മലപ്പുറം: ഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കോടികൾ ചെലവിട്ട് ജലനിധി പദ്ധതികൾ നടപ്പിലാക്കാറുണ്ട്. എന്നാൽ മിക്കയിടങ്ങളിലും പദ്ധതി പാതി വഴിയിൽ നിലക്കുകയോ ഇഴഞ്ഞു നീങ്ങുകയോ ആണ് പതിവ്. കുടിവെള്ള പദ്ധതികൾക്കായുള്ള കോടികൾ എവിടെ പോകുന്നുവെന്നതിന്റെ ഉത്തരം കൂടിയായിരുന്നു ഇന്നലെ മലപ്പുറത്തുണ്ടായ അറസ്റ്റ്.

ജലനിധി മലപ്പുറം മേഖലാ ഓഫീസിൽനിന്ന് കോടികൾ തട്ടിയകേസിൽ രണ്ടാംപ്രതിയാണ് അറസ്റ്റിലായത്. മുഖ്യപ്രതി കാസർകോട് നീലേശ്വരം സ്വദേശി പ്രവീൺ കുമാറിന്റെ ഭാര്യ കെ.പി ദീപ (35)യെയാണ് മലപ്പുറം സിഐ പ്രേംജിത്ത് അറസ്റ്റ് ചെയ്തത്.

പ്രവീൺകുമാറിനായി പോലസ് അന്വേഷണം തുടരുകയാണ്. ദീപ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യൂ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോഡ് നീലേശ്വരത്തെ കുടുംബവീട്ടിൽ നിന്ന് മലപ്പുറത്തെത്തിച്ചായിരുന്നു അറസ്റ്റ്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ ദീപയെ റിമാൻഡ് ചെയ്തു കഴിഞ്ഞ ആറ് വർഷത്തിലധികമായി പ്രവീൺ കുമാർ ജലനിധി റീജണൽ ഓഫീസിലെ കരാർ ജീവനക്കാരനാണ്.

ജലനിധി മലപ്പുറം മേഖലാകേന്ദ്രം ഡയറക്ടറുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്നാണ് ഭാര്യയുടെ അറസ്റ്റ്. ഭാര്യ ദീപയ്ക്കും തട്ടിപ്പിൽ പങ്കുള്ളതായി സിഐ പറഞ്ഞു.

സാധാരണക്കാരായ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട ഫണ്ടാണ് കൃത്രിമ കണക്കുകൾ കാട്ടി പ്രവീൺ തട്ടിയെടുത്തത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രത്യേക കുടിവെള്ള പദ്ധതിക്കു പുറമെ, രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി, ജലനിധി പദ്ധതി തുടങ്ങിയ പദ്ധതികൾ കുടിവെള്ളക്ഷാമം പരിഹരിക്കാനായി നടപ്പിലാക്കാറുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിവിധ ഫണ്ടുകളും ഈ പദ്ധതിയിലേക്ക് നൽകി വരുന്നുണ്ട്. എന്നാൽ ഫണ്ട് യഥാസ്ഥാനത്ത് എത്തുന്നില്ലെന്നതാണ് പദ്ധതി പാതിവഴിയിൽ നിലക്കുന്നതിന്റെ പ്രധാന കാരണം. കൃത്രിമ രേഖ ചമച്ച് ഇത്തരത്തിൽ കോടികൾ തട്ടിയെടുക്കുന്നതോടെ സാധാരണ ജനത്തെയും സർക്കാറിനെയുമാണ് ഒരു പോലെ വഞ്ചിക്കുന്നത്.

കാസർകോഡ് നീലേശ്വരം സ്വദേശിയായ പ്രവീൺ കുമാർ കഴിഞ്ഞ പത്ത് വർഷത്തോളമായി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരികയാണ്. അങ്ങാടിപ്പുറം ഏറന്തോട് സ്വദേശിനിയായ ദീപയെ വിവാഹം കഴിച്ച് ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്ന പ്രവീൺകുമാറിനു ജലനിധി ഓഫീസിൽ കരാർ ജീവനക്കാരനായി കയറാൻ പ്രയാസമുണ്ടായിരുന്നില്ല. വർഷാവർഷം പ്രത്യേക അഭിമുഖം നടത്തി നിയമനം നടത്തണമെന്നിരിക്കെ കഴിഞ്ഞ ആറ് വർഷത്തിലധികമായി പ്രവീൺ കുമാർ തന്നെ ഈ തസ്തികയിൽ തുടരുകയാണ്. ആഡംബര വാഹനവും വീടും ഫ്‌ളാറ്റുമെല്ലാം സ്വന്തമായുണ്ടായിരുന്ന പ്രവീൺ കുമാറിന് പെരിന്തൽമണ്ണയിൽ ടെക്‌സ്റ്റൈൽസും വിവിധയിടങ്ങളിലായി ഭൂമികളുമുണ്ട്.

ജലനിധി റീജണൽ കേന്ദ്രത്തിലെ ബിൽ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കിയിരുന്നത് പ്രവീൺകുമാറായിരുന്നു. യഥാർഥ സ്റ്റേറ്റ്‌മെന്റിൽ മേഖലാ ഡയറക്ടറുടെ ഒപ്പുവാങ്ങിയശേഷം ആദ്യപേജ് മാറ്റുകയായിരുന്നു പതിവ്. പെരിന്തൽമണ്ണയിൽ പ്രവർത്തിച്ചിരുന്ന പ്രവീണിന്റെ ടെക്‌സ്റ്റൈൽസിന്റെയും മറ്റൊരു സ്ഥാപനത്തിന്റെയും അക്കൗണ്ടിലേക്കായിരുന്നു പണം എത്തിയിരുന്നത്. ബാങ്ക് രേഖകളിലും ജലനിധി വൗച്ചറുകളിലും പൊരുത്തക്കേടുകൾ ശ്ര്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു റീജണൽ ഡയറക്ടർ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്താകുകയായിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി എത്തേണ്ടിയിരുന്ന തുകയാണ് പ്രവീൺ കുമാറും ഭാര്യയും ചേർന്ന് വെട്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ തെളിവുകളിൽ ചിലത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ രേഖകളും തെളിവുകളും പരിശോധിച്ചു വരികയാണെന്ന് സി.ഐ പ്രേജിത്ത് മറുനാടൻ മലയാളിയോടു പറഞ്ഞു.

തട്ടിയെടുത്ത പണം ഉപയോഗിച്ച് എറണാകുളത്ത് ഫ്‌ളാറ്റുകൾ, അങ്ങാടിപ്പുറത്ത് വീട്, ആഡംബര കാർ തുടങ്ങിയവര വാങ്ങിയതായി പൊലീസ് കണ്ടെത്തി. നിരവധി ഭൂമിയും മറ്റു വസ്തുക്കളും ബന്ധുക്കളുടെ പേരിലും വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. വർഷാവർഷമുള്ള പരിശോധനകളിലും ഓഡിറ്റിംങ്ങിലും തട്ടിപ്പ് കണ്ടെത്താതിരുന്നത് ദുരൂഹതയുണർത്തുന്നു. ഭരണ തലങ്ങളിലെ സ്വാധീനം വച്ചായിരുന്നു ജോലിയിൽ തുടർന്നത്. പ്രവീൺകുമാറിന്റെ തട്ടിപ്പിനായി കൂട്ട് നിന്നതിലാണ് ഭാര്യയെ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസ് അന്വേഷണം പുരോഗമിക്കുന്ന മുറക്ക് കൂടുതൽ പ്രതികളുണ്ടാകുമെന്നാണ് സൂചന. പൊലീസ് വലവിരിച്ചതു മുതൽ പ്രവീൺ ഒളിവിൽ കഴിയുകയാണ്. പ്രവീണിന് കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുന്നതിന് ഒത്താശ ചെയ്യുന്നത് പ്രമുഖ രാഷ്ട്രീയ പാർട്ടിയാണെന്നും സൂചനയുണ്ട്. പ്രവീണിന്റെ നിയമനവും തട്ടിപ്പിന് പിന്നിലെ മറ്റു ബന്ധങ്ങളും അന്വേഷിച്ചു വരികയാണെന്ന് സി.ഐ പറഞ്ഞു.