തിരുവനന്തപുരം;മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് വരച്ച കാർട്ടൂണിന് പലഭാഗത്ത് നിന്നും വലിയ വിമർശനമാണ് ജന്മഭൂമി പത്രത്തിന് നേരിടേണ്ടി വന്നത്. പാർട്ടി ഭേദമന്യ നിരവധി പേർ വലിയ തോതിൽ കാർട്ടൂണിനെ വിമർശിച്ച് മുന്നോട്ട് വന്നിരുന്നു. ഒടുവിൽ കാർട്ടൂൺ വിഷയത്തിൽ ഖേദം പ്രകടപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജന്മഭൂമി. പത്രത്തിന് വേണ്ടി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറാണ് ഫെയ്‌സ് ബുക്ക് വഴി വിശദീകരണം നൽകിയിരിക്കുന്നത്. എന്നാൽ ഈ വിശദീകരണത്തിൽ തെറ്റെല്ലാം കാർട്ടൂണിസ്റ്റ് ഗിരീഷ് മൂഴിപ്പാടത്തിന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് സോഷ്യാൽ മീഡിയയുടെ ആരോപണം. കാരണം അത്തരത്തിലാണ് പത്രത്തിന്റെ വിശദീകരണം.

'ജന്മഭൂമിയിൽ ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്ന ശ്രീ ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയിൽ വരയ്ക്കില്ല. കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാർട്ടൂണും അതിലെ എഴുത്തും അപകീർത്തികരമായെന്ന വിമർശനങ്ങളെത്തുടർന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്.

എന്നാൽ, ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും ആ കർട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്‌തെങ്കിൽ ജന്മഭൂമിക്ക് ആ കാർട്ടൂണിനൊപ്പം നിൽക്കാനാവില്ല. ഈ സാഹചര്യത്തിൽ ശ്രീ ഗിരീഷിനോട് തുടർന്ന് ആ പംക്തിയിൽ വരയ്‌ക്കേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതിൽ ഖേദം രേഖപ്പെടുത്തുന്നു. എന്നതാണ് കുറിപ്പിന്റെ ഉള്ളടക്കം. ഇതിൽ കാർട്ടൂണിസ്റ്റിനെ മനഃപൂർവ്വം ബലിയാടാക്കുന്നു എന്നു തന്നെയാണ് കാണാൻ കഴിയുന്നത്.

ഡിസംബർ 22നാണ് സംഘപരിവാറിന്റെ കേരളത്തിലെ മുഖപത്രമായ ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്നത്. കാർട്ടൂണിസ്റ്റുകൾ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നൽകിയിരുന്നു. ഇത് പ്രമേയമാക്കിയാണ് ജന്മഭൂമി കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

'വനിതാ മതിൽ: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്' എന്ന തലക്കെട്ടിൽ വന്ന കാർട്ടൂണിൽ 'തെങ്ങു കയറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം' എന്ന അടിക്കുറിപ്പാണ് ജന്മഭൂമി നൽകിയത്. ദൃക്‌സാക്ഷി എന്ന കാർട്ടൂൺ കോളത്തിലാണ് വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

തെങ്ങു കയറ്റക്കാരും ചെത്തുകാരും അടങ്ങിയ ഈഴവ വിഭാഗത്തെ അവഹേളിക്കുന്നതും ഈ വിഭാഗത്തിലുള്ളവർ അധികാരത്തിലെത്തരുതെന്ന സന്ദേശവുമാണ് കാർട്ടൂൺ പങ്കുവെയ്ക്കുന്നതെന്നാണ് പ്രധാനമായി ഉയർന്ന വിമർശനം. കാർട്ടൂൺ അക്കാദമി അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് എത്തി. അതേ സമയം കാർട്ടൂണിനെ അപലപിച്ച വിടി ബലറാം എംഎൽഎ ഇതിൽ സിപിഎം പ്രതിഷേധം ശക്തമല്ലെന്ന് ഫേസ്‌ബുക്കിലൂടെ കുറ്റപ്പെടുത്തി. അതിന് പിന്നാലെയാണ് യൂത്ത്‌കോൺഗ്രസ് നേതാവ് അനൂപ് വിആർ ജന്മഭൂമിക്കെതിരെ കേസ് നൽകിയത്.

പോസ്റ്റിന്റെ പൂർണരൂപം

ദൃക്‌സാക്ഷി: ഗിരീഷ് മൂഴിപ്പാടം ഇനി വരയ്ക്കില്ല

ജന്മഭൂമിയിൽ ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്ന ശ്രീ ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയിൽ വരയ്ക്കില്ല.
കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാർട്ടൂണും അതിലെ എഴുത്തും അപകീർത്തികരമായെന്ന വിമർശനങ്ങളെത്തുടർന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. എന്നാൽ, ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും ആ കർട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്‌തെങ്കിൽ ജന്മഭൂമിക്ക് ആ കാർട്ടൂണിനൊപ്പം നിൽക്കാനാവില്ല.
ഈ സാഹചര്യത്തിൽ ശ്രീ ഗിരീഷിനോട് തുടർന്ന് ആ പംക്തിയിൽ വരയ്‌ക്കേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു.
ഇങ്ങനെയൊരു വിവാദത്തിനിടയായതിൽ ഖേദം രേഖപ്പെടുത്തുന്നു.

ആ കാർട്ടൂൺ മുൻനിർത്തി ഉയർന്ന വിവാദങ്ങൾ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.