ങര പൊലീസിലും വിവരമറിയിച്ചു. സംഭവത്തിനു പിന്നിൽ മോഷണശ്രമമാകാമെന്നാണു സൂചന. പീഡനത്തിനിരയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മരണത്തിനു തുമ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കൊലപാതകത്തിനിടയിൽ ജലജ ധരിച്ചിരുന്ന ആഭരണങ്ങളും ബാങ്കിൽ നിന്നും പിൻവലിച്ച പണവും, മൊബൈൽ ഫോണും മോഷണം പോയിരുന്നു.

ചെങ്ങന്നൂർ എ.എസ്‌പി ഡോ.അരുൾ വി.കൃഷ്ണയ്ക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണം ഇഴഞ്ഞപ്പോൾ പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തരമന്ത്രിയുടെ മൂക്കിനുതാഴെ നടന്ന കൊലപാതകത്തിനു തുമ്പുണ്ടാക്കാൻ കഴിയാതെ പോയത് പൊലീസ് സേനയ്ക്കുതന്നെ അപമാനമായി. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾക്ക് വേഗം വന്നുവെന്നതാണ് യാഥാർത്ഥ്യം.

സ്വന്തം മണ്ഡലത്തിൽ നടന്ന കൊലപാതകത്തിന്റെ ചുരുൾ അഴിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പുഫലം തിരിഞ്ഞുകുത്തുമോയെന്ന ഭയമാണ് ആഭ്യന്തരമന്ത്രിയുടെ ഇപ്പോഴത്തെ ചടുലനീക്കങ്ങൾക്ക് കാരണമെന്നാണ് സംസാരം.