തിരുവനന്തപുരം: ജനം ടി.വിയിൽ ജീവനക്കാരുടെ രാഷ്ട്രീയ നിലപാടുകൾക്ക് കടുത്ത നിയന്ത്രണം. ബിജെപിയെയോ ആർ.എസ്.എസിനേയോ എതിർത്തുകൊണ്ടുള്ള ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് മാനേജ്‌മെന്റ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. അടുത്തിടെ ജീവനക്കാരിൽ ചിലർ സിപിഎമ്മിനെ അനുകൂലിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. ഇതാണ് മാനേജ്‌മെന്റിനെ പ്രകോപിപ്പിക്കാൻ കാരണമായത്. ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ രണ്ട് ജീവനക്കാരെ വാർത്താ അവതരണത്തിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് വന്നതിനെത്തുടർന്ന് ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ലാൽകൃഷ്ണ ജീവനക്കാരുടെ യോഗം വിളിച്ചു ചേർക്കുകയായിരുന്നു.

'നിങ്ങൾക്ക് രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകാം. അത് ജനം ടി.വിയിൽ വേണ്ട. അങ്ങനെ ജനം ടി.വിയിൽ നിന്ന് ജോലി രാജിവച്ച് പുറത്തുപോയി രാഷ്ട്രീയപ്രവർത്തനം നടത്തണം' എന്നാണ് ലാൽകൃഷ്ണ ജീവനക്കാരുടെ യോഗത്തിൽ പറഞ്ഞത്. പല ജീവനക്കാരും അമർഷത്തോടെയാണ് ഈ തീരുമാനത്തോട് പ്രതികരിച്ചത്. ദേശീയത മാത്രമാണ് ചാനലിന്റെ പ്രധാന മുഖമുദ്രയെന്നായിരുന്നു നേരത്തെ ജനം ടി.വിയിൽ ജീവനക്കാർക്ക് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഇപ്പോൾ ചാനലിനെ ബിജെപി, ആർഎസ്എസ് പാളയത്തിൽകൊണ്ടുചെന്ന് കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

ചാനലിന്റെ സി.എഫ്.ഒ ആയ യു.എസ്. കൃഷ്ണകുമാർ ചാനൽ നിഷ്പക്ഷ നിലപാടെടുക്കണമെന്ന അഭിപ്രായത്തിലാണ്. എന്നാൽ നിലവിലെ എം.ഡി വിശ്വരൂപൻ ബിജെപി, ആർഎസ്എസ് പക്ഷത്തോട് ചേർന്ന് നിൽക്കുന്നയാളാണ്. അതുകൊണ്ടുതന്നെ ചാനൽ പരിപാടികളിൽ മുഴുവൻ ആർഎസ്എസ് ബിജെപി ബന്ധം നിഴലിക്കുന്നുണ്ട്. എന്നാൽ ഡയറക്ടർമായി ചിലർ ഈ നീക്കത്തിൽ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. തൃശൂരിൽ കുറച്ചുമുമ്പ് നടന്ന നിക്ഷേപക സംഗമത്തിലും അവർ ഈ അതൃപ്തി പുറത്തുപ്രകടിപ്പിച്ചു.

എന്നാൽ, വിശ്വരൂപനോട് അടുപ്പമുള്ള നിക്ഷേപകർ ബിജെപി, ആർഎസ്എസ് ബന്ധത്തിനാണ് ഊന്നൽ നൽകിയത്. ബിജെപി ആർഎസ്എസ് ബന്ധമുള്ള പരിപാടികളും വാർത്തകളും ചാനലിൽ ധാരാളം വരുന്നതിനെതിരെ മാർക്കറ്റിങ് വിഭാഗവും അതൃപ്തി അറിയിച്ചിട്ടുണ്ട്. ആർഎസ്എസ് അനുകൂലമാണെന്ന് കരുതി അതിപ്രസരം കാരണം പരസ്യങ്ങൾ പിടിക്കാൻ കഴിയുന്നില്ലെന്നാണ് അവരുടെ പരാതി. രാഷ്ട്രീയക്കാരിൽ പലരും ചാനലിനോട് താൽപര്യം കാണിക്കുന്നില്ല. സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അംഗീകാരം ഇതുവരെ കിട്ടാത്തതും ബിജെപി ബന്ധം കാരണമാണെന്നുള്ള വാദവും മാർക്കറ്റിങ് വിഭാഗം ഉന്നയിക്കുന്നുണ്ട്.

ചാനലിന്റെ സി.ഒ.ഒ ആയിരുന്ന രാജേഷ് പിള്ളയെ മാറ്റാനുള്ള നീക്കങ്ങളും അണിയറയിൽ തകൃതിയായി നടക്കുന്നുണ്ട്. രാജേഷ് പിള്ള ഇപ്പോൾ ഓഫീസിൽ വരുന്നില്ല. പകരം ചുമതല നൽകിയിരിക്കുന്നത് ഡൽഹി റിപ്പോർട്ടർ ആയ രാധാകൃഷ്ണനാണ്. ജയ്ഹിന്ദ് ടിവിയിൽ നിന്നെ്ത്തിയ രാധാകൃഷ്ണനെ കോ ഓർഡിനേറ്റിങ് എഡിറ്ററായി നിയമിച്ചിട്ടുണ്ട്. എന്നാൽ രാധാകൃഷ്ണന്റെ നിയമനത്തിനെതിരെയും ചാനലിൽ അസംതൃപ്തി പുകയുകയാണ്. രാധാകൃഷ്ണന്റെ നിയമനത്തിൽ ചാനലിലെ എഡിറ്റോറിയൽ വിഭാഗം ജീവനക്കാർ ഒന്നടങ്കം അതൃപ്തി രേഖപ്പെടുത്തി. കോൺഗ്രസ് ചാനലായ ജയ്ഹിന്ദിൽ നിന്നാണ് ആർഎസ്എസ് ചാനലിൽ രാധാകൃഷ്ണനെത്തിയത്. ഇതാണ് ജീവനക്കാരെ ചൊടിപ്പിക്കുന്നത്.

കഴിഞ്ഞദിവസം നടന്ന മീറ്റിംഗിലാണ് രാധാകൃഷ്ണനെതിരെ ജീവനക്കാർ പരസ്യമായി തിരിഞ്ഞത്. തുടർന്ന് രാധാകൃഷ്ണൻ രാജിഭീഷണി മുഴക്കി. ഒടുവിൽ മാനേജ്‌മെന്റ് ഇടപെട്ട് രാധാകൃഷ്ണനെ അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ രാധാകൃഷ്ണന്റെ ഏകാധിപത്യ ഇടപെടലുകളിൽ ചാനലിലെ ന്യൂസ് വിഭാഗത്തിൽ ഇപ്പോഴും അതൃപ്തി നിലനിൽക്കുകയാണ്.