- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആങ്കറിങ് കങ്കാണിപ്പണിയല്ല; മാദ്ധ്യമപ്രവർത്തനം നാലാംകിട ഗുണ്ടാ പ്രവർത്തനമാണെന്ന് എവിടെന്നാണ് ഇയാൾ പഠിച്ചത്? മാദ്ധ്യമ പ്രവർത്തനത്തിന്റെ മുഖശോഭ കെടുത്തുന്ന കീടങ്ങളെ നിയന്ത്രിക്കണം: വേണു ബാലകൃഷ്ണനെതിരെ ജന്മഭൂമി മുഖപ്രസംഗം
തിരുവനന്തപുരം: വാർത്താ അവതരണത്തിൽ നിഷ്പക്ഷത കൈവിട്ട് അതിഥികളെ അവഹേളിക്കുന്ന വിധത്തിൽ പെരുമാറുന്നത് മാതൃഭൂമി ചാനലിലെ വാർത്താ അവതാരകൻ വേണു ബാലകൃഷ്ണന്റെ സ്ഥിരം ശൈലിയാണെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉണ്ടായിരുന്നു. എം സ്വരാജുമായി ലൈവായി കൊമ്പുകോർത്തത്തതും ഡൊമിനിക്ക് പ്രസന്റേഷൻ തെറിവിളിച്ചതുമെല്ലാം വേണുവിന് എതിരായിരുന്നു. സൈബർ ലോകത്ത് അടക്കം വേണു നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വരികയുമുണ്ടായി. ഇതിനിടെ വേണുവിനെ നിശിധമായി വിമർശിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമി രംഗത്തെത്തി. വേണുവിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയൽ. 'ആങ്കറിങ് കങ്കാണിപ്പണിയല്ല' എന്നു തലക്കെട്ടിലാണ് ജന്മഭൂമി മുഖപ്രസംഗം. ജന്മഭൂമി മുഖപ്രസംഗത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ: പത്തറുപത്തഞ്ച് ദിവസത്തിലധികം നാടടച്ച് പടയിളക്കിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ വോട്ടുകൾ പെട്ടിയിൽ വീണു. അതിന്റെ സ്ഥിതിയറിയാൻ ഇനി ഇരുപത്തിനാലു മണിക്കൂറേയുള്ളൂ. അസാധാരണമായ പ്രചാരണ രീതികളും നിലപാടുകളുമാണ് ഇത്തവണയുണ്ടായത് എന്ന് വ്യക്തം
തിരുവനന്തപുരം: വാർത്താ അവതരണത്തിൽ നിഷ്പക്ഷത കൈവിട്ട് അതിഥികളെ അവഹേളിക്കുന്ന വിധത്തിൽ പെരുമാറുന്നത് മാതൃഭൂമി ചാനലിലെ വാർത്താ അവതാരകൻ വേണു ബാലകൃഷ്ണന്റെ സ്ഥിരം ശൈലിയാണെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉണ്ടായിരുന്നു. എം സ്വരാജുമായി ലൈവായി കൊമ്പുകോർത്തത്തതും ഡൊമിനിക്ക് പ്രസന്റേഷൻ തെറിവിളിച്ചതുമെല്ലാം വേണുവിന് എതിരായിരുന്നു. സൈബർ ലോകത്ത് അടക്കം വേണു നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വരികയുമുണ്ടായി. ഇതിനിടെ വേണുവിനെ നിശിധമായി വിമർശിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമി രംഗത്തെത്തി. വേണുവിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയൽ. 'ആങ്കറിങ് കങ്കാണിപ്പണിയല്ല' എന്നു തലക്കെട്ടിലാണ് ജന്മഭൂമി മുഖപ്രസംഗം.
ജന്മഭൂമി മുഖപ്രസംഗത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:
പത്തറുപത്തഞ്ച് ദിവസത്തിലധികം നാടടച്ച് പടയിളക്കിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ വോട്ടുകൾ പെട്ടിയിൽ വീണു. അതിന്റെ സ്ഥിതിയറിയാൻ ഇനി ഇരുപത്തിനാലു മണിക്കൂറേയുള്ളൂ. അസാധാരണമായ പ്രചാരണ രീതികളും നിലപാടുകളുമാണ് ഇത്തവണയുണ്ടായത് എന്ന് വ്യക്തം. തുടക്കത്തിൽനിന്ന് അന്ത്യത്തിലേക്കടുക്കുമ്പോൾ ഇരുമുന്നണികളും കൂടുതലും ആക്രമിച്ചത് എൻഡിഎയെയാണ്. അതിൽതന്നെ ബിജെപിയെ വളഞ്ഞിട്ട് നശിപ്പിക്കുന്ന തരത്തിലായിരുന്നു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാനേ പോവുന്നില്ല എന്നവർ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഒരുപടികൂടി കടന്ന് അത് അനുവദിക്കില്ലെന്നായി. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ് സർവേ വന്നതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു.
എക്സിറ്റ് പോളുകൾ നടത്തിയ എല്ലാ ഏജൻസികളും ബിജെപി ഉൾപ്പെട്ട എൻഡിഎയ്ക്ക് സീറ്റുകൾ കിട്ടുമെന്ന് പറഞ്ഞതോടെ രാഷ്ട്രീയ കക്ഷികളുടെ നേരത്തെയുള്ള ജുഗുപ്സാവഹമായ രാഷ്ട്രീയ സംസ്‌കാരം ചാനൽ തമ്പുരാക്കന്മാർ ഏറ്റെടുത്ത് തിണ്ണമിടുക്ക് കാട്ടിത്തുടങ്ങി. നിഷ്പക്ഷതയ്ക്ക് പേരുകേട്ടതെന്ന് അഭിമാനിക്കുന്ന മാതൃഭൂമി ചാനലിലെ അഹന്തയും ഔദ്ധത്യവും മാത്രം കൈമുതലായ അവതാരകന്റെ കഴിഞ്ഞ ദിവസത്തെ ബിജെപിയോടുള്ള നിലപാടുകൾ ഞെട്ടിക്കുന്നതായിരുന്നു. എക്സിറ്റ് പോളിൽ സീറ്റുനേടുമെന്ന പ്രവചനം അയാളെ തികച്ചും അസ്വസ്ഥപ്പെടുത്തുന്ന രീതിയിലാണ് മൈതാനപ്രസംഗമുണ്ടായത്. രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായം തേടുന്ന അവസരത്തിൽ ''ബിജെപിയെന്ന ആശങ്കയെ നിങ്ങൾ എങ്ങനെ പ്രതിരോധിക്കും, ഈ അപകടത്തിൽനിന്ന് എങ്ങനെയാണ് നിങ്ങൾ കേരളത്തെ രക്ഷിക്കാൻ പോകുന്നത്'' എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.
വാസ്തവത്തിൽ ഏതോ രാഷ്ട്രീയപ്പാർട്ടിയുടെ വേദിയിൽ കയറിയിരുന്ന് പുലമ്പുന്നതുപോലെയാണ് മര്യാദകെട്ട തരത്തിൽ അവതാരകനായ വേണു സംസാരിച്ചത്. എന്നുമുതലാണ് ഇയാൾ കേരളത്തിന്റെ മനസ്സാക്ഷിയെ മൊത്തത്തിൽ വിലയ്ക്കുവാങ്ങിയിരിക്കുന്നത്? ആർക്കുവേണ്ടിയാണിയാൾ കങ്കാണിപ്പണി നടത്തുന്നത്! മാദ്ധ്യമപ്രവർത്തനം എന്നാൽ നാലാംകിട ഗുണ്ടാ പ്രവർത്തനമാണെന്ന് ഏത് ജേർണലിസം കോളജിൽ നിന്നാണ് ഇയാൾ പഠിച്ചിറങ്ങിയത്? രാജ്യം ഭരിക്കുന്ന ഒരു പാർട്ടിയെ ആശങ്കയായും അപകടമായും വിലയിരുത്തുന്ന മ്ലേച്ഛ മാദ്ധ്യമപ്രവർത്തനത്തിന്റെ ദല്ലാൾ മുഖമാണ് പ്രസ്തുത അവതാരകനിലൂടെ കാണാനായത്. അതിനെതുടർന്ന് കനത്ത പ്രതികരണങ്ങൽ തന്നെ ചാനലിലേക്കുണ്ടായെന്നാണറിയാൻ കഴിഞ്ഞത്.
തരാതരംപോലെ നിറംമാറാനുള്ള കഴിവ് മാദ്ധ്യമപ്രവർത്തനത്തിന് അവശ്യം ആവശ്യമാണെന്ന് നിഷ്പക്ഷ വ്യക്തികൾ ധരിച്ചുവശായിപ്പോവുന്ന തരത്തിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണോ ജേർണലിസം? ചാനൽ ചർച്ചകൾക്കിടയിൽ നിഷ്പക്ഷതയോടെ കാര്യങ്ങളുടെ ഗൗരവം ചോർത്തിയെടുത്ത് പ്രേക്ഷകർക്കു നൽകുകയും അഭിപ്രായ സ്വരൂപീകരണം നടത്തുകയും ചെയ്യേണ്ടവർ നേരിട്ട് കളത്തിലിറങ്ങി കളിക്കുക മാത്രമല്ല, നിയമവിധേയമായി കളിക്കുന്നവരെ പുറകിലൂടെ ചവിട്ടിവീഴ്‌ത്തുകയും ചെയ്യുന്നത് ഏത് മ്ലേച്ഛനീതിയുടെ പിൻബലത്തിലാണ്? മറ്റൊരു പാർട്ടിയെക്കുറിച്ചാണ് അങ്ങനെയൊരു ആരോപണം ഉന്നയിച്ചിരുന്നതെങ്കിൽ പിന്നീടൊരക്ഷരം പറയാൻ ആ നാവു പൊങ്ങുമായിരുന്നോ?
അസഹിഷ്ണുതയ്ക്കും അതിന്റെ ഉപോൽപ്പന്നങ്ങൾക്കുമെതിരെ കിട്ടാവുന്ന സകല നാവുകൾകൊണ്ടും സംസാരിക്കുന്നവർ എന്തേ ബിജെപി ജനാധിപത്യ കേന്ദ്രങ്ങളിൽ എത്തുന്നതിൽ ഇത്രമാത്രം അസഹിഷ്ണുക്കളാവുന്നു? ആരുടെ അജണ്ടയാണിവർ നിഷ്പക്ഷതയുടെ ലേബലൊട്ടിച്ച് ചന്തയിൽ കൂട്ടിയിട്ട് വിൽപ്പന നടത്തുന്നത്. ഇത്തരക്കാരുടെ ഔദാര്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള സഹായമോ കൊണ്ടല്ല ബിജെപിയും എൻഡിഎയും ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടുന്നത്. ഇത്തരക്കാരുടെ തറവാട് സ്വത്ത് ഭാഗംവച്ചതിന്റെ പങ്കുകൊണ്ടല്ല കേരളത്തിലെ ബിജെപി പ്രവർത്തകരുടെ അടുക്കളയിൽ അരി വേവുന്നത്. ഇതൊക്കെ മനസ്സിലാക്കാൻ മാത്രമുള്ള സാമാന്യവിവരം ജേർണലിസം ക്ലാസുകളിൽനിന്നു മാത്രമല്ല സാധാരണ സ്‌കൂൾ വിദ്യാഭ്യാസത്തിൽ നിന്നുതന്നെ ലഭിക്കേണ്ടതാണ്. അതിന്റെ സ്ഥാനത്ത് പാർട്ടി ക്ലാസുകളും യജമാന ഭക്തിയുമായാൽ ഇതിനെക്കാൾ അറപ്പുളവാക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടാവാം.
എക്സിറ്റ്പോളിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ ഇത്തരത്തിലുള്ള നിലപാടുകൾ സ്വീകരിച്ചവർ ഇനി യഥാർത്ഥ ഫലം പുറത്തുവരുമ്പോൾ എന്തൊക്കെയാവും പറയുകയെന്ന ആശങ്കയാണുള്ളത്. ഏതെങ്കിലും പാർട്ടിയുടെ കങ്കാണിപ്പണിയായി ആങ്കർ ദൗത്യം ഏറ്റെടുത്തവർ ചർച്ചയ്ക്കോ വാർത്തയ്ക്കോ മുമ്പ് പേരുപറയുന്ന ആദ്യനിമിഷംതന്നെ തന്റെ പാർട്ടി നിലപാടും പറയുന്നതാവും നന്ന്. ഇല്ലെങ്കിൽ പാർട്ടി ഗുണ്ടകളുടെ തനതുസ്വഭാവം അവരിലേക്കും പടർന്നുകയറുമെന്ന് പറയാൻ ഞങ്ങൾ ഈ അവസരം വിനിയോഗിക്കുകയാണ്.
മാദ്ധ്യമ പ്രവർത്തനത്തിന്റെ മുഖശോഭ കെടുത്തുന്ന കീടങ്ങളെ നിയന്ത്രിക്കാനുള്ള ജൈവലായനി അതാത് മാദ്ധ്യമസ്ഥാപനങ്ങൾ ഉണ്ടാക്കി വെക്കുന്നതാവും നല്ലത്. ഇല്ലെങ്കിൽ പ്രബുദ്ധരായ ജനങ്ങൾ ജനാധിപത്യ രീതിയിലൂടെ പ്രതിരോധത്തിനൊരുങ്ങുന്ന കാലം അതിവിദൂരമല്ല.