ഫോർട്ട്‌കൊച്ചി: വൈപ്പിൻ-ഫോർട്ട്‌കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ജങ്കാർ എൻജിൻ ഭാഗം കേടായതിനെ തുടർന്ന് കടലിലേക്ക് ഒഴുകി നടന്ന സംഭവത്തിൽ ഉദ്യോഗസ്ഥ തല അന്വേഷണം തുടങ്ങി. ഫോർട്ട്‌കൊച്ചി തഹസിൽദാർ ബീഗം താഹിറയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം സംബന്ധിച്ച് ജില്ലാ കലക്ടർക്കു ഉടൻ റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു. ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഫോർട്ട് കൊച്ചി ബോട്ട് ദുരന്തം സംഭവിച്ച് ആഴ്ചകൾക്കുള്ളിലെ സംഭവം പരിസരവാസികളേയും ആശങ്കയിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗൗരവമുള്ള അന്വേഷണം നടത്താനാണ് തീരുമാനം.

ഫോർട്ട്‌കൊച്ചി-വൈപ്പിൻ ഫെറിയിൽ പുതുതായി ഇറക്കിയ ബോട്ട് സർവിസ് മുടങ്ങുന്നത് പതിവായതോടെ ജങ്കാറിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് സുരക്ഷാ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോർട്ട്‌കൊച്ചിവൈപ്പിൻ ഫെറി സർവിസ് മുടങ്ങുന്നുണ്ട്. ഫെറി സർവിസ് പ്രതീക്ഷിച്ച് ജെട്ടിയിലത്തെുന്നവർ കൂട്ടത്തോടെ ജങ്കാറിൽ കയറുന്നത് സുരക്ഷാഭീഷണിയുയർത്തുകയാണെന്ന് ജീവനക്കാർ പറയുന്നു. ജങ്കാറിൽ കൂടുതൽ യാത്രക്കാർ കയറുന്നത് തടയാൻ ശ്രമിക്കുമ്പോൾ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘർഷവും പതിവായി. ഈ സാഹചര്യമാണോ അപകടമുണ്ടാക്കിയതെന്നും പരിശോധിക്കും.

ഏതായാലും ഇന്നലെ മൽസ്യബന്ധന ബോട്ടുകളുടെ ഇടപെടലാണു വൻ ദുരന്തം ഒഴിവാക്കിയത്. ഓഗസ്റ്റ് 26ന് ബോട്ട് തകർന്നു 11 പേർ മരിച്ചതിന്റെ മുറിവു മായുംമുൻപുണ്ടായ അപകടം ജനങ്ങളെ ആശങ്കയിലാഴ്‌ത്തി. അന്ന് അപകടം നടന്ന അതേ സ്ഥലത്താണു ഇന്നലെ ജങ്കാർ ഒഴുകിനീങ്ങിയത്. രാവിലെ 6.20ന് ഫോർട്ട്‌കൊച്ചിയിൽ നിന്നു വൈപ്പിനിലേക്കു പുറപ്പെട്ട കൊച്ചിൻ സർവീസിന്റെ ജങ്കാറാണ് അപകടത്തിൽ പെട്ടത്. ജങ്കാറിലെ എൻജിനും പ്രൊപ്പല്ലറും കൂട്ടിയോജിപ്പിക്കുന്ന കപ്ലിങ് പൊട്ടിയതാണ് അപകടകാരണമെന്നു പറയുന്നു. എൻജിൻ നിലച്ചില്ലെങ്കിലും പ്രൊപ്പല്ലർ പ്രവർത്തിക്കാതിരുന്നതു മൂലം നിയന്ത്രണം നഷ്ടപ്പെട്ട് ജങ്കാർ കടലിലേക്കു ഒഴുകുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.

ഒട്ടേറെ വാഹനങ്ങളും അൻപതോളം യാത്രക്കാരുമുണ്ടായിരുന്ന ജങ്കാർ കപ്പൽ ചാലിലൂടെ 10 കിലോമീറ്ററോളം ഒഴുകിയതോടെ യാത്രക്കാർ കൂട്ടക്കരച്ചിലായി. ഈ സമയം കായലിൽ നിന്നു കടലിലേക്ക് ശക്തമായ ഒഴുക്കുണ്ടായിരുന്നു. വൈപ്പിൻ എൽഎൻജി ടെർമിനലിന്റെ ഭാഗത്തേക്കാണ് ജങ്കാർ ഒഴുകിയത്. കൊച്ചിൻ പോർട്ടിന്റെ ടഗ്ഗും മത്സ്യബന്ധന ബോട്ടുകളും ചേർന്ന് രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണു ജങ്കാറിനെ തീരത്തെത്തിച്ചത്. അതുവരെ ആശങ്കയിലായിരുന്നു യാത്രക്കാർ. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ അലിസ്റ്റർ, മത്സ്യബന്ധന ബോട്ടുകളായ പ്രൈൻ, സാനു, മാൽകിയർ, ജീസസ് എന്നിവ ജങ്കാർ ഒഴുകി നീങ്ങുന്നതു കണ്ടതോടെ അതിനു പിറകെ നീങ്ങി.

അഴിമുഖത്തിന്റെ തെക്കുവശം ചേർന്നു നീങ്ങിയ ജങ്കാർ പെട്ടെന്ന് ശക്തമായ ഒഴുക്കിൽ പെട്ട് കപ്പൽചാലിന്റെ മധ്യത്തിലേക്കു നീങ്ങുകയായിരുന്നു. ജങ്കാറിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഫോണിൽ അറിയിച്ചതനുസരിച്ച് കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ സഹായത്തിനെത്തി. അലിസ്റ്റിൽ നിന്ന് കയർ ഇട്ടു കൊടുത്തെങ്കിലും വലിച്ചപ്പോൾ പൊട്ടി. പീന്നീട് പോർട്ട് ട്രസ്റ്റിന്റെ ഓഷൻ പയനിയർ ടഗ് എത്തി. കോസ്റ്റൽ പൊലീസിന്റെ അത്യാധുനിക ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മത്സ്യബന്ധന ബോട്ടുകളിലെ സ്രാങ്കുമാരും ജങ്കാറിനെ കരയ്ക്ക് എത്തിക്കാൻ ഏറെ സഹായിച്ചു. ഈ സമയോചിത ഇടപെടലുകളാണ് ദുരന്തം ഒഴിവാക്കിയത്.

യാത്രക്കാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജങ്കാർ കരാറുകാർ പൊലീസിന് കത്ത് നൽകിയെങ്കിലും യാത്രക്കാരെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറിയതായും ആക്ഷേപമുണ്ട്. ജങ്കാറിൽ ഒരേ സമയം 80 പേരെ മാത്രമേ കയറ്റാൻ പറ്റുകയുള്ളൂ. ഇപ്പോൾ 200 പേർ കയറുന്ന സ്ഥിതിയാണ്. ഇത് സുരക്ഷിതത്വത്തിന് തടസ്സമാകുമെന്നാണ് കരുതുന്നത്. ഇതിനിടെ ഫോർട്ട്‌കൊച്ചി ബോട്ട് ദുരന്തത്തിന് ശേഷം ഇൻബോർഡ് വള്ളങ്ങൾ ഫോർട്ട്‌കൊച്ചി ടൂറിസ്റ്റ് ജെട്ടിയിൽ അടുക്കുന്നത് വിലക്കിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ഇവിടെ വള്ളങ്ങൾ അടുപ്പിച്ചുതുടങ്ങി. ഇത് കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് പറയപ്പെടുന്നത്.