കൊച്ചി: പണ്ടത്തെ 'ഇടിയൻ' പൊലീസിന്റെ കാലമൊക്കെ കഴിഞ്ഞു. കണ്ണുരുട്ടി പേടിപ്പിച്ചിരുന്ന കാക്കി ഊരിവച്ച് പൊതുജനങ്ങളുടെ നല്ല സേവകരായി മാറുന്ന ജനകീയ പൊലീസിന്റെ കാലം.

മനസിൽ പല പ്രശ്‌നങ്ങളുമായി പൊലീസ് സ്റ്റേഷനിൽ എത്തുവരാണ് ഏറിയ പങ്കും, നിയമപരമായി പരിഹരിക്കേണ്ട വിഷയങ്ങളിൽ സഹായം തേടിയെത്തുന്നവർ. പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയാകും പലരും എത്തുന്നത്. എന്നാൽ അവർ വരുന്നത് കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിലേക്കാണെങ്കിൽ ആശ്വാസത്തോട് കൂടിയാകും മടങ്ങിപ്പോകുക. കാരണം പേരുപോലെ തന്നെ ജനങ്ങളെ മിത്രങ്ങളായി കാണുന്ന പൊലീസുകാർ.

പൊലീസ് സ്റ്റേഷനിൽ വരുന്നവർ ആരുമായിക്കൊള്ളട്ടെ., വാദിയോ, പ്രതിയോ, സാക്ഷിയോ, പൊതുപ്രവർത്തകരോ,, ആരായാലും വേണ്ടില്ല, ആദ്യം ഒരു ചായയോ, കാപ്പിയോ, ലെമൺ ടീയോ കുടിക്കൂ എന്നാകും ആദ്യമായി കേൾക്കുന്ന വാക്കുകൾ. വിശക്കുന്നുണ്ടെങ്കിൽ ഫ്രിഡ്ജിൽ ബ്രഡ്, ബിസ്‌ക്കറ്റ് മുതലായവയുണ്ടെന്നും.

കൊച്ചി സിറ്റിയിൽ ഏറ്റവും അധികം ആളുകൾ വന്നു പോകുന്ന സ്റ്റേഷനുകളിൽ ഒന്നാണ് കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷൻ. അതുകൊണ്ടു തന്നെ സ്റ്റേഷനിൽ വരുന്ന ഒരാളും വിശപ്പോടെ ഇവിടെ ഇരിക്കരുതെന്ന 'നിർബന്ധ ബുദ്ധിയാണ്' ഈ ആതിഥ്യമര്യാദയ്ക്ക് പിന്നിൽ.

സ്റ്റേഷൻ ISHO പി ആർ സന്തോഷും, പൊലീസുകാരും ഇ്ക്കാര്യത്തിൽ ഉറച്ചൊരു തീരുമാനം എടുത്തതോടെ കാര്യങ്ങളൊക്കെ ഇങ്ങനെയായി.

ലോക്ക് ഡൗൺ സമയത്തും കണ്ടു ജനമനസിൽ ഇടം പിടിക്കുന്ന കാക്കിക്കുള്ളിലെ നല്ല മനസ്. 'വിശക്കുന്നവർക്ക് 24 മണിക്കൂറും ഭക്ഷണം ലഭിക്കും ' എന്നൊരു ബോർഡ് ഈ പൊലീസ് സ്റ്റേഷന് മുന്നിൽ തൂക്കിയിരുന്നു. ദിവസം ആയിരത്തോളം പേർക്കാണ് കളമശ്ശേരി ജനമൈത്രി പൊലീസ് വിശപ്പകറ്റിയിരുന്നത്.. 'മനുഷ്യർക്കും മാത്രമല്ല മൃഗങ്ങൾക്കും.. വയറ് നിറയെ ഭക്ഷണം കൊടുത്തിരുന്നു.. മുഴുവൻ തെരുവുനായകൾക്കും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും മാതൃകയാക്കാവുന്നതാണ് പൊതുജനങ്ങളോടുള്ള ഇവരുടെ സമീപനം. എല്ലാ പൊലീസ് സ്‌റ്റേഷനുകളും ഇങ്ങനെ ആയിരുന്നെങ്കിൽ...