കണ്ണൂർ: പ്രണയദിനവും പ്രണയദിനാഘോഷവുമൊക്കെ ഈ കുടുംബത്തിന് സന്തോഷ നാളുകളാണ്. യഥാർത്ഥ മതേതരത്വം പുലർത്തുന്ന കുടുംബം. എസ് എഫ് ഐയുടെ ഒരു കാലത്തെ തീപൊരി നേതാവായിരുന്നു സുകന്യ. ഭർത്താവ് മുൻ എംഎൽഎയും തളിപ്പറമ്പിലെ എല്ലാം എല്ലാമായ ജെയിംസ് മാത്യുവും. സംഘടനാ കാലത്തെ പ്രണയവും വിവാഹവും. രാഷ്ട്രീയപ്രവർത്തനത്തിനിടെ ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു. പണവും ജാതിയും മതവുമൊന്നും പ്രണയത്തിന് തടസ്സമായില്ല -ഇതാണ് ആ വിവാഹത്തെ കുറിച്ച് ജെയിംസ് മാത്യു പറയുക. ഇന്നും സന്തോഷത്തിലാണ് സുകന്യയും ജെയിംസ് മാത്യുവും.

മതേതരത്വം വാക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല ഈ കുടുംബത്തിന്. സുകന്യയുടെ കൈതമുക്കിലെ വീട്ടിൽ എല്ലാം വിപ്ലവമായിരുന്നു. അച്ഛൻ ടി. നാരായണൻ ജന്മം കൊണ്ട് നമ്പൂതിരിയാണ്. അമ്മ ടി. രാധാമണി നായരും. നാരായണന്റെ അച്ഛൻ രാമൻ നമ്പൂതിരിയും 'വിവാഹ വിപ്ലവം' നടത്തി. അന്ന് നമ്പൂതിരി സമുദായത്തിൽ മൂത്ത സഹോദരന് മാത്രമേ സ്വന്തം സമുദായത്തിൽ വിവാഹം ചെയ്യാൻ അനുമതിയുണ്ടായിരുന്നുള്ളു. ആ ആചാരത്തിനെതിരേ, കുടുംബത്തിലെ ഇളയ സഹോദരനായ ഇദ്ദേഹം സ്വന്തം സമുദായത്തിലെ ലീലാ അന്തർജനത്തെ വേളി കഴിച്ചു. അതെല്ലാം ചരിത്രമായി.

ഈ വഴിയിൽ ജാതിയും മതവും തീർത്ത വേലിക്കെട്ടുകൾ തകർത്ത് സുകന്യയും ജെയിംസ് മാത്യുവും ഒുരമിച്ചു. എൻ. സുകന്യയുടെ സഹോദരിയും മാതൃഭൂമിയിലെ മുതിർന്ന മാധ്യമപ്രവർത്തകയുമായ എൻ. സുസ്മിത വിവാഹം ചെയ്തത് എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎം. തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ യു.പി. ജോസഫിനെയാണ്. സിപിഎമ്മിന്റെ തൃശൂരിലെ പ്രധാനമുഖം. അങ്ങനെ ഈ കുടുംബത്തിലെ രണ്ട് മരുമക്കളും വിപ്ലവ വഴിയിൽ നീങ്ങിയ യഥാർത്ഥ കമ്യൂണിസ്റ്റുകളായി.

ജെയിംസ് മാത്യു-സുകന്യ ദമ്പതിമാരുടെ മകൾ ഡോ. സാന്ത്വനയുടെ ഭർത്താവ് ഡോ. മിഥുൻലാൽ തീയ സമുദായക്കാരനാണ്. ഇരുവരും കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ ജോലി ചെയ്യുന്നു. മംഗളൂരുവിൽ ഡെന്റൽ ചികിത്സയിൽ ഉപരിപഠനം നടത്തുന്ന മകൻ ഡോ. സന്ദീപിന്റെ ഭാര്യ ഡോ. നിഷാ ജോസഫ് ഓർത്തഡോക്‌സ് വിഭാഗക്കാരിയാണ്. അങ്ങനെ സുകന്യയുടേയും ജെയിംസ് മാത്യുവിന്റേയും വീട്ടിലും വിവാഹ വിപ്ലവം തുടരുകയാണ്.

വിവാഹം ജെയിംസ് ജോസഫിന്റെ വീട്ടിൽ തുടക്കത്തിൽ പൊട്ടിത്തെറിയായിരുന്നു. എന്നാൽ സുകന്യയുടെ വീട്ടിൽ ആരും എതിർത്തില്ല. ജെയിംസ് അന്യമതസ്ഥയായ പെണ്ണിനെയാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചതെന്നറിഞ്ഞപ്പോൾ മണിക്കടവിലെ 'നീരാക്കൽ' വീട്ടിൽ പ്രശ്‌നം തുടങ്ങി. കമ്യൂണിസ്റ്റായി നടക്കുന്ന മകനെക്കുറിച്ച് വിശ്വാസികളായ എൻ.ജെ. മാത്യുവുവിനും ചിന്നമ്മയ്ക്കും ആദ്യമേ ചില പേടിയുണ്ടായിരുന്നു. ആ പേടി ശരിയായെന്ന് അവർ കരുതിയപ്പോൾ രക്ഷകയെത്തി.

വിവരമറിഞ്ഞ് ആലക്കോട് മീൻപറ്റിയിൽനിന്ന് ചിന്നമ്മയുടെ അമ്മ എഴുപതുവയസ്സുള്ള ബ്രിജിറ്റ് മണിക്കടവിലെ വീട്ടിലെത്തി. വാദങ്ങളും എതിർവാദങ്ങളും കേട്ടശേഷം അവർ വിധിച്ചു. 'കുട്ടികളുടെ ഇഷ്ടത്തിനെതിരേ ആരും നിൽക്കേണ്ട. അവർ വിദ്യാഭ്യാസമുള്ളവരാണ്. പരസ്പരം മനസ്സിലാക്കിയവരും. പിന്നെ എന്തിനാ എതിർപ്പ്. പെണ്ണിനെയും ചെക്കനെയും നിങ്ങൾക്ക് സ്വീകരിക്കാൻ പറ്റില്ലെങ്കിൽ ഞാൻ എന്റെ വീട്ടിലേക്ക് കൂട്ടും...'-ഈ വാക്കുകൾ ജെയിംസിനേയും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകരുമായ തിരുവനന്തപുരം കൈതമുക്ക് ജ്യോതിസിൽ ടി. നാരായണന്റെയും ടി. രാധാമാണിയുടെയും മകൾ എൻ. സുകന്യയും ഒരുമിപ്പിച്ചു.

1991 ഓഗസ്റ്റ് 25-ന് കണ്ണൂർ ടൗൺഹാളിൽ വിവാഹം. കാർമികത്വം വഹിച്ചത് പിണറായി വിജയനും ചടയൻ ഗോവിന്ദനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ള സഖാക്കൾ. അന്ന് ജെയിംസ് മാത്യു എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സിപിഎം. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയുടെ ചുമതലയേറ്റിരുന്നു. സുകന്യ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനവുമൊഴിഞ്ഞിരുന്നു.

എസ്.എഫ്.ഐ. സംഘടനാപ്രവർത്തനങ്ങൾക്കിടയിലാണ് ഇവർ കാണുന്നതും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും. അത് ഇപ്പോഴും അങ്ങനെ തന്നെ മുമ്പോട്ട് പോകുന്നു.